വൈഗ ക്രിസ്റ്റി*
പിടിച്ചടക്കപ്പെട്ട രാജ്യമേ
നീ
നിൻ്റെ തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെടുന്നു
നിൻ്റെ ചിന്തകളും സ്വപ്നങ്ങളും പോലും
തട്ടിയെടുക്കപ്പെട്ടിരിക്കുന്നു
നിൻ്റെ നഗരങ്ങൾ
പിടികൊടുക്കാതെ
പലായനം ചെയ്യവേ കൊല്ലപ്പെടുന്നു
അഴുകിത്തുടങ്ങുന്നതിനു മുമ്പ്
അവയുടെ ശരീരങ്ങൾ
കഴുക്കൾ തിന്നുകളയുന്നു
പിടിച്ചെടുക്കപ്പെട്ട രാജ്യമേ
നിൻ്റെ അന്തപ്പുരങ്ങൾ
ഭ്രാന്തിൻ്റെ ഗോപുരങ്ങൾക്ക്
വില്ക്കപ്പെട്ടിരിക്കുന്നു
നിൻ്റെ മക്കൾ
മരണത്തിലേയ്ക്ക് വഴുതി വീഴുന്നു
നിൻ്റെ വാഗ്ദാനങ്ങൾ ,
പിടിച്ചെടുക്കപ്പെടുമ്പോൾ ,
നിൻ്റെ രാജവീഥികളിൽ
കുറുനരികൾ ഓരിയിടുന്നു
നിൻ്റെ രാജത്വം
നിഷേധങ്ങളുടെ ബലിക്കല്ലിൽ
സുഖമരണം സ്വപ്നം കാണുന്നു
പിടികൂടപ്പെട്ട നഗരമേ ,
നിൻ്റെ ആകാശത്തുനിന്നും
മരണമത്രേ പെയ്യുന്നത്
നിൻ്റെ അവകാശങ്ങൾക്ക് മേൽ
കല്മഴയത്രേ പൊഴിയുന്നത്
പിടികൂടപ്പെടുമ്പോൾ ,
ചീന്തിപ്പോയ നഗരമേ
നിൻ്റെ സ്വപ്നങ്ങളുടെ വിത്തുമായി
നീ മണ്ണിനടിയിൽ
ശ്വാസം പോലും വിടാതെ
ഉറങ്ങുക…
വീണ്ടും
മഴ പെയ്യാതിരിക്കില്ല
നാമ്പുകൾ മുളയ്ക്കാതിരിക്കില്ല
പ്രിയപ്പെട്ട നഗരമേ