പള്ളിയിൽ മണികണ്ഠൻ*
നീരിനായ് കേഴുന്നതാണ് വേഴാമ്പലെ-
ന്നാരോപറഞ്ഞ കഥ ശ്രവിക്കേ
ഒരുതുള്ളിനീരുപോലാർദ്രതയെന്നിലായ്
വന്നതന്നെന്തുകൊണ്ടായിരിക്കാം.?
ഇറയിൽനിന്നിറ്റിയ വെള്ളത്തിലൊരുകു-
ഞ്ഞുറുമ്പ് പിടഞ്ഞൊരു കാഴ്ചകാൺകേ
കൈവിരൽനീട്ടിക്കൊടുത്ത് രക്ഷിക്കുവാൻ
തോന്നിച്ചതെന്തുകൊണ്ടായിരിക്കാം.?
കൊക്കുരുമ്മും പ്രേമ വിഹഗത്തിലൊന്നിനെ
മൃത്യുപുണർന്നൊരു കാഴ്ചയെന്റെ
ഹൃത്തടം വല്ലാതെ ചുട്ടുപൊള്ളിക്കുവാ-
നെന്തൊരുകാരണമായിരിക്കാം.?
ഒരു കാറ്റ് വന്നെന്റെയങ്കണത്തിൽനിന്ന
ചെണ്ടുമല്ലിപ്പൂ കൊഴിച്ചനേരം
ഒരുകുഞ്ഞുതേങ്ങലെന്നിടനെഞ്ചിനുള്ളിലായ്
വന്നതന്നെന്തുകൊണ്ടായിരിക്കാം.?
മുറിവേറ്റ മനമുള്ളൊരപരന്റെ കണ്ണുനീ-
രതുകണ്ട് കൂടെ കരഞ്ഞിടാനെൻ
മാനസമൊട്ടും മടിക്കാതിരിക്കുവാൻ
എന്തൊരു കാരണമായിരിക്കാം.?
നിത്യദാരിദ്ര്യം നിറഞ്ഞൊരെൻ ബാല്യമ-
ന്നെന്നിലായ് സ്നേഹം നിറച്ചിരുന്നു
അക്കാരണത്തിനാലാസ്നേഹമെന്നുമെ-
ന്നുള്ളിലിരിപ്പുണ്ടതായിരിക്കാം. !
സ്നേഹിക്കുവാൻ ഞാനാദ്യം ശ്രമിച്ചതെൻ
നീറുന്ന ജന്മത്തെയായിരുന്നു
പ്രേമാക്ഷരങ്ങളെൻ ചിത്തിൽ കവിതയായ്
പെറ്റിട്ടതാസ്നേഹമായിരിക്കാം.