കൃഷ്ണ പൂജപ്പുര*
പ്രിയപ്പെട്ടവരെ,നമ്മുടെ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ (vkk) പിരിച്ചു പിരിച്ചുവിടാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ നൽകിയ സഹകരണത്തിന് പെരുത്തു നന്ദി സാറന്മാരെ. പെരുത്തു നന്ദി.. ഇതിലും കൂടുതൽ സഹകരണം താങ്ങാനുള്ള ശേഷി ഈ ശരീരത്തിനില്ല.
ആ ദിവസം*
ഹ! ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്..ലോകത്ത് പലയിടത്തുമായി ചിതറിത്തെറിച്ചു കിടക്കുന്ന ‘വരമ്പത്ത് കുടുംബാംഗങ്ങളെ’ ഒറ്റ ഗ്രൂപ്പിന്റെ കീഴിൽ കൊണ്ടുവരിക എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ വേണ്ടി, ഞാൻ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ’എന്ന ഗ്രൂപ്പ് വാട്സാപ്പിൽ ക്രിയേറ്റ് ചെയ്ത ദിവസം.. (ആ ദിവസത്തെ ശപിക്കാൻ ഏതൊക്കെ വാക്കുകൾ വേണമെന്ന് ഞാൻ ഇപ്പോൾ നിഘണ്ടുവിൽ പരതുകയാണ്…) ഗ്രൂപ്പിന്റെ ആദ്യ ദിവസങ്ങൾ….പുത്തനച്ചിമാർ ഇരുട്ട വെളുക്കെ പുരപ്പുറം തൂക്കുകയാ യിരുന്നു. ഫോട്ടോകൾ ഇട്ട് പരിചയപ്പെടുത്തൽ..വോയിസ് ഇട്ട് പരിചയപ്പെടുത്തൽ..അളിയാ അണ്ണാ വിളികൾ.. താനെയിൽ നിന്ന് ജിതേഷും കുടുംബവും അങ്കമാലിയിൽ നിന്ന് മധു അണ്ണൻ സിംബാബ്വേയിൽ നിന്ന് അനിത ചേച്ചിയും കുടുംബവും മംഗലം മുളയിലെ അനീഷ് ഇറ്റലിയിലെ കിരൺ തുടങ്ങി ലോക്കലിലും വിദേശത്തുമായി പരസ്പരം കാണാതെ അറിയാതെ ചിതറിത്തെറിച്ചു കിടക്കുന്ന വരമ്പത്ത് കുടുംബങ്ങൾ ആഹ്ലാദിച്ചു..അർമാദിച്ചു… എന്നെ, വരമ്പത്തു കുടുംബത്തിന്റെ നവയുഗ ശില്പി,എന്നുവരെ വിശേഷിപ്പിച്ചു കളഞ്ഞു..വരമ്പത്തു കുടുംബത്തിലെ 99% അംഗങ്ങളും പരസ്പരം പരിചയപ്പെട്ടതും തിരിച്ചറിഞ്ഞതും ഈ വാട്സാപ് കൂട്ടായ്മയിലൂടെ ആണെന്നുള്ളത് എനിക്ക് നിർവൃതി നൽകി..ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി ഞാൻ എന്നെ സ്വയം അവരോധിച്ചു .. അംഗങ്ങൾ കുശലങ്ങൾ പൊടിപൊടിച്ചു.. അടുത്ത തലമുറ പരസ്പരം അറിഞ്ഞു വളരണമെന്നും എത്രയും പെട്ടെന്ന് എല്ലാവർക്കും സൗകര്യപ്രദമായ ഒരു ഹോട്ടലിൽ വച്ചോ ഏതെങ്കിലും അംഗത്തിന്റെ വീട്ടുമുറ്റത്ത് വച്ചോ വിപുലമായ കുടുംബയോഗം ചേരണമെന്നുമൊക്കെ തീരുമാനങ്ങൾ ഉണ്ടായി ….അതിന്റെ കമ്മറ്റിയും ആദ്യദിവസം തന്നെ രൂപീകരിച്ചു.. ഇതിനിടയിൽ ആധുനിക ടെക്നോളജിയോട് മുഖം തിരിഞ്ഞു നിൽക്കുന്നചിലർ ഇത്തരം ഗ്രൂപ്പുകളിൽ താൽപര്യമില്ലെന്ന് പറഞ്ഞു എക്സിറ്റ് അടിച്ചു പോയി.. അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല..