ധനിഷ് ആൻ്റണി*
തലേദിവസം രാത്രി ശരിയായി ഉറങ്ങുവാൻ തെരേസയ്ക്കായില്ല. ഇന്നാണ് ആ ദിവസം .മനസ്സിലാകെ ഒരു കലങ്ങിമറിച്ചിൽ പോലെ .എന്നും ദൈവത്തോട് നടത്താറുള്ള ദീർഘസംഭാഷണമായ പ്രാർത്ഥനയ്ക്ക് പോലും തന്നെ ആശ്വസിപ്പിക്കാനാവുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു .ഇന്നാണ് തൻറെ മകളുടെ ഘാതകൻ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുക, അവൾക്കെങ്ങനെ ശാന്തമായിരിക്കാനാകും?
തെരേസയും ഒരു മകളും മാത്രമായിരുന്നു അവരുടെ ലോകത്ത് ഉണ്ടായിരുന്നത്.റോസിമോളുടെ ചെറുപ്പത്തിൽ തന്നെ തന്നിൽ നിന്നും മരണം തട്ടിയെടുത്ത പ്രിയതമനെ പറ്റി ഓർക്കുമ്പോൾ എന്നും അവൾക്ക് വേദനയായിരുന്നു. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ലാത്ത തനിക്ക് ദൈവം ഇത്ര ക്രൂരമായ വിധി തന്നത് എന്തുകൊണ്ടെന്ന് അവൾ പലപ്പോഴും തന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. എല്ലാം ഈശ്വര നിശ്ചയം എന്ന് സമാശ്വസിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അവൾ പരാജയപ്പെടുകയാണുണ്ടാവുക .ഈ വേദനകൾ ഒക്കെ മറക്കുന്നത് റോസി മോളുടെ മുഖത്ത് നോക്കുമ്പോഴാണ്. അവളുടെ ഭാവി ഭദ്രമാകണം എന്നത് മാത്രമായിരുന്നു തെരേസയുടെ ഒരേയൊരു ജീവിതലക്ഷ്യം.
മകളുടെ ജീവിതം സുഖകരമാക്കാനും എന്ന പ്രതീക്ഷ മാത്രമാണ് അവളെ ജീവിക്കാൻ പ്രേരിപ്പിച്ചത്. പ്രതീക്ഷ ഇല്ലെങ്കിൽ ജീവിതം തന്നെ ഇല്ലല്ലോ.
ഭർത്താവ് മരിച്ച സ്ത്രീക്ക് ജീവിതത്തിലെ തുണ ഇല്ലാതാകുന്നതോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരുപാട് തടസ്സങ്ങളും ഉണ്ടാവും. തെരേസയുടെ ജീവിതവും വ്യത്യസ്തമായിരുന്നില്ല. നാളേക്ക് വേണ്ട സാധനങ്ങൾ കരുതിവെക്കുക ഇനിയും നടക്കാനിരിക്കുന്ന ഒരു സ്വപ്നം മാത്രമായി ഒതുങ്ങിയ അവൾക്ക് അറിയാവുന്ന തയ്യൽപ്പണിയിലൂടെയാണ് അവൾ മകളെ വളർത്താൻ വഴി കണ്ടെത്തിയിരുന്നത്. ഭർത്താവ് ഉണ്ടായിരുന്നപ്പോഴത്തെപ്പോലെ വലിയ വീട്ടിൽ താമസിക്കുവാൻ സാധ്യമല്ലാത്തതിനാൽ വീടിൻ്റെ പകുതി വാടകയ്ക്ക് നൽകുവാൻ അവൾ തീരുമാനിച്ചു. തനിച്ച് താമസിക്കുന്നതിലെ അരക്ഷിതാവസ്ഥയ്ക്ക് തെല്ലൊരു പരിഹാരം, ഒപ്പം ഒരു വരുമാനവും .എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്ക് അവളെ വലിച്ചെറിയുമെന്ന് തെരേസ വിചാരിച്ചിരുന്നതേയില്ല.
