സുനു വിജയൻ*

ഞാൻ ദേവദാസ്
കവിയാണ്,
കഥാകൃത്തുമാണ്.
സത്യത്തിന്റെ കഥകളിൽ കൂടുതൽ നിറമുള്ള തൂവലുകൾ തുന്നിച്ചേർത്തു ഞാൻ ഇടക്കൊക്കെ കഥപറയാൻ നിങ്ങളുടെ മുന്നിൽ വരാറുണ്ടായിരുന്നു.
എന്നെ നിങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല, കാരണം കവിതകളുടെ താഴ്‌വാരങ്ങളിൽ കഥകളുടെ കൂടാരങ്ങൾ കെട്ടി നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിന്റെ വാതിലിൽ വന്ന് എത്ര മുട്ടിയാലും, എത്ര നിറങ്ങൾ കോരി നിറച്ചാലും നിങ്ങൾ അറിയാറേയില്ല.

പക്ഷേ ഞാൻ നിങ്ങളോട് എന്നിട്ടും കഥകൾ പറഞ്ഞു. സ്വപ്നത്തിൽ എന്നെങ്കിലും നിങ്ങൾ എന്റെ കഥകളെ, കവിതകളെ താലോലിക്കും എന്നു വിശ്വസിച്ചു ഞാൻ കവിതകളും, കഥകളും നിങ്ങളെ ചൊല്ലി കേൾപ്പിച്ചുകൊണ്ടേയിരുന്നു . ങ്‌ഹേ.. ഒന്നും നിങ്ങൾ കേട്ടില്ല. ഇനി ഒന്നും കേൾക്കുമെന്നും തോന്നുന്നില്ല എന്നു കരുതി പിന്തിരിഞ്ഞു നടക്കാനും എനിക്കു വയ്യ.
ഇന്ന്‌ ഈ ജിലേബി എനിക്കു തന്ന വേദനയുടെ കഥയുണ്ടല്ലോ, അത് നിങ്ങളോട് പറയാതെ വയ്യ.
നിറംപിടിപ്പിച്ച നുണകളുടെ, സുഖങ്ങളുടെ, വ്യാമോഹങ്ങളുടെ, സ്വയം വിശ്വസിച്ചു സമാധാനിക്കുന്ന സത്യങ്ങളുടെ നിഴലിന്റെ കൂടാരങ്ങളിൽ ഒരായിരം കഥകൾ മനസ്സിൽ താലോലിച്ചുറങ്ങുന്ന നിങ്ങൾ ഈ കഥയെങ്കിലും ഒന്നു കേൾക്കണം.

മഞ്ഞയും ചുമലയും ഇടകലർന്ന മനോഹര നിറമുള്ള, സ്വപ്നചാരുത. കണ്ണുകളിലും, ഹൃദയത്തിലും വൃത്തംവരയ്ക്കുന്ന നക്ഷത്ര ഭംഗിയുള്ള, രുചിയുടെ മാസ്മരികത. ജിലേബി
കൊഴുത്ത മധുരം തേൻതുള്ളിയായി സിരകളിലും, ഹൃദയത്തിലും, നാവിലെ രസമുകുളങ്ങൾ വഴി ഉമിനീരിനൊപ്പം കണ്ഠനാളം വഴി ആമാശയത്തിലേക്കും, അതിനപ്പുറം ആത്മാവിലേക്കുപോലും നിറക്കുന്ന ആ ജിലേബിയുടെ സുഖദമായ മധുരം.

ആ കൊഴുത്ത നേരിയ പുളിപ്പുള്ള മധുരം നിങ്ങൾ നുണഞ്ഞിട്ടില്ലേ. ഉണ്ട്. എനിക്കതറിയാം. അത് നിങ്ങൾക്കറിയാമെന്ന ആ ഒറ്റക്കാരണം കൊണ്ടാണ് ഞാൻ ഈ കഥ നിങ്ങളോട് പറയുന്നത്.
കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ ഇടതു വശത്ത്‌ ഒരു വലിയ ആശുപത്രിയുണ്ട്. വീട്ടിൽ നിന്നും നാവു തളർന്ന, ശരീരത്തിന്റെ ഒരു വശം തളർന്ന എന്നെ ഈ ആശുപത്രിയിലേക്കാണ് അനുജൻ എത്തിച്ചത്.