എന്തായാലും സന്തോഷം കാരണം ആ രാത്രി എനിക്ക് ഉറക്കരഹിത രാത്രിയായിരുന്നു.. എന്റെ തോളത്ത് തട്ടി ഞാൻ തന്നെ എന്നെ അഭിനന്ദിച്ചു.. കുടുംബത്തിലെ പരേതരായ കാരണവന്മാർ ആകാശത്തുനിന്നും എന്റെ മേൽ പുഷ്പവൃഷ്ടി വർഷിക്കും പോലെ തോന്നി…
മധുവിധു കാലം*
മധുവിധു കാലം ഒരാഴ്ച നീണ്ടു നിന്നു..പോസ്റ്റുകളുടെയും വിശേഷങ്ങളുടെയുടെയും എണ്ണം അല്പം കുറഞ്ഞു.. സ്വാഭാവികം..പക്ഷേ കൽപ്പറ്റയിലെ പ്രതാപചന്ദ്രൻ ചേട്ടൻ ഒരു നിത്യവ്രതം പോലെ,മക്കൾക്ക് കിട്ടുന്ന പുരസ്കാരങ്ങളുടെയും റസിഡൻസ് അസോസിയേഷൻ ഓട്ടമത്സരത്തിന് കിട്ടിയ കപ്പുകളുടെയും ഒക്കെ ഫോട്ടോകൾ ഇട്ടുകൊണ്ടേയിരുന്നു.. വിവാഹങ്ങൾ,ചരമങ്ങൾ,ജീവിതം ചിട്ടയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിങ്ങനെ പോസ്റ്റുകളുമായി ഗ്രൂപ്പ് മുൻപോട്ടു പോയി
പ്രശ്നങ്ങൾ*
ഏറ്റുമാനൂരിലെ സജീഷ് ഒരു ഗുഡ്മോണിങ് മെസ്സേജ് ഇട്ടതോടു കൂടിയാണ് പ്രശ്നങ്ങൾ ചെറുതായി തുടങ്ങുന്നത്.. ഗുഡ്മോർണിംഗ് മെസ്സേജിനു ജീവിതത്തിലെപ്രസക്തി എനിക്ക് അന്നാണ് മനസ്സിലായത്..”ക്ഷമയാണ് ജീവിതത്തിന് അടിസ്ഥാനം ക്ഷമയുള്ളവൻ എന്തും നേടും” എന്നൊക്കെ ശ്രീബുദ്ധന്റെ ക്രെഡിറ്റിലുള്ള സന്ദേശമാണ്..ബുദ്ധദേവൻ ഇത് അറിഞ്ഞിട്ടുണ്ടോ എന്നുള്ളത് വേറെ കാര്യം..ഇതേ വാചകം തന്നെ ബർണാഡ് ഷായുടെ പേരിലും ഷേക്സ്പിയറുടെ പേരിലുമൊക്കെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട്.. സജീഷിന്റെ ഗുഡ്മോണിങ് മെസ്സേജിന് പുറകെ നെടുമങ്ങാട്ടെ രഘു ചേട്ടന്റെ മെസ്സേജ് എത്തി.. ആവശ്യമില്ലാത്ത ഗുഡ്മോണിങ് മെസ്സേജുകൾ,ഫോർവേഡ് മെസ്സേജുകൾ എന്നിവ അഡ്മിൻ പ്രോത്സാഹിപ്പിക്കരുതെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും രഘു ചേട്ടൻ എഴുതി.
ഞാൻ ഉടൻതന്നെ ഗ്രൂപ്പ് നിയമാവലിയിലെ സെക്ഷൻ 38 അനുച്ഛേദം 6 ലേക്ക് ഗ്രൂപ്പ് അംഗങ്ങളുടെ സത്വരശ്രദ്ധ ക്ഷണിച്ചു ..അതിന് 👍 ചിഹ്നത്തോടെ നിരവധി പ്രതികരണങ്ങൾ ലഭിച്ചു.. സജീഷ് ഒന്നും പ്രതികരിച്ചില്ല… സജീഷിന്റെ ഗുഡ്മോർണിംഗ് മെസ്സേജി ലെ ആശയം സ്വന്തം ജീവിതത്തിൽ പകർത്തുകയാണെന്ന് കരുതി..പക്ഷേ സജീഷ്ന്റെ ആ നിശബ്ദത ഒരു വലിയ കൊടുങ്കാറ്റ് അഴിച്ചുവിടുന്ന തിനു മുമ്പുള്ള നിശബ്ദത ആണെന്ന് അപ്പോൾ അറിഞ്ഞില്ല.
