ഡാർവിൻ പിറവം*

നീണ്ട രണ്ട് വർഷക്കാലം എന്നോടൊപ്പം കോവിഡുമായ്, മരണത്തെ മുന്നിൽ കണ്ട് പോരാടിയവർ, പരസ്പരം മുഖമറിയാതെ മാസ്ക്കും, കവർറോളും, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കുവൈറ്റിന് വേണ്ടി പോരാടിയവർ, ലോകത്തിന് വേണ്ടി സ്വന്തം ജീവൻ പണയംവച്ചവർ!

ഇവരിൽ പലരും സമൂഹത്തിന് വേണ്ടി ലോകത്തിന് വേണ്ടി പോരാടി രോഗത്തിന് കീഴ്പ്പെട്ട് തളർന്ന് വീണവരാണ്. വീണ്ടും ദൈവം ആയുസ്സ് നീട്ടിനൽകിയപ്പോൾ യാതൊരു തടസ്സങ്ങളും പറയാതെ തൻ്റെ രോഗവും രോഗ ക്ഷീണങ്ങളും, വേദനകളും മാറ്റിവച്ച് വീണ്ടും മരണത്തെ മുന്നിൽ കണ്ട്, എന്നോടൊപ്പം കോവിഡിനെതിരെ പോരാടാൻ മുന്നിൽ നിന്ന പോരാളികൾ!

പലരെയും, അവരുടെ സ്വന്തം മുഖത്തെ അവരുടെ യഥാർത്ഥ വേഷത്തെപ്പോലും കാണുന്നത് ഈ വിരമിക്കൽ ചടങ്ങിലൂടെയാണ്. അവരുടെ കണ്ണുകൾ, പൊക്കം, സ്വരം, വണ്ണം ഇവയൊക്കെ നോക്കിയാണ് തിരിച്ചറിഞ്ഞത് എന്ന് പറഞ്ഞാൽ പലരും അത്ഭുതപ്പെടും.

എന്നാൽ സംശയിക്കണ്ട അത് സത്യമാണ്! ഈ നീണ്ട രണ്ട് വർഷക്കാലം കവർറോളിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങിയവരെപ്പോലെ, പല ഡിപ്പാർറ്റ്മെൻ്റ്കളിൽ നിന്ന് ഭയമില്ലാത്തവരെ ഒരുമിപ്പിച്ച്, കവർ റോളിനുള്ളിൽ തളം കെട്ടിയ വിയർപ്പിൻ്റെ ഒഴുക്കിൽ, കോവിഡെന്ന ഭീകരൻ ചുറ്റിനും കറങ്ങുന്നത് കണ്ടിട്ടും ചങ്കൂറ്റത്തോടെ പോരാടിയപ്പോളും മലയാളികൾ ഉൾപ്പെടെ മനുഷ്യൻ കൈകളിൽ മരിച്ച് വീണപ്പോളും ഒരു പോരാളിയെപ്പോലെ മനസ്സ് പതറാതെ ഹിമാലയ സാനുക്കളിലെ പട്ടാളത്തെക്കാൾ ചങ്കുറപ്പോടെ മുന്നേറിയവരാണിവർ! പട്ടാളക്കാർ അതിർത്ഥിയിൽ കടുത്ത ശൈത്യത്തിൽ ഇന്ത്യയിലെ സഹോദരീ സഹോദന്മാർക്ക് വേണ്ടി പൊരുതുമ്പോൾ, എയർ കണ്ടീഷൻ്റെ ഉളളിലും സുരക്ഷാ മാനദണ്ഡത്തിലും, സ്വയം രക്ഷയിലും കടുത്ത ചൂടിൽ വിയർത്തുരുകി ലോകത്തിനും സ്വന്തം നാട്ടുകാർക്കും വേണ്ടി മരണം മറന്നവരാണിവർ!