കൂകി പായുന്ന ആംബുലൻസിൽ ചുണ്ടു കോടി, പാതിയടഞ്ഞ കണ്ണുകളും, തളർന്ന കൈകാലുകളുമായി കിടക്കുന്ന എന്നെനോക്കി കരഞ്ഞുകൊണ്ട് എന്റെ കാലുകൾ തടവികൊണ്ടിരുന്ന പ്രിയ പത്നിയെ അർദ്ധമയക്കത്തിൽ, തലയിൽ പൊട്ടിപ്പൊളിയുന്ന വേദന കുത്തിക്കീറുന്ന അവസ്ഥ ആയിരുന്നെങ്കിലും അവളോട് കരയരുത് എന്നു പറയണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. കൊടിപ്പോയ ചുണ്ടുകളുടെ ഇടയിൽ കൂടി ഒഴുകുന്ന ഉമിനീര് അവൾ സാരിത്തലപ്പുകൊണ്ട് കണ്ണീരോടെ തുടക്കുമ്പോൾ എന്റെ ചിന്തയിൽ ഒരിടത്തും ആ ജിലേബിയോ അതു സമ്മാനിച്ച മധുരമോ ഉണ്ടായിരുന്നില്ല.
നാലുദിവസങ്ങൾക്ക് മുൻപ്‌, അന്നുച്ചയ്ക്ക് തൊടിയിലെ ജാതിമരത്തിനു ഞാൻ തടമെടുക്കുകയായിരുന്നു.

ഇളയമകൾ ഗംഗ അവൾ ഓടിക്കിതച്ചു വന്ന് എന്നോട് അത്യധികം സന്തോഷത്തോടെ പറഞ്ഞു
“അച്ഛേ റിസൾട്ട്‌ വന്നു. എനിക്ക് ഫുൾ എ പ്ലസ് ഉണ്ട് “
തുള്ളിച്ചാടി സന്തോഷം നിറഞ്ഞ മനസ്സോടെ അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു
“അച്ഛ ടൗണിൽ പോയി കുറച്ചു ലഡ്ഡു വാങ്ങിക്കൊണ്ട് വരുമോ പ്ലീസ് “
“പിന്നെ പോയാൽ കിട്ടില്ല ഇന്ന് റിസൾട്ട്‌ വന്നതുകൊണ്ട് എല്ലാരും വാങ്ങിക്കൊണ്ട് പോകും. തീർന്നുപോകും മുൻപ്‌ അച്ഛ വേഗം വാങ്ങിക്കൊണ്ടു വാ “
ലഡ്ഡു വാങ്ങാൻ ബക്കറിയിലേക്ക് പോകുമ്പോൾ മനസ്സ്‌ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയിരുന്നു. മക്കൾ നല്ല മാർക്കിൽ വിജയിക്കുമ്പോൾ ഒരച്ഛന്റെ ആനന്ദം പറഞ്ഞറിയിക്കണോ?

കാഞ്ഞിരപ്പളളി അതാണ് എന്റെ പട്ടണം. അവിടുത്തെ മുന്തിയ ബക്കറിയിൽ കയറി. ബക്കറികൾക്ക് എപ്പോഴും മധുരമുള്ള ഒരു സുഗന്ധമാണ്. ആ സുഗന്ധം ആസ്വദിച്ചുകൊണ്ട് അൻപതു ലഡ്ഡു വേണം എന്നു പറഞ്ഞു നിന്നപ്പോഴാണ് ചില്ലലമാരയിലെ സ്റ്റീൽ ട്രേയിൽ അടുങ്ങിയിരിക്കുന്ന വർണ്ണഭംഗിയുള്ള, കാഴ്ചയിൽ തന്നെ അതീവ മൃദുലം എന്നു തോന്നിപ്പിക്കുന്ന ആ ജിലേബി മനസ്സിൽ കൊതിയുടെ മധുരം കോരി നിറച്ചത്.

