സുദർശൻ കാർത്തികപ്പറമ്പിൽ*
‘ഒരു വിപ്ലവതാരകകൂടിപ്പൊലിഞ്ഞുപോയല്ലോ,
ചിരകാലസ്വപ്നശതങ്ങൾക്കുണർത്തുപാട്ടോതി!
ഇനിയിതുപോലുണ്ടാകില്ലൊരു മാനുഷകുലജാത
തനിമയെഴും മലയാളത്തിൻ മധുരവചസ്സായി’…
പട്ടിണികൊണ്ടുഴലും മാനവനൊരുകൈത്താങ്ങേകാൻ
കൊട്ടിയടച്ചോരാ,വാതിൽതഴുതുപൊളിച്ചേവം;
സ്വാതന്ത്ര്യത്തിൻവെൺശംഖധ്വാനവുമായിവിടെ
ആദർശ ശുദ്ധിപകർന്നടരാടിയ മാതാവേ;
ഏകുന്നൂ,ഞങ്ങളൊരായിരമാദരപുഷ്പങ്ങൾ
ആ ദിവ്യസ്മരണയിലശ്രുകണങ്ങൾ പൊഴിച്ചാവോ
ജന്മിത്തംകൊടികുത്തിക്കൊടുവാളോങ്ങിയ നേരം,
നിൻ സിരകൾ തിളച്ചുമറിഞ്ഞതു കണ്ടവരല്ലീനാം
ഒരു കൈത്തിരി വെട്ടം തേടിനടന്നോർ ഞങ്ങൾക്കായ്,
അവിടുന്നുപകർന്നതു സൂര്യവെളിച്ചമതൊന്നത്രേ!
നിൻചിതയിൽ കത്തിക്കാളുമനശ്വരചിന്തകളീ-
ജന്മങ്ങൾക്കവികലശക്തി പകർന്നുയിർകൊള്ളട്ടെ
ആ ധീരോജ്വല കർമ്മത്തിൻ സരണിതെളിച്ചീടാൻ
ആവട്ടെ നിന്നുടെപിൻതലമുറകൾക്കെന്നെന്നും
വിയദങ്കണവീധിയിലൊരുപുതു വിപ്ലവതാരകയായ്
ഉദയപ്പൊൻ കതിരുപൊഴിച്ചേ,യുണരുകയെന്നോനീ!
ജാതിമതപ്പാഴിരുളലകൾ പാടെയകറ്റീടാൻ,
ഏതിരവുംപകലുകളാക്കി പകച്ചുനിൽക്കാതെ;
പടവെട്ടിയ ധീരോദാത്ത മനസ്സിൻമുന്നിലിതാ,
ശിരസ്സുനമിക്കുന്നു,വിനീതവിധേയർ വിമൂകാർദ്രം.