കൊടുങ്കാറ്റ്*
ഒരു ശരാശരി ദിവസത്തെ ലക്ഷണങ്ങളോടെ ആണ് അടുത്ത ദിവസം പുലർന്നത്.. പക്ഷേ രാവിലെ പത്തുമണിയോടെ കാര്യങ്ങൾ മാറി.. കോവിഡ് വാക്‌സിൻ രണ്ട് ഡോസും എടുത്ത ഒരാൾ ആഹാരം കഴിക്കുന്നതിനിടയിൽ ഒന്ന് ചുമച്ചു എന്നും അത് വാക്സിന്റെ സൈഡ് എഫക്ട് ആകാം എന്നൊക്കെ മട്ടിലുള്ള ഒരു മെസ്സേജ് ആരോ പോസ്റ്റ് ചെയ്തു.. ഒരുമാസമായി ഫേസ്ബുക്കിലും വാട്സാപ്പിലും കറങ്ങി മടുത്ത് തഴമ്പിച്ച പോസ്റ്റ് ആണ്.. അതാ വരുന്നു സജീഷി ന്റെ പോസ്റ്റ്..ഞാൻ ഒരു ഗുഡ്മോണിങ് ഇട്ടാൽ കുഴപ്പം.. വേറേ ഓരോരുത്തന്മാർക്ക് ഇതുപോലുള്ള മെസ്സേജ് ഇടുന്നത് പ്രശ്നമില്ല.. അതോടെ ഗുഡ്മോണിങ് ലഹള എന്നും ഒന്നാം വാട്സ്ആപ്പ് യുദ്ധം എന്നും ഒക്കെ വിശേഷിപ്പിക്കാവുന്ന യുദ്ധത്തിന്റെ ആരംഭമായി.. ‘ഓരോരുത്തന്മാർ’ എന്ന പദം പിൻവലിക്കണമെന്നും ചത്താലും പിൻവലിക്കില്ലെന്നും ഒക്കെ നിലപാടുകൾ വന്നു..അംഗങ്ങൾ മൂന്നുനാലു ചേരിയായി തിരിഞ്ഞു.. എടാ പോടാ വിളിയായി..( ക്ഷമയാണ് ഏറ്റവും വലിയ ആയുധം എന്ന് മെസ്സേജ് ഇട്ട നന്മമരം ആണ് ) കുടുംബാംഗങ്ങളുടെ പഴയ ചരിത്രം വിളംബലായി..ഷിക്കാഗോയിൽനിന്ന് മഹേന്ദ്രനും കൊല്ലൂർവിളനിന്ന് ജിത്തുവും പരസ്പരം വാചക മിസൈലുകൾ അയച്ചു.. ദേവി ചേച്ചിയും സുഭദ്ര ആന്റിയും ഏറ്റുമുട്ടി.. … ഓരോ പോസ്റ്റിനും അടിയിൽ അഡ്മിൻ സമാധാനത്തിനുള്ള കൊടി യുമായി ചാടിവീണു.. ആ യുദ്ധം രണ്ടു ദിവസം നീണ്ടുനിന്നു..12 പേർ ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആയി..മൂന്നു കുടുംബങ്ങൾ പരസ്പരം സിവിൽ കേസിലേക്ക് പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി… അഡ്മിന്റെ ഒരു പോസ്റ്റിന്റെ അടിയിൽ മഹേശ്വരൻ മാമന്റെ കമന്റ് അവിസ്മരണീയമായി.. “”നീ ഒറ്റ ഒരുത്തനാണു എല്ലാത്തിനും കാരണം” യുദ്ധത്തിനിടയിലും കൽപ്പറ്റയിലെ പ്രതാപചന്ദ്രൻ ചേട്ടന്റെ പോസ്റ്റ് മാറ്റമില്ലാതെ വന്നു…’എന്റെ മോൾക്ക് നാരങ്ങാ പെറുക്കലിൽ മൂന്നാം സ്ഥാനം ‘
സാങ്കേതിക പ്രശ്നം*
