ദിലീപ് സി ജി*

നമുക്കിടയിൽ
വാക്കുകൾ ചിട്ടയായി
അടുക്കിവച്ചൊരു പാലമുണ്ട്,
രണ്ടു മനസുകൾ
അതിവേഗം സഞ്ചരിച്ചിരുന്ന
നിഗൂഢമായ സഞ്ചാരപാത,
മരുഭൂമികൾ വെട്ടിത്തുറന്ന്
നീ എനിക്ക് മഴതന്നതും
വെയിൽ ചീളുകൾ
പെറുക്കിക്കളഞ്ഞു
നിന്നിലേക്ക് മഞ്ഞുപെയ്തതും
അതിലൂടെയായിരുന്നു,
ഒരോ വാക്കും
വസന്തമായതും,
വർഷമായതും,
മഞ്ഞായതും,
കാറ്റായതും
മഴമുകിലായതും
അതെ വഴിയിലൂടെ തന്നെ,
ഇന്ന് എന്നിൽ പൂക്കുന്ന
ഒരോ ഋതുവിലും
നിന്റെ വിരൽപ്പാടുകളുണ്ട്,
നിന്റെ മഴമേഘങ്ങളിൽ
എന്റെ കവിതയുടെ
കിനാവിറ്റുന്നുണ്ട്,
എന്റെ സ്വപ്നങ്ങളിൽ
നീ പടർത്തിയ
വള്ളികളിൽ കാലംതെറ്റിയും
വസന്തം വിടരാറുണ്ട്,
നിന്നിലേക്ക്‌ പടരുന്ന
കിനാവള്ളികളിൽ
എന്റെ ചുടുരക്തനിറത്തിൽ
പനിനീർ പൂക്കൾ വിടരുന്നുണ്ട്,
എന്നിട്ടും
ക്രമം തെറ്റിയ ഒരു
വാക്കിന്റെ വേനൽ വറുതിയിൽ
നിന്നെ ഞാൻ വായിച്ചതൊക്കെയും
തെറ്റായിരുന്നു വെന്ന്
നമ്മിൽ പൂത്ത
ഏത് വസന്തമാണ്
നിന്നോട് പറഞ്ഞത്,
അതല്ലേ
എന്നിലിത്രമേൽ
ചിതയായ് വേവുന്നതും,
നഗ്നമാക്കപ്പെട്ട നോവുകളെ
ചുംബിച്ചുണർത്തുന്നതും….

By ivayana