Jayan Munnurcode*

വെയിൽ വിളക്കു കൊളുത്തുമ്പോൾ
വണ്ടിയിലേറിപ്പോകുന്നൊരു കവി
തേടിത്തീരും ജീവിതമങ്ങനെ
ലഹരിയിൽ മുക്കി മദിക്കുന്നൊരു കവി
പതിവായന്നും പകലിൽ തെളിയെ
“കെട്ടു തെളിഞ്ഞോ” കുശലം കേട്ടു
അപ്പുറമുള്ളൊരു അൻസാർ ഭായി
കൂട്ടായുണ്ടൊരു കുട്ടൻപിള്ള..
“അഴകായ കണ്ണുള്ള, നിരയൊത്ത പല്ലുള്ള
കൈനിറയെ കാശുള്ള, കാണാനഴകുള്ള
ചിരിപാതിയൊട്ടിച്ച പരിചയക്കാരാ
വാലായിക്കൂടിയ വാൽപ്പേരുകാരാ
ഉരിയാടി നിൽക്കുവാൻ നേരമില്ല
പോകുന്ന വഴിയിൽ നീളുന്ന കൈക്ക്
വണ്ടിക്കുപിറകിലിടം കൊടുക്കാൻ
കാത്തു നിൽക്കും തെരുവുനായ്ക്കൾക്ക്
ബിസ്ക്കറ്റു പാക്കറ്റ് പകുത്തു നൽകാൻ
നേരമിത്തിരി വൈകുമെന്നാകിലും
പറയാതെ പോകലെൻ ശീലമല്ല..
കുടിയന് ലഹരി മദ്യമല്ല
ജീവന്റെ സന്തോഷനീരാണത്
ചെയ്ത്തുകൾ ചെയ്തവന്റാവശ്യം പോൽ
കുടിയെന്റെയാവശ്യം തീർത്തും നിർദ്ദോഷിതം..
“പുതുവിചാരം പേറും പെൺകളെ
ആധിപത്യത്വര വരിയുമ്പോൾ
“അലങ്കരണം അറക്കുള്ളിൽ”
ആൺകൽപ്പനകൾ വളരുമ്പോൾ
മൂടിക്കെട്ടിയ തുണിജീവനുകൾ
ശ്വാസംമുട്ടിത്തളരുമ്പോൾ
സദാചാരത്തെരുവുകളിൽ
പ്രണയസമാധികൾ പെരുകുമ്പോൾ
നിറബോധങ്ങളിൽ ആൾക്കൂട്ടം
കറുത്തു വെളുത്തു കറങ്ങുമ്പോൾ
ജാതിബലംകൊണ്ടബലരെയിന്നും
അരികൊതുക്കൽ തുടരുമ്പോൾ
ഏതു മതം പിന്നേതൊരു ദൈവം
സഹികെട്ടൊരുവൻ ചോദിക്കുമ്പോൾ
അച്ചോദ്യം പെരുകിപ്പെരുകി
പലരിൽ വേഗം പടരുമ്പോൾ
അടഞ്ഞ കണ്ണാൽ ലോകം കാണും
നിങ്ങൾക്കെന്റെ നമസ്കാരം
ഈവക കേൾവി നിങ്ങൾക്കാദ്യം
ഈവകയെല്ലാം എനിക്കു തഴക്കം”..
അപ്പുറം വീടിന്റെ ബാൽക്കണിയിലപ്പോൾ
ഒരു തുണിക്കെട്ടു കൈവീശി നിന്നു
ആധിപ്പെട്ടോണ്ടൻസാർഭായി
വീടും നോക്കീട്ടാഞ്ഞു നടന്നു..
കവിക്കവിളിൽ വെയിൽ ചിരിച്ചു..!

By ivayana