ഷുഗർ ഇരുന്നൂറിനു മുകളിൽ ഉണ്ടെന്നറിയാം. തുടർച്ചയായി ഷുഗറിന് മരുന്നും കഴിക്കുന്നുണ്ട്. ഒരു നേരം പ്രഷറിനും ഗുളിക കഴിക്കുന്നുണ്ട്. അതും അറിയാം. എങ്കിലും ആ ജിലേബിയുടെ മധുരം നിറഞ്ഞ നാവിലലിയുന്ന മാർദവവും സുഖമുള്ള രുചിയും ഓർത്തപ്പോൾ അതും വാങ്ങി മൂന്നെണ്ണം.

ഓഹ്, എത്രനാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത് . എന്നും കാഞ്ഞിരപ്പള്ളിയിലെ ആ ബക്കറിയുടെ മുന്നിൽകൂടി നടന്നുപോകുമ്പോൾ ഈ ജിലേബി എത്രയാണ് മനസ്സിൽ മധുരമുള്ള ആഗ്രഹം കുത്തി നിറച്ചിരുന്നത്. പലപ്പോഴും കടയിൽ കയറി അതു വാങ്ങിക്കഴിച്ചാലോ എന്നു തോന്നിയിട്ടുണ്ട്. അന്നൊക്കെ മനസിനെ നിയന്ത്രിച്ചു. പക്ഷേ ഇന്ന്, ഇന്നങ്ങനെയല്ല. ഇന്ന് മധുരം കഴിക്കാം. അതിനൊരു കാരണമുണ്ട്. മധുരമുള്ള ഒരു കാരണം.

പിന്നെ വേഗം ചിറ്റാറിന്റെ തീരത്തെ ആ പള്ളിയുടെ അടുത്തേക്ക് നടന്നു കാരണം രണ്ടായിരുന്നു. പള്ളിയിൽ കയറി ഒന്നു പ്രാർഥിക്കാം പിന്നെ അവിടെ സമാധാനത്തോടെ ഇരുന്ന് ആരും കാണാതെ ജിലേബി ആസ്വദിച്ചു കഴിക്കാം. അതും മൂന്നെണ്ണം. ഓർത്തപ്പോൾതന്നെ ജന്മം സഫലമായ പ്രതീതി. ഓർമയിൽ പുളകങ്ങൾ, വായിൽ ആ പുളകത്തിന്റെ കൊതിനിറഞ്ഞവെള്ളം.

കഴിച്ചു. ആസ്വദിച്ചുതന്നെ മൂന്നു ജിലേബിയും. വായിൽ അൽപ്പനേരം വച്ച് നുണഞ്ഞ്, നാവുകൊണ്ടമർത്തി, മധുരം ഉറിഞ്ചിയെടുത്ത് ആഹ്ഹ് എന്തു രസമായിരുന്നു ആ നിമിഷങ്ങൾ.
വീട്ടിൽ ലഡ്ഡുവുമായി എത്തിയപ്പോൾ മോൾ കവർ തുറന്ന് ഒരു ലഡ്ഡു എടുത്ത് വായിൽ വച്ചു തന്നപ്പോൾ ഭാര്യയെ നോക്കി.

“അതു കഴിച്ചോ ദേവേട്ടാ, ഇന്നൊരു സന്തോഷ ദിവസമല്ലേ. ഒരു ലഡ്ഡു, അതും ഇങ്ങനെ ഒരുദിവസം കഴിച്ചത് കൊണ്ട് ഒന്നും വരൂല്ല “.
തന്റെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധയുള്ള ഭാര്യ പറഞ്ഞതുകേട്ട് മനസ്സിൽ ഊറിചിരിച്ചുകൊണ്ട് സന്തോഷത്തോടെ ആ ലഡ്ഡുകഴിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് ആ ജിലേബി മധുരമായിരുന്നു .