വീടിനുമുകളിലത്തെ നിലയിൽ താമസിക്കുവാൻ വന്നത് സാമാന്യം തരക്കേടില്ലാത്ത ഒരു കുടുംബമായിരുന്നു. അച്ഛൻ ,അമ്മ, ഒരു മകൻ .മദ്യപനായിരുന്ന കുടുംബസ്ഥൻ വീട്ടുകാര്യങ്ങളിൽ ശ്രദ്ധയില്ലാത്ത യാളായിരുന്നുവെങ്കിലും വാടക കൃത്യമായി തരുമായിരുന്നു .ഒപ്പം അയാളുടെ വീട്ടിലെ ആവശ്യത്തിനുള്ള പണം നൽകുന്നതിലും അയാൾക്ക് വീഴ്ച പറ്റിയില്ല .അവരുടെ മകൻ അലക്സിക്ക് റോസിമോളെക്കാൾ രണ്ടു വയസ് കൂടുതലുണ്ട് .രണ്ടുപേരും കൗമാരപ്രായക്കാർ.
അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച പതിവുപോലെ തയ്ച്ചസാധനങ്ങൾ കൊടുക്കുവാനായി തെരേസ പട്ടണത്തിലേക്ക് പോകുവാൻ നിശ്ചയിച്ചു.
മുകളിലെ വീട്ടിലുള്ളവർ പുറത്തു പോയിരിക്കുകയായിരുന്നു. മകളെ പഠിക്കാനിരുത്തിയ ശേഷം തെരേസ പുറത്തേക്ക് പോയി .പട്ടണത്തിൽ നിന്നും തിരിച്ചുവന്ന തെരേസ തൻറെ വീടിനുചുറ്റും കൂടിയിരിക്കുന്ന ആൾക്കൂട്ടത്തെ കണ്ട് ആശ്ചര്യപ്പെട്ടു. വീട്ടിലേക്ക് ഓടിക്കയറിയ തെരേസ കണ്ടെത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തൻ്റെ പൊന്നോമന മകളെയാണ് ആശുപത്രിയിലെത്തിച്ചെങ്കിലും മകളെ രക്ഷിക്കുവാൻ അവൾക്കായില്ല. അവളുടെ റോസിമോൾ അവളെ വിട്ടകന്നിരിക്കുന്നു.
തനിച്ചിരുന്ന് പഠിക്കുകയായിരുന്ന മകളെ അലക്സി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നും അത് എതിർത്ത മകൾ കത്തി കൊണ്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും ആളുകൾ പറഞ്ഞറിഞ്ഞ അവളാകെ തകർന്നു പോയി.അവളുടെ ജീവിതത്തിൽ ഇനി പ്രതീക്ഷകൾ ഒന്നുമില്ല. ജീവിതം തകർന്ന തെരേസ ഒരു ഭ്രാന്തിയെപ്പോലെ ഭക്ഷണ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെയായി. എല്ലാവർക്കും സഹതാപം മാത്രം ,ഭർത്താവ് മരിച്ച സ്ത്രീ… ഇപ്പോളിതാ മകളെയും നഷ്ടപ്പെട്ടിരിക്കുന്നു .
അവൾക്ക് ഇനി എന്തുണ്ട് പ്രതീക്ഷ?പ്രതീക്ഷ നഷ്ടപ്പെട്ട ആൾക്ക് ജീവിക്കാൻ ആശയില്ലല്ലോ. ജീവിതമാകെ തകർന്നുപോയ അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പള്ളിയിലെ അച്ഛനും , മഠത്തിലെ കന്യാസ്ത്രീകളും നൽകിയ ഉപദേശങ്ങളായിരുന്നു.അവരുടെ നിർദ്ദേശപ്രകാരം സംബന്ധിച്ച വചനപ്രഘോഷണധ്യാനത്തിലൂടെ അവളിൽ വലിയ മാറ്റങ്ങളുണ്ടായി.
ശത്രുസ്നേഹം…അതാണ് ക്രിസ്തുവിൻ്റെ അനുയായികളിൽ നിന്നും ക്രിസ്തു ആവശ്യപ്പെടുന്നത്. എല്ലാമെല്ലാമായ മകളെ നിഷ്ഠൂരം ഇല്ലാതാക്കിയവനോട് ക്ഷമിക്കുവാൻ തെരേസ അങ്ങനെ തയ്യാറായി. ജയിലിൽ പോയി അവനെ കണ്ടു. അപ്പോഴൊക്കെ താങ്ങായി പള്ളീലച്ചനും കന്യാസ്ത്രീയും ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുകയാണ്. കാലം കുറെ കടന്നു പോയിരിക്കുന്നു. മറ്റുപലർക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, വേദനകളും ആശ്വസിപ്പിക്കുവാൻ തന്നെ പള്ളിയിലച്ഛനും, കന്യാസ്ത്രീകൾക്കും സമയം തികയുന്നില്ല.