ഇന്ന് ഞങ്ങളിൽ പലരും പരസ്പരം പിരിയുകയാണ്. കാരണം മറ്റൊന്നുമല്ല കൊറോണയെ കുവൈറ്റിൽ പിടിച്ച് കെട്ടാൻ ഞങ്ങളാകുന്ന പോരാളികൾക്കായി! ഇന്ന് കേരളം, കൊറോണയിൽ കൂപ്പ് കുത്തുമ്പോൾ ഞങ്ങൾ കോവിഡിൽ അജയ്യരായി അമർത്ഥ്യരായ് പടിയിറങ്ങുകയാണ്. ഞങ്ങൾ പടിയിറങ്ങുമ്പോൾ കോവിഡ് വീണ്ടും ശക്തി പ്രാപിക്കില്ലെ, അമേരിക്ക പടിയിറങ്ങിയപ്പോൾ അഫ്ഗാനിസ്ഥാനിലെന്നപോലെ എന്നത് മറ്റൊരു ചിന്താവിഷയം. എങ്കിലും ഞങ്ങളുടെ പോരാട്ടം മരണത്തെ താണ്ടി വിജയത്തിലെത്തിച്ച ആശ്വാസം ഞങ്ങൾക്ക് കുവൈറ്റിൻ്റെ മണ്ണിലുണ്ട്.

ഇന്ന് കോവിഡിനെ ജയിച്ച ഞങ്ങൾക്ക് രണ്ട് വർഷമായ് മാതാപിതാക്കളെ, ഭാര്യയെ, മക്കളെ അങ്ങനെ പലരെയും കാണാൻ സാധിക്കാതെ മാനസികമായ് ബുദ്ധി മുട്ടിയപ്പോളും മറ്റുള്ളവർ സ്വയം രക്ഷയിൽ നാട് പിടിച്ചപ്പോൾ, ഇവിടെ പൊരുതണ്ട മാനവികത, ഈ രാജ്യം ഞങ്ങൾക്ക് നൽകിയ നന്മകൾക്ക് കടപ്പാടുണ്ടായിരുന്നു, ആരോഗ്യ പ്രവർത്തകർ ഒരു ജീവൻ രക്ഷാപ്രവർത്തകരെന്ന നിയമസംഹിത പരിപാലിക്കണ്ടതായിട്ട് ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ നാടിനും നാട്ടാർക്കും മറുനാട്ടുകാർക്കും വേണ്ടി ആദ്യ തുടക്കം ആയുധമില്ലാതെ കച്ചമുറുക്കി കെട്ടി. പലരും ചൈനയിൽ, ഇറ്റലിയിൽ മരിച്ച് വീഴുന്ന ആരോഗ്യ പ്രവർത്തകരെ കണ്ട്, ജനം റോട്ടിൽ വീഴുന്ന ഒരു വ്യക്തിയെ പോലും തിരിഞ്ഞ് നോക്കാതെ മരണപ്പെടുന്ന കാഴ്ചകൾ കണ്ട്, ഞങ്ങളെയും അവസാനമായ് കാണുവാൻ കോവിഡ് പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് വീട്ടിൽവന്ന് കണ്ട്, തെറ്റുകൾ അറിയാതെ ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണമെന്ന് വരെ പറഞ്ഞിട്ടുണ്ട്.

കാരണം ഞങ്ങൾ കോവിഡിലിറങ്ങി തിരിച്ച് വരില്ലെന്ന് ആ നല്ല സുഹൃത്തുക്കൾ പോലും പ്രതീക്ഷിച്ചു. എന്നാൽ ഇന്ന് ഞങ്ങൾ വിജയശ്രീലാളിതരായ് ഞങ്ങളുടെ ആയുധങ്ങളും കച്ചയും അഴിക്കുകയാണിവിടെ. ഈ രണ്ട് വർഷം പൊരുതിയപ്പോൾ അമേരിക്കൻ, ലണ്ടൻ, ആസ്ത്രലിയൻ സ്വപ്നങ്ങൾ മാറ്റിവച്ച് ഞങ്ങളോടൊപ്പം പ്രവർത്തിച്ച ചിലർ, കോവിഡ് വിജയം കണ്ടതിന് ശേഷം അവരുടെ ആഗ്രഹസാക്ഷാത്കാര മണ്ണിലേക്ക് പറക്കുവാൻ കുവൈറ്റ് സർക്കാരിൽ നിന്ന് വിരമിക്കുകയാണ്. അവർക്ക് അവരുടെ ഭാവിയിലെ നന്മയ്ക്കായ് ഉള്ളിൽ, പിരിയുന്ന വേദയിലും എല്ലാ ഭാവുകങ്ങളും നേരുകയാണ്, എവിടെയാണെങ്കിലും ലോകത്തിന് മാതൃകയായ കുവൈറ്റിലെ അവരുടെ കൊറോണ പ്രവർത്തനങ്ങൾ പോലെ ശക്തമാകട്ടെ മറ്റ് ദേശത്തെ പ്രവർത്തനങ്ങളും…

