നേരമായി നേരമായി
യാത്രക്കുള്ള മുഹൂർത്തമായ്
നേരറിഞ്ഞു ചൂരറിഞ്ഞു
വേർപിരിയാൻ ഖേദമില്ല.

പഴുത്തില പോലsർന്നു
പതിക്കുവാൻ നേരമായി
കാത്തിരിക്കുമൊരമ്മ തൻ
ഗർഭപാത്രമണയും പോൽ

കൈയിലൊന്നും കരുതരുത്
കാത്തിരിപ്പതമ്മയല്ലെ?
മുത്തം തന്നിട്ടമ്മ നെഞ്ചിൽ
മുത്തു പോലെ ചേർത്തണയ്ക്കും.

പഞ്ചഭൂതസഞ്ചിതമീ
മഞ്ജു മാംസ കഞ്ചുകത്തെ
പൃഥ്വി തൻ മാതൃഹസ്തത്തി –
ലർപ്പിക്കാനെന്താത്മഹർഷം!

ജീവനുള്ളൊരു ജന്മമോ
സസ്യജാലജീവിതമോ
പുനർജന്മഭിക്ഷയായ് നീ
തരരുതേ തമ്പുരാനെ!

തെല്ലുമില്ല പരിഭവം
കല്ലായി പിറവിയേകൂ
കൊല്ലാതന്നം കഴിപ്പതി-
ന്മേലില്ലൊരു പുണ്യകർമ്മം!

കൊന്നും തിന്നും വളരുവോ –
രെന്നുമന്യനു ദ്രോഹികൾ
കൊന്നു തിന്നുവതെന്നുമീ-
യമ്മ മണ്ണിൻ മനോവ്യഥ.

കൊന്നു തിന്നുന്നതില്പരം
ഹീനമായതെന്തുലകിൽ?
കാണുമെല്ലാപ്രാണനിലും
പരമാത്മാംശം തുടിപ്പൂ.

പരശതകോടി ജീവി
പരിണാമ ശൃംഖലയിൽ
ചെറിയൊരു തരിയാകും
മർത്ത്യനോ പാരിന്നുടയോൻ?

മർത്ത്യനപ്രതിരോധ്യനോ?
മർത്ത്യനമരനാകുമോ?
മർത്ത്യമോഹമതിർത്തിയി-
ല്ലാത്താർത്തിയുമതൃപ്തിയും!

സൂക്ഷ്മാണു സസ്യ ജന്തുവും
സമസ്താചേതനങ്ങളും
സമന്വയിച്ചീടിലല്ലോ
സ്വർഗ്ഗമാവൂവോർക്കുക നീ.

By ivayana