ഗ്രൂപ്പിനെ സജീവമായി നിർത്തിയിരുന്നചെന്നൈയിലെ ശാലിനി ചേച്ചിയും കുടുംബവും ഗ്രൂപ്പ് വിട്ടത് ഒരു ക്ഷീണമായി.. അതിന്റെ കാരണം ഇങ്ങനെയായിരുന്നു.. ചെന്നൈയിലെ മലയാളി അസോസിയേഷനിൽ ശാലിനി ചേച്ചിയും കൂട്ടരും അവതരിപ്പിച്ച നാടകത്തിന്റെ വീഡിയോ ഇട്ടു.. ഇട്ട ഉടൻതന്നെ ‘കലക്കി ‘ കിടു ‘സൂപ്പർ’ ശാലിനി ചേച്ചി തകർത്തു’ ‘ക്ലൈമാക്സ് സൂപ്പർ’ ‘😍’ എന്നൊക്കെ കമന്റുകൾ വന്നു. പ്രശ്നം എന്താണെന്ന് വച്ചാൽ നാടകം 10 മിനിറ്റ് ഉണ്ടായിരുന്നു.. പക്ഷേ പോസ്റ്റിട്ട് അഞ്ച് സെക്കൻഡുകൾക്കുള്ളിൽ തന്നെ അഭിപ്രായങ്ങൾ വന്നപ്പോൾ സംഗതി കാണാതെയാണ് എല്ലാവരും കമന്റ് ചെയ്തതെന്ന് ചേച്ചിക്ക് മനസ്സിലായി പലർക്കും പറ്റുന്ന അബദ്ധമാണ് വീഡിയോയിൽ ഡ്യൂറേഷൻ നോക്കി ആ സമയം കഴിഞ്ഞു വേണം വേണം കമന്റ് ചെയ്യാൻ എന്നകാര്യം പലരും പഠിക്കേണ്ടിയിരിക്കുന്നു.., എന്തായാലും അടുത്ത ദിവസം ചേച്ചിയും കുടുംബവും എക്സിറ്റ് ആയപ്പോൾ കാര്യം ഇന്നതാണെന്ന് ഊഹിച്ചു..
പുതിയ തീരുമാനം**
രണ്ടാം ലോക മഹായുദ്ധ ശേഷം യുഎൻ സ്ഥാപിതമായത് പോലെ ഞങ്ങളുടെ വാട്ട്സാപ്പ് യുദ്ധത്തിനുശേഷം പുതിയ പരിഷ്കാരങ്ങൾ വേണമെന്നും നിയമാവലികൾ കർശനമാക്കാൻ പോവുകയാണെന്നും ഒക്കെ അഡ്മിൻ പ്രഖ്യാപിച്ചു… നാലഞ്ചു ദിവസം ഗ്രൂപ്പ് ഉൽക്കടൽ പോലെയായിരുന്നു.. അടിയിലെ ചുഴിയും ഓളവും അറിയാതെ പുറത്ത് പ്രശാന്തത ..കഴിഞ്ഞ ഞായറാഴ്ച അതാ അടുത്ത ബോംബ്.. “എനിക്ക് ഈ മാസത്തെ വെള്ളകാർഡിനുള്ള കിറ്റ് കിട്ടി “എന്നും പറഞ്ഞ് കിറ്റിന്റെ ഗുണങ്ങളെപ്പറ്റി മണ്ണൂർ കോണത്തെ രവി ഇട്ട പോസ്റ്റ്.. അത് വ്യക്തമായ രാഷ്ട്രീയ പോസ്റ്റ് ആണെന്ന് ഉടൻ ആരോപണം വന്നു.. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഇതുപോലത്തെ പോസ്റ്റ് ഇടും എന്ന് രവി .. വൈറ്റിലയിലെ ഉണ്ണികൃഷ്ണൻ അതിനു നീട്ടിപ്പിടിച്ച് ഒരു മറുപടി ഇട്ടു..സൂപ്പർ ഇംഗ്ലീഷിൽ . പഴയ നോട്ടോൺലി ബട്ടോൾസോ ആയ രവിക്കു അത് കണ്ട് കിളി പോയി..കലി കയറി.. ഒന്നാന്തരം കാകളി വൃത്തത്തിൽ രവി പ്രതികരിച്ചു.. പിന്നെ കാണുന്നത് വരമ്പത്ത് കുടുംബാംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷികൾ ആകുന്നതാണ്… പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെ യൊക്കെ വിമർശിച്ചും അനുകൂലിച്ചും പോസ്റ്റുകളോട് പോസ്റ്റുകൾ.. അഡ്മിന്റെ നിലവിളി ആരും കേട്ടില്ല..