കേരളം കോവിഡിൽ പൊറുതി മുട്ടുമ്പോൾ, അമ്പേ പരാജയപ്പെടുമ്പോൾ വിജയത്തിൽ പടിയിറങ്ങുന്ന ഞങ്ങൾക്ക് പറയാനുള്ളത്, കുവൈറ്റ് സർക്കാർ, രാജാവ് മുതൽ മന്ത്രിതൊട്ട് താഴോട്ട്, രാജാവിൻ്റെ അന്തിമ തീരുമാനത്തിലൂടെ നടത്തിയ അതിസാഹസിക പ്രതിരോധ പ്രവർത്തനങ്ങളും, ഞങ്ങൾ പോരാളികൾക്ക്, രാജ്യമേതെന്ന് പോലും നോക്കാതെ നൽകിയ അധികാരങ്ങളുമാണ് വിജയത്തിൻ്റെ പിന്നിലെന്നുള്ളതാണ്. കേരളം ഇന്നും മതരാഷ്ട്രീയ വ്യത്യാസമില്ലാതെ അവർക്ക് വാക്സിൻ, ഇവർക്ക് എൻ്റെ വീതം, ഡോക്ടർ പുല്ല് തല്ല്, നഴ്സിനെ തെറി, അടി, എന്നീ കലാപരിപാടികളിലൂടെയും, വിവരമുള്ള ആരോഗ്യ പ്രവർത്തകരെക്കാൾ കോവിഡ് എന്തെന്നറിയാത്തവർ നടത്തുന്ന ഭരണ പരിഷ്ക്കാരങ്ങളിലുമാണ് ആദ്യം പരാജയപ്പെടുന്നത്. കേരളത്തിലെ കോവിഡ് ശാപം മാറാൻ, പല നല്ല വശങ്ങളും ഇവിടുത്തെ പ്രതിരോധത്തിലൂടെ ഞാൻ ദിനംപ്രതി എഴുതിയും, വീഡിയോ ചെയ്തും ഇട്ടിരുന്നു എന്നാൽ അത് കണ്ടവർ കാണേണ്ടവരെങ്കിലും ഗൗനിച്ചില്ല! എല്ലാം രാഷ്ട്രീയമയമായി കോവിഡ് ലോക് ഡൗൺ പോലും. കക്ഷിരാഷ്ട്രീയക്കാർക്ക് ഇതൊന്നും ലോക് ഡൗൺ ഉൾപ്പെടെ ബാധകമല്ല കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബി.ജെ.പി ക്ക്.

സാധാരണക്കാരൻ എല്ലാം സഹിക്കണം, തിരഞ്ഞെടുത്തു വിട്ടവവർ പെനാൽറ്റി കൊടുത്തു കൊള്ളണം! പാർട്ടി മീറ്റിങ്ങ്, സമ്മേളനം കോവിഡ് പ്രശ്നമല്ല അതിൽ കോവിഡ് വരില്ല, വോട്ടുകുത്തിയവൻ അത്യാവശ്യത്തിന് പുറത്തിറങ്ങിയാൽ പെനാൽറ്റിയും തല്ലുമെന്ന അവസ്ഥ, അതാണ് കോവിഡിനെ ഇത്രകണ്ട് കേരളത്തിൽ ശക്തമാക്കിയത്. എന്നാൽ കുവൈറ്റ് നടത്തിയ ലോക് ഡൗണിൽ അധികാരം നൽകിയത് പോലീസിനും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ്. ഹോസ്പിറ്റലിൻ്റെ ഉള്ളിൽ, ഏത് കൊടികെട്ടിയവൻ വന്നാലും ഒരു കോവിഡ് പ്രവർത്തകനായ ഡോക്ടർ, നഴ്സിന് തടയാനുള്ള സർവ്വാധികാരം, തടഞ്ഞിട്ട് നിന്നില്ലെങ്കിൽ ഹോസ്പിറ്റൽ പോലീസിന് ഒരു കോൾ, സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും എടുത്ത് അകത്തിടും. രണ്ട് ആരോഗ്യ പ്രവർത്തകരല്ലാതെ ഫുൾ ലോക് ഡൗണിൽ പുറത്തിറങ്ങാൻ ആർക്കും അധികാരമില്ലായിരുന്നു. ചെക്കിങ്ങിനായ്‌ ഡോക്ടറും, നഴ്സും, എമർജൻസിക്ക് ആംബുലൻസുകൾ സാധാരണക്കാർക്ക് പോലും ആരോഗ്യമന്ത്രി ഉൾപ്പെടെ ഇടപെട്ട് രംഗത്തിറക്കിയിരുന്നു. ഇതൊക്കെയാണോ കേരളത്തിൽ നടക്കുന്നത്?