പിറ്റേന്നു പുലർച്ചെ മൂന്നുമണിയായിക്കാണും, ആകെ ഒരു തളർച്ച, കാലിന് ഒരു മരവിപ്പ്, ശക്തമായ തലവേദന, പറഞ്ഞറിയിക്കാനാവാത്ത ഒരു വിമ്മിഷ്ടം..
ദൈവമേ ഷുഗറു കൂടിയോ, ടെൻഷൻ കൂടി, തലവേദന അസഹ്യമായി, ഭാര്യയെ വിളിക്കാൻ ശ്രമിച്ചു, നാവു പൊന്തുന്നില്ല. എഴുനേൽക്കാൻ ശ്രമിച്ചു കാലുയർത്താൻ കഴിയുന്നില്ല. കൈകൾ അവിടെ ഉള്ളതായി തോന്നുന്നില്ല വലതുകാൽ പൊക്കി നോക്കി. അതിനു കുഴപ്പമില്ല മടക്കിവച്ച വലതുകയ്യിൽ അവൾ തലവച്ചുറങ്ങുന്നു. വലതുകാൽ അനക്കിയപ്പോൾ അവളുണർന്നു..
പിന്നെ കരച്ചിൽ, ഫോൺവിളി, ആംബുലൻസ്, ആശുപതി.

ഇന്ന്‌ ഈ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നാലു ദിവസമായി. ഇടതു വശം നിശേഷം തളർന്നു. ക്രമതീതമായി ഷുഗർ കൂടിയിരുന്നു. ഒപ്പം പ്രഷറും, തലയിൽ ക്ലോട്ട്. രക്തചംക്രമണം വേണ്ടരീതിയിൽ നടക്കുന്നില്ല.
ഐ സി യു വിലെ തണുപ്പിൽ ഓർമ്മകൾക്കും നേരിയ മരവിപ്പ്. കാലത്തും വൈകിട്ടും അടുത്ത ഒരാളെ അടുത്തേക്ക് വരാൻ അനുവദിക്കും. മക്കളും, ഭാര്യയും വന്നു.. മുഖം കോടി,ഒരു കാലുംകയ്യും ചലിപ്പിക്കാനാവാതെ കിടക്കുന്ന തന്നെ നോക്കി നിശബ്ദം കണ്ണീരൊഴുക്കുന്ന അവരോട് അരുതേ എന്നു പറയാനാവുന്നില്ല.

ഫിസിയോതെറാപ്പി ചെയ്ത് പതുക്കെ മാറ്റം വരുത്താൻ ആവുമെന്ന് ഡോക്ടർ പറയുന്നു. മരുന്നുകൾ ആത്മവിശ്വാസത്തോടെ കഴിക്കുന്നു. കരയാതെ ആത്മബലം ആർജ്ജിക്കാൻ ശ്രമിക്കുന്നു. മൂത്രം പോകാൻ കുത്തിക്കയറ്റിയ ആ ട്യൂബ് അതൊന്നു മാറ്റിയിരുന്നെങ്കിൽ.
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ മകളുടെ മുഖത്തെ സന്തോഷം കെട്ടുപോയി. അവൾ കരയാതെ കരയുന്നു ബെഡിനരികെ നിന്നു മുഖത്തു തലോടുന്ന ഭാര്യ കണ്ണുനീർ ഹൃദയത്തിൽ ഒളിപ്പിച്ചു കരുത്തു പകർന്നു പറയുന്നു

“ദേവേട്ടൻ വിഷമിക്കല്ലേ.. ഞാനില്ലേ കൂടെഒക്കെ ശരിയാകും “
ഇനി എത്രനാൾ ഇങ്ങനെ എന്നറിയില്ല. പക്ഷേ ഞാൻ എഴുന്നേൽക്കും, ചുവടുറപ്പിച്ചു നടക്കും. എന്നിട്ട് കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ആ മധുരിക്കും സുഗന്ധമുള്ള ബേക്കറിയിലെ പകിട്ടാർന്ന, മാർദ്ദവമേറിയ ജിലേബി ഇനിയും വാങ്ങും. എനിക്കു കഴിക്കാനല്ല, മക്കൾക്കും, അവൾക്കും നൽകാൻ തീർച്ച.ഇത് ദേവദാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. അതു നടക്കില്ലേ സുഹൃത്തേ?

By ivayana