കവിത : എൻജി മോഹനൻ🎟️

ഉർവ്വിയുടെ ധമനിയാം,
വലരികളിലൊഴുകുന്നു
വിഷലിപ്തജലധാരയിന്ന്.
അറിയുന്നുവോ നമ്മൾ
അറിയാതെയറിയാതെ
രോഗാതുരങ്ങളാകുന്നേ.
തോട്ടിലൊരു ഞണ്ടില്ല
മീനില്ല ,തവളകൾ
ചാടിക്കളിക്കുന്നതില്ല.
ചെടികളിൽ പുഴുവില്ല
പൂക്കളിൽ തേനില്ല
പൂത്തുമ്പിയെ കാൺമതില്ല.
സന്ധ്യക്കു മാമരക്കൊമ്പിൽ
ചിലക്കുന്ന ചീവീടിൻ
ശബ്ദമിന്നില്ല.
കുമ്പിൾ മരത്തിൽ
കുടിൽകെട്ടും പൈങ്കിളി
തേങ്ങിക്കരഞ്ഞെങ്ങോപോയി.
ഊഴിയുടെ രോമകൂപങ്ങളിൽ
വിഷജലംചീറ്റിത്തെറിപ്പിച്ചു
നമ്മൾ
വിളവെടുക്കുന്നു ഈ മണ്ണിന്റെ
ജീവനെ
തച്ചുതകർക്കുന്നുവെന്നും.
വിഷ ദ്രാവകങ്ങളിൽ
മുക്കിക്കുളുപ്പിച്ചു
തടനട്ടു വിത്തു തിന്നുന്നു.
ഒരു വേളയോർക്ക നാം,
ഓരോരോ കായ്കനിക്കുള്ളിലും
ക്യാൻസറിൻ ഗന്ധം.
ഭുമി മരിക്കുന്നു ,കൂട്ടത്തിൽ
നമ്മളും
പിന്നാലെ കൂടെ പിറന്നോർ
ഓർക്കുക മർത്ത്യാ നീ
കിട്ടിയൊരായുസ്സ്
എന്തിനായ് പാഴാക്കിടുന്നു.
അമ്മ മുലപ്പാലല്ല,,
ചുരത്തുന്നതെല്ലാം
വിഷത്തുള്ളിയല്ലേ?
കാട്ടിലും നാട്ടിലും
വീട്ടിലും മേട്ടിലും
എങ്ങും വിഷത്തരിയല്ലേ?
ഓരോരോ വീട്ടിലും
കവിൾ വാർപ്പു രോഗത്തിൻ
കാര്യസ്ഥനല്ലോ വിഷങ്ങൾ.
കീടം നശിക്കാൻ വിഷം
വച്ചു കർഷകൻ
കീടത്തിനൊപ്പം നശിപ്പൂ.
നാശം വിതച്ചു നീ
നാശങ്ങൾ കൊയ്യുന്നു
സർവ്വനാശം ഫലംകൃത്യം.
കീടനാശത്തിന്റെ
വ്യാപാരശാലകളിൽ
പച്ച മാംസത്തിന്റെ ഗന്ധം.
അമ്മയ്ക്കു ക്യാൻസർ
മകനു ക്യാൻസർ.
അയലത്തെ ചേച്ചക്ക്
ബ്രെസ്റ്റു ക്യാൻസർ.
പലനാളു കഴിയുമ്പോ-
ളൊരു പ്രദേശം
ക്യാൻസറിൻ പിടിയിലമർക്കും
പെറ്റു വീഴുന്നൊരു
കുഞ്ഞിനും വൃക്കയിൽ
ക്യാൻസറാം ദുർ :രോഗമത്രെ.
കരുതിയിരിക്കുക
പടിവാതിലിൽ നിന്റെ
മരണത്തിൻ മണിയൊച്ച
കേൾക്കാൻ ……
ഓമനപ്പേരിട്ടു നാം വിളിയ്ക്കും
എൻഡോ,സൾഫാനെത്ര
യാളെ കൊന്നു?
ഫൂരിഡാനും ഫോസ്ഫൈഡും
കൊന്നെടുത്തെത്രയോ
ജീവിതം മണ്ണിലലിഞ്ഞു? .

🌕വാൽക്കഷണം
ജൈവകൃഷിക്കിനിമണ്ണുതിർത്ത്
ജൈവവളങ്ങൾ തൻ കൂട്ടെടുത്ത്,
വിത്തുപാകാം നമുക്കെന്നുമെന്നും
പുത്തൻ തലമുറ രക്ഷ നേടാൻ’

By ivayana