ഷാജു. കെ. കടമേരി*

കത്തുന്ന സൂര്യനെ
നെഞ്ചിൽ വരിഞ്ഞ് മുറുക്കി
അനാഥത്വത്തിന്റെ
വിങ്ങലുകൾ
കോറിവരഞ്ഞിട്ട നഗരം.
പൊള്ളുന്ന വരികൾ
തലയിട്ടടിച്ച് പിടഞ്ഞ്
കരള് കുത്തിപ്പിളർന്ന്
അഗ്നിനിലാവ് പുതച്ച്
സങ്കട മേഘവർഷമായ്
വിങ്ങിപൊട്ടി
പാതിരാക്കാറ്റിനൊപ്പം
ചുവട്തെറ്റിക്കുതറുന്നു.
നഗരമര ചുവട്
കീറിയൊരു ഇടിമുഴക്കം
മഴനിലാവ് കൊത്തിവച്ച
നട്ടപ്പാതിര മാറിൽ
വേദനയുടെ
കരിമ്പാറ തോറ്റങ്ങൾ
ചുരത്തുന്നു.
ഹോട്ടലിന്റെ പിന്നാമ്പുറത്തെ
എച്ചിലിലകളിൽ
കയ്യിട്ട് വാരി തിന്ന
കുഞ്ഞ് നോവുകൾ
പാതിമങ്ങിയ സ്വപ്നങ്ങളിൽ
തീമഴ കുതിരുന്നു.
അമ്മയുടെ നെഞ്ചിൽ
തല ചായ്ച്ചുറങ്ങുമ്പോൾ
പാതിപൊള്ളിയ
കിനാവുകളുടെ
ഇഴകളിൽ പറ്റിച്ചേർന്ന്
നിറഞ്ഞ് തുളുമ്പിയ
കണ്ണുകളിൽ
വരച്ചിട്ട ചിത്രങ്ങളിൽ
സങ്കടപെരുമഴ
അലറിക്കരഞ്ഞ്
ഇരുള് കീറിവരയുന്നു.
മകനെ വിൽക്കേണ്ടി വന്ന
അമ്മയുടെ ഗതികെട്ട
ചിന്തകളിലേക്കിഴഞ്ഞിറങ്ങി
കൊടുങ്കാറ്റുമ്മ വയ്ക്കുന്നു
നെഞ്ചിൽ.
കരഞ്ഞ് കലങ്ങിയ
കണ്ണുകളുമായ്
നക്ഷത്രങ്ങൾ പോലും
കണ്ണ് കുത്തിപിടഞ്ഞ്
ആകാശ പടിവാതിലിൽ
കവിത കൊത്തി വയ്ക്കും.
വിശപ്പിന്റെ തീനാമ്പുകൾ
നക്കിതുടച്ച നിമിഷങ്ങൾ
വായിച്ചെടുക്കുവാനാവാത്ത
വിധിവിലാപങ്ങൾ
കോറിവരയുന്നു.
നെഞ്ചടുപ്പിൽ കത്തിയാളുന്ന
അഗ്നിയിൽ വെന്തുനീറുന്നു
നോവുകൾ.
ജീവിതമെന്ന നാടകത്തിൽ
കത്തിയെരിഞ്ഞ്
പിടഞ്ഞ് തീരുന്ന
നൊമ്പര ജന്മചിത്രങ്ങൾ
കാണാതെ പോകുന്നു
ഓർക്കാതെ പോകുന്നു
തീമര ചുവട്ടിൽ
നനഞ്ഞ് കുതിർന്ന വഴികളിൽ
തീക്കാറ്റ് വീണ്ടും
പൂത്തുലയുന്നു……..

By ivayana