അല്ലെങ്കിൽ തന്നെ തൻറെ ദുരവസ്ഥ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം പഴങ്കഥയായി മാറിയല്ലോ എന്നവളോർത്തു.അലക്സി ജയിൽമോചിതനായി .അപ്പനും അമ്മയും ഇതിനോടകംതന്നെ മരിച്ചു കഴിഞ്ഞ അവനിനി പോകുവാനൊരിടമില്ല. തെരേസയുടെ മുഖത്ത് നോക്കുവാനുള്ള ശക്തി അവനിലില്ല. ജയിൽശിക്ഷ കഴിഞ്ഞ ഒരുവന് ജോലിയോ, താമസിക്കാൻ ഒരിടമോ കിട്ടുകയില്ല എന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവന് മനസ്സിലായി. ഇനി അറിയാവുന്ന ഒരേയൊരു വഴി തെരേസയുടെ വീട്ടിലേക്കുള്ള വഴിയാണ്. മനസ്സിൽ മറ്റൊരു മാർഗവും തെളിഞ്ഞുവരുന്നില്ലാത്തതിനാൽ ആ വഴിയിലൂടെ അവൻനീങ്ങിത്തുടങ്ങി.
വീടിൻറെ വാതിലിൽ തട്ടി വിളിച്ചപ്പോൾ അലക്സിക്ക് എന്തോ ഒരു സങ്കോചം തോന്നി. വാതിൽ തുറന്ന തെരേസയ്ക്ക് ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടായത് .
പിന്നീട് നിമിഷനേരത്തേക്കുള്ള ക്രോധമായും,ആ ക്രോധം വേദനക്കും വഴിമാറി നിമിഷാർദ്ധങ്ങൾക്കുള്ളിൽ നാനാവിധ വികാരങ്ങൾ തെരേസയുടെ മനസ്സിലൂടെ മാറിമറിഞ്ഞു.അവസാനം ദുഃഖം സഹതാപത്തിന് ശാശ്വതമായി വഴിമാറിക്കൊടുത്തു.
അവനെ ശ്രദ്ധിച്ചു നോക്കിയാലറിയാം ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമെങ്കിലുമായിട്ടുണ്ട്. ജഡപിടിച്ച മുടിയും ,മുഷിഞ്ഞ വസ്ത്രവും, ക്ഷീണിച്ച ശരീരവും അവനെ ഒരു ഭ്രാന്തനെപ്പോലെ തോന്നിപ്പിച്ചു .
യേശുക്രിസ്തുവിൻ്റെ വചനം തെരേസയുടെ മനസ്സിലേക്ക് കടന്നു വരികയാണ് ,ശത്രു സ്നേഹം .തൻ്റെ റോസി മോളുടെ മരണത്തിനു കാരണമായവൻ തൻ്റെ കണ്മുൻപിൽ നിൽക്കുന്നു .അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു .ആദ്യമൊന്നു മടിച്ചു നിന്നെങ്കിലും അലക്സി വീടിനകത്തേക്ക് കയറി. ഇരിക്കാൻ മടിച്ച അവനെ അവൾ കസേരയിലിരുത്തി. കുടിക്കാൻ വെള്ളം കൊടുത്തശേഷം ഭക്ഷണം കൊടുത്തു.പോകാൻ മറ്റൊരിടമില്ല എന്ന് അവനിൽ നിന്നും മനസ്സിലാക്കിയപ്പോൾ അവനെ അവിടെ താമസിപ്പിക്കുവാൻ അവൾ തയ്യാറായി.
ദിവസങ്ങൾ കടന്നു പോയി .ദൂരദേശത്തൊരു ചെറിയ ജോലി അവൻ തരപ്പെടുത്തി. ആഴ്ചയിലൊരിക്കൽ തെരേസയുടെ വീട്ടിൽ വരും.