ക്ലൈമാക്സ്*
ഇന്നലെ വൈകുന്നേരം പോലീസ് സ്റ്റേഷനിൽ നിന്നും എന്നെ വിളിച്ചു.”നാളെ സ്റ്റേഷൻ വരെ വരണം ” എസ് ഐ പറഞ്ഞു.. ഞങ്ങളുടെ ഗ്രൂപ്പിൽ ദേശവിരുദ്ധ സ്വഭാവമുള്ള പോസ്റ്റ് വന്നുവെന്ന് അതിനു അഡ്മിന്റെ വിശദീകരണം വേണമെന്നും അഡ്മിനു എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.. കഴിഞ്ഞ ദിവസത്തെ വഴക്കിനിടയിൽ ആരോ ഇട്ടതാണ്.. സാറേ ഞാൻ അല്ല ഇതൊന്നും ഇട്ടതെന്നും ഏതോ ഗ്രൂപ്പ് അംഗം ആണെന്നും ഒക്കെ കരഞ്ഞു പറഞ്ഞു..”ഇങ്ങു വന്നാമതി എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കാം” എന്ന് അദ്ദേഹം അവസാനം സമാധാനിപ്പിച്ചു.. ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ മാത്രമാണ് ഉത്തരവാദി എന്നും അദ്ദേഹം പറഞ്ഞു… എന്റെ ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് കിട്ടാത്ത സൗഹൃദ ടോൺ ആയിരുന്നു si യുടേത്.. ആകെ ടെൻഷനടിച്ച് ഞാൻ രാത്രി കുടുംബാംഗങ്ങളായ രഞ്ജിത്തിനെയും സന്ദീപിനെ വിളിച്ചു… അവരാണ് പോസ്റ്റിട്ടത്..ഒന്നും രണ്ടും പറഞ്ഞു എന്റെ മുന്നിൽ ഇരുന്ന് അവർ പിടിവലി യായി.. ഒന്നാന്തരം തല്ല്… കൊലപാതകത്തിന് സാക്ഷിയാവുമെന്നു പേടിച്ച് ഞാൻ ഇടയിൽ വീണു..അതാ അടി മുഴുവൻ എനിക്ക്…രഞ്ജിത്ത് ആളുമാറി എന്റെ കൈ പിടിച്ചു തിരിച്ചു.. പരസ്പരം വെല്ലുവിളിയോടെ അവർ പിരിഞ്ഞു.. ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.. രാവിലെ എണീറ്റപ്പോൾ കൈ പൊക്കാൻ വയ്യ ചെറുതായി നീര് വന്നിരിക്കുന്നു.. ഫ്രാക്ചർ ഉണ്ടോ എന്ന് സംശയം..ഞാൻ ഇതാ ഇപ്പോൾ ഇവിടെ ഡോക്ടറെ കാണാൻ കാത്തിരിക്കുകയാണ്.. അതിനിടയിൽ ആണ് ഇത് ടൈപ്പ് ചെയ്യുന്നത്.. കയ്യൊടിഞ്ഞ വേറെ രണ്ട് പേരും കുറച്ചു മാറി ഇരിപ്പുണ്ട്.. ഏതോ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാർ ആയിരിക്കും.. അപ്പോൾ കുടുംബാംഗങ്ങളേ,ഞാൻ ഗ്രൂപ്പ് പിരിച്ചു വിടുകയാണ്..ഉച്ചി വെച്ച കൈകൊണ്ട് ഉദകക്രിയയും ..ഇവിടെ ഡോക്ടറെ കണ്ടിട്ട് വേണം നേരെ പോലീസ് സ്റ്റേഷനിൽ പോകാൻ.. അതാ എന്റെ ടോക്കൺ വിളിക്കുന്നു.. ഞാൻ കയറട്ടെ