കോവിഡ് പ്രവർത്തകർക്ക് പുല്ലുവില, ഏത് രാഷ്ട്രീയക്കാരനാണെങ്കിലും അവൻ രാജാവ്, അവൻ്റെ മക്കളുടെ കല്യാണത്തിന് കൂട്ടം കൂടാം, അവരുടെ സമ്മേളനങ്ങളിൽ കൂട്ടം കൂടി നേതാക്കളെ എല്ലാ പാർട്ടിയിലും മാസ്ക് പോലും വയ്ക്കാതെ ചുമന്ന് കൊണ്ട് നടന്നാലും കേസില്ല, അവിടെ കൊറോണയില്ല! സമ്മേളനങ്ങളിൽ കോവിഡ് കടന്ന് ചെല്ലില്ല, കാൽനടക്കാരൻ ഒറ്റക്ക് ഹാർട്ടിൻ്റെ ഗുളിക മേടിക്കാൻ പോയാൽ കൊറോണവരും. ജനങ്ങളെ ഇളക്കിവിട്ട് മാസ്ക് പോലുമില്ലാതെ അനാവശ്യ സമരങ്ങൾ, ലാത്തിച്ചാർജ്, അതിന് പ്രശ്നമില്ല കാരണം സമരത്തെ കൊറോണക്ക് പേടിയെന്ന് രാഷ്ട്രീയക്കാർ ഊറ്റം കൊള്ളുന്നു. ഇങ്ങനെ ഭരണത്തെക്കാൾ രാഷ്ട്രീയ വിവരക്കേടുകളാണ് കൊറോണയിൽ കേരളം കൂപ്പ് കുത്തിയതെന്ന് വ്യക്തമാണ്. ഇനി ഒന്ന് മാത്രം, ഒന്നല്ലെങ്കിൽ വിവരമുള്ള ആരോഗ്യ പ്രവർത്തകർക്ക് തീരുമാനമെടുക്കാനുള്ള അവകാശം വിട്ട് നൽകുക അവരെ വെറും പണിക്കാരും നോക്കുകുത്തികളും ആക്കാതെ.

അല്ലെങ്കിൽ കുവൈറ്റിനെപ്പോലെ ഗൾഫിലെ മറുനാടുകളിൽ കോവിഡിനെതിരെ പോരാടി ജനരക്ഷയും, വിജയവും വരില്ല ഡോക്ടർമാരെ നഴ്സസിനെ ഒരു രണ്ട് മാസം നാട്ടിൽ കോവിഡ് രക്ഷാ പ്രവർത്തനത്തിന് വിട്ട് നൽകാൻ ഗൾഫ് ആരോഗ്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ച്, അവർ അനുവദിച്ചാൽ ആ വരുന്നവരുടെ നേതൃത്വത്തിൽ അവർക്ക് പൂർണ്ണ അധികാരം നൽകി പോലീസ് പോലും അവരുടെ അധികാരത്തിൻ കീഴിൽ പ്രവർത്തിക്കാൻ നിയമം എടുത്ത് രാഷ്ട്രീയ പ്രവർത്തകരെ, പ്രവർത്തനത്തിൽ തലയിട്ടാൽ ജയിലെന്ന നിയമം നടപ്പിലാക്കിയാൽ കേരളവും കേരളത്തിലെ അഭ്യർസ്ഥവിദ്യരും സാധാരണക്കാരും കോവിഡ് മരണത്തിന് അടിയറവ് പറയാതെയിരിക്കും. ഇല്ലെങ്കിൽ ദിനംപ്രതി ഇരുന്നൂറും മുന്നുറുമായ് മരണം കൈക്കൊണ്ട് കേരളം “സാവകാശ മരണത്തിൻ്റെ അടിമകളാകും”
ഏവർക്കും നന്ദി, സ്നേഹം.

By ivayana