അത്ഭുതത്തോടെയാണ് നാട്ടുകാർ തെരേസയെ വീക്ഷിച്ചത്. പള്ളിയിൽ ഇടതടവില്ലാതെ ഘോരഘോരം പ്രസംഗിക്കുമെങ്കിലും ഇതുപോലെ ഒരു ശത്രുസ്നേഹം പള്ളീലച്ചനും ആദ്യമായാണ് കാണുന്നത് .താങ്ങാനാവാത്ത ദുഃഖദുരിതങ്ങൾ ഏറ്റുവാങ്ങുവാൻ മനുഷ്യമനസ്സിനെ പ്രാപ്തരാക്കാൻ കർത്താവിന് കഴിയുമെന്നതിന് മഠത്തിലെ കന്യാസ്ത്രീകൾ സാക്ഷികളായി. നാട്ടുകാരിൽചിലർ തെരേസയുടെ മനോനിലയിൽ സംശയിച്ചു.റോസിമോൾ സ്വർഗ്ഗത്തിൽ സ്ഥാനം കണ്ടെത്തി എന്നു തെരേസയോട് വിശ്വാസികൾ ആശ്വസിപ്പിക്കുന്നതോടൊപ്പം പറയുമായിരുന്നു.
ഇതിനെല്ലാമിടയിൽ തെരേസ ജീവിതം തുടർന്നു. ദു:ഖം കഠിനമാകുമ്പോൾ കർത്താവിൻ്റെ രൂപത്തിനു മുൻപിൽ പ്രാർത്ഥിക്കും.എങ്കിലും ചിലപ്പോഴൊക്കെ അവൾ മനസ്സിലോർക്കും സ്വർഗ്ഗം ലഭിക്കുവാനും, ദൈവത്തിൻറെ പ്രീതിപിടിച്ചുകിട്ടുവാനും ഇസഹാക്കിനെ ബലികഴിക്കാൻ തയാറായ അബ്രഹാമിനു സമാനമല്ലേ തൻ്റെ അവസ്ഥ? പ്രിയമകളുടെ ജീവൻ കൊടുത്തു നേടുന്ന സ്വർഗ്ഗം തനിക്ക് എന്തിനാണ് ?പ്രിയപ്പെട്ടവരോടൊപ്പം കുറച്ചുകാലം സന്തോഷത്തോടെ ജീവിക്കുന്നതിലും വലിയ എന്തു സന്തോഷമാണ് സ്വർഗ്ഗം തനിക്ക് നൽകുവാൻ പോകുന്നുത്?
പലപ്പോഴും ജീവിതമവസാനിപ്പിക്കാൻ അവൾക്ക് തോന്നാറുണ്ട് .ആത്മാവിനെ നശിപ്പിക്കുവാൻ വിശ്വാസികൾക്ക് അധികാരമില്ല എന്നാണ് പള്ളിയിൽ പഠിപ്പിക്കുന്നത്.
വർഷങ്ങൾ കഴിഞ്ഞിട്ടും,അലക്സിയെ കാണുമ്പോൾ റോസിമോളുടെ രക്തത്തിൽ കുതിർന്ന ശരീരമാണ് അവൾക്ക് ഓർമ്മ വരുന്നത്. സാധാരണക്കാരായ മനുഷ്യർക്ക് അസാധാരണവും, തീവ്രവുമായ ദുഃഖം നൽകുന്ന യത്രയും വലിയ ജീവിതപ്രതിസന്ധികൾ നൽകുകയും അവയെ തരണം ചെയ്യുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ദൈവത്തെ ഓർത്ത് അവൾ അത്ഭുതപ്പെട്ടു. അവൾ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു .ഇനി അവൾക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ല .എങ്കിലും എന്തിനോ വേണ്ടി ജീവിക്കണം .
ആത്മഹത്യ വിശ്വാസികൾ ചെയ്യുന്നതല്ല .ലോകത്തിൽ ഭൂരിഭാഗം മനുഷ്യരും ജീവിക്കുന്നത് ഒരു അർത്ഥവും ഇല്ലാതെയാണ്… അക്കൂട്ടത്തിൽ ഒരാളായി തെരേസയും. മകളെ ഓർക്കുമ്പോൾ താൻ ചെയ്യുന്നത് മകളോടുള്ള ക്രൂരതയാണോ എന്ന് തെരേസയ്ക്ക് സംശയം തോന്നാറുണ്ട് .എങ്കിലും ഈ ധർമ്മസങ്കടത്തിൻ്റെ ദുഃഖവും പേറി ജീവിക്കുവാനാണ് തൻറെ വിധി എന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു. തെരേസയുടെ ജീവിതം ഇനിയും തുടരുവാനുണ്ട്.