വി.ജി മുകുന്ദൻ ✍️
ജീവവായുവും ചിലപ്പോൾ
കോവിഡ് രോഗിയുടെ
മുറിയിൽ കയറാൻ
മടിച്ചുനിൽക്കും…!
ജീവന്റെ ജീവനായ്
ആഞ്ഞ് വലിച്ചിട്ടും
അവസാന ശ്വാസത്തിനായ്
പിടയുമ്പോൾ
കണക്കുനോക്കാതെ
കാത്തുപോന്ന
ഈ പ്രകൃതിയെ ഓർക്കുകയാണ്..!
ഈ യാത്ര
ഇടയ്ക്കുവച്ച് നിർത്തുകയാണ്
ഇങ്ങനെയൊരു മടക്കം
കാലം കരുതിവച്ചതാകാം..!
ആകെ മൂടി കെട്ടുമെങ്കിലും
കണ്ണുകൾ തുറന്നു വയ്ക്കണം
ഈ യാത്രയിൽ ഒപ്പം നടന്നവരെ
വീണ്ടുമൊന്ന് കാണുവാൻ!
ദൂരെ നിന്നെങ്കിലും
ഒരു നോക്ക് കാണണം
അവരറിയാതെ
എരിഞ്ഞു തീരേണ്ടതല്ലേ!
ഉറ്റവർ കാണുമ്പോൾ
കണ്ണടയ്ക്കണം
ബാക്കിവച്ച മോഹങ്ങൾ
അവർ കാണാതിരിക്കട്ടെ!
ഇനിയും
അവരെ വേദനിപ്പിക്കരുതല്ലോ!
സമയമായ്…
ഇനിയില്ല സമയം
ഇനിയുമിവിടെ തുടരുവാൻ;
ഇനിയുള്ള മോഹങ്ങൾ
ബാക്കിവച്ചിറങ്ങട്ടെ
ആരോടും പറയാതെ…🥲