എൻ.കെ അജിത്ത് ആനാരി*
ജീവിതത്തിൽ നാം എല്ലാവരും നട്ടും ബോൾട്ടും കണ്ടിട്ടുണ്ട്. സാധാരണ നട്ട് വലത്തോട്ട് പരിയുകയും ബോൾട്ട് ഇടത്തോട്ട് പ്രതിരോധിക്കുകയും ചെയ്യുമ്പോഴാണ് അതുമായി ബന്ധിപ്പിക്കുന്ന സാധനങ്ങൾ മുറുകി വേണ്ട വിധം ഉറപ്പോടുകൂടി പറ്റിച്ചേർന്നിരിക്കുന്നതും ഉപകരണങ്ങൾ ശരിയായി പ്രവർത്തനസജ്ജമാകുന്നതും.
ദാമ്പത്യത്തെ നാം ഇതുമായി താരതമ്യം ചെയ്യുക. ഭാര്യ, ഭർത്താവ് ഇവർ രണ്ടു പേരും രണ്ടു വ്യക്തികളും, രണ്ട് അഭിരുചിയും, രണ്ടു കുടുംബങ്ങളിൽ രണ്ടു ചിന്താഗതിയോടുകൂടി വളർന്നവരും ആയിരിക്കുമെല്ലോ?
സ്വാഭാവികമായി സ്ത്രീത്വത്തെ ഞാൻ ബോൾട്ടിനോട് ഉപമിക്കാനാണ് താല്പര്യപ്പെടുന്നത്. കുടുംബത്തിൻ്റെ അടിസ്ഥാന സ്വഭാവം നിയന്ത്രിക്കുന്നതിൽ സ്ത്രീക്കാണ് മേല്കൈ എപ്പോഴും എന്നതാണ് സത്യം . സ്ത്രീ കുടുംബം കെട്ടിപ്പടുക്കുന്നവളും, തകർക്കാൻ പോന്നവളുമാണ് . ഒരു ബോൾട്ടിലേക്ക് നിരവധി വൈസറുകൾ (വാഷർ ) ഇടുമ്പോഴും അതിനെയൊക്കെ ചേർത്തു നിർത്തുന്നു ബോൾട്ട്, ഒടുവിൽ അവയെ നട്ടിട്ടു മുറുക്കുമ്പോൾ അത് ഭദ്രമായി സ്ഥിതിചെയ്യുന്നു. ഇവിടെ ബോൾട്ടിനുള്ളിലെ എല്ലാറ്റിൻ്റേയും സംരക്ഷണോത്തരവാദിത്വം നട്ടിനെന്നതു പോലെ കുടുംബത്തിൻ്റെ സംരക്ഷണം പുരുഷനിൽ നിക്ഷിപ്തമാണ്.
പിരിമുറുക്കങ്ങളിൽ ചേർന്നു നില്ക്കുക എന്നതാണ് നട്ടിൻ്റെയും ബോൾട്ടിൻ്റെയും സ്ഥായീഭാവം. സ്ത്രീയും പുരുഷനനു മടങ്ങുന്ന കുടുംബ ജീവിതത്തിലും ബാഹ്യശക്തികളാലുണ്ടാകുന്ന പിരിമുറുക്കത്തിൽ അവർ യോജിച്ച് ചേർന്നു നിന്ന് നേരിടാൻ ശ്രമിക്കട്ടെ.
പിരിവെട്ട് ആണ് നട്ടിൻ്റെയും ബോൾട്ടിൻ്റെയും സ്വാഭാവിക ബന്ധത്തെ ശിഥിലമാക്കുന്നത്.
നിയതമായ പൊഴിയൊരുക്കി വസിക്കുന്ന ബോൾട്ടിൽ നട്ടിൻ്റെ പെനിട്രേഷൻ കൃത്യമായി സംഭവിക്കുമ്പോഴാണ് അത് പലതും ചേർത്തു നിർത്തുന്ന അച്ചാണിയായി മാറുന്നത്. എന്നാൽ ബോൾട്ടിനോ, നട്ടിനോ പിരിവെട്ടിയാൽ അവ പിന്നെ കാശിനുകൊള്ളില്ല. ഇവരുടെ പിരിവെട്ടാതെ കാത്തു സൂക്ഷിക്കാൻ കുടുംബത്തിലെ മറ്റു ശക്തികൾ ശ്രദ്ധചെലുത്തേണ്ടതാണ്.
ബോൾട്ടിലേക്ക് പിരിഞ്ഞ് പിരിഞ്ഞ് അതിൻ്റെ അറ്റങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നട്ടിനെ ബോൾട്ടിൽ നിന്നു വിമുക്തമാക്കാൻ ഇത്തിരി പാടാണ്. ഒരു പാട് പിരിക്കേണ്ടി വരും. ഇതു പോലെ നട്ടിലേക്ക് കയറുന്ന ബോൾട്ടിനേയും. അങ്ങനെ ആർക്കും പിരിക്കാനാവാതത്ര ആഴങ്ങളിൽ ബന്ധിതമാകട്ടെ ഭാര്യാഭർത്തൃബന്ധങ്ങൾ.
ജീവിതത്തിൽ പല പ്രശ്നങ്ങളും ചില വ്യക്തികളും തുരുമ്പുപോലെ ഇടയിലെത്താം. അവയെ വേണ്ട ചികിത്സനടത്തി ( ലൂബ്രിക്കൻ്റസ് ) ദൂരെയകറ്റണം. പിരിയുടെ ഇടയിൽ കരടായി അവ വളരാൻ ഒരു കാരണവശാലും അനുവദിക്കരുത്. വളർന്നാൽ പിന്നെ ഒരിക്കലും ചേരാത്ത വിധം തുരുമ്പിട്ട് നട്ടും ബോൾട്ടും അകന്നു പോകും.. അതിനാൽ ജാഗ്രതൈ…
പുതുതായി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചയായി നല്കാൻ എനിക്കീ നട്ടും ബോൾട്ടും മാത്രമേ ഉള്ളൂ.
അതു നല്കുന്ന സന്ദേശം സമയം പോലെ നിങ്ങൾ വായിക്കുക.
ഓർക്കുക, പിരിയുന്തോറും മറുകുന്ന രണ്ടു ചിന്തകളായിരിക്കട്ടെ നിങ്ങൾ..