മായ അനൂപ്🙏.

ഒരു വ്യക്തിയുടെ ജീവിതത്തിൽ, മാതാപിതാക്കൾ കഴിഞ്ഞാൽ, ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അവന്റെ അദ്ധ്യാപകരാണ്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ മൂന്നു വയസ്സു വരെ വീടു മാത്രമായിരിക്കും അവന്റെ ലോകം.എന്നാൽ അവനെ സ്കൂളിൽ ചേർത്തു കഴിഞ്ഞാൽ മാതാപിതാക്കളെ കഴിഞ്ഞും അവൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും, അവന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നത് അധ്യാപകർ തന്നെയായിരിക്കും.

ഒരു നല്ല അദ്ധ്യാപകന് താൻ പഠിപ്പിക്കുന്ന കുട്ടികൾ സ്വന്തം മക്കൾ തന്നെ ആയിരിക്കും. പഠിപ്പിക്കുന്ന കുട്ടികളുടെ ഓരോ വളർച്ചയിലും വിജയത്തിലും ഉയർച്ചയിലും മാതാപിതാക്കളെപ്പോലെ തന്നെ സന്തോഷിക്കുന്നവരാണ് അവന്റെ അധ്യാപകരും. മാതാവും പിതാവും കഴിഞ്ഞാൽ പിന്നെ ദൈവത്തെക്കാളും നമ്മൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടവരാണ് നമ്മളെ പഠിപ്പിച്ച അദ്ധ്യാപകരെയും.

തൊഴിലുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് അദ്ധ്യാപനം തന്നെയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. കാരണം ആതുരസേവനം ശ്രേഷ്ഠമല്ലെന്നല്ല എങ്കിലും, അധ്യാപനത്തിൽ മാത്രമുള്ള പ്രത്യേകത എന്തെന്നാൽ അവിടെ രൂപപ്പെടുത്തിയെടുക്കുന്നത് നമ്മുടെ കുട്ടികളെയാണ്…. ഭാവി തലമുറയാണ്… നമ്മുടെ നാളത്തെ ലോകത്തെയാണ്.

മഹാഭാരത പുരാണത്തിൽ നമുക്ക്, ലോകത്തിലേക്കും തന്നെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട ഒരു ശിഷ്യനെയും ഏറ്റവും കുറ്റാരോപണ വിധേയനായ ഒരു ഗുരുവിനെയും കാണുവാൻ കഴിയുന്നതാണ്. ഗുരു ദ്രോണാചാര്യരും ശിഷ്യൻ ഏകലവ്യനും. കുരുവംശ രാജകുമാരന്മാരെ, പാണ്ടവരെയും, കൗരവരെയും, ദ്രോണാചാര്യർ ആയുധവിദ്യകൾ അഭ്യസിപ്പിച്ചിരുന്ന കാലത്തൊരു നാൾ, നിഷാദ വംശജനായ ഏകലവ്യൻ, അദ്ദേഹത്തിന്റെ അടുത്ത് ശിഷ്യത്വം സ്വീകരിക്കാൻ ചെന്നുവെങ്കിലും, രാജകുമാരൻമാരോടൊപ്പം ഒരു വേടനെ വിദ്യ അഭ്യസിപ്പിക്കാൻ ഇഷ്ടപ്പെടാതിരുന്ന ഗുരു, ഏകലവ്യനെ തന്റെ ശിഷ്യനായി സ്വീകരിക്കാൻ തയ്യാറായില്ല.

എങ്കിലും അതിൽ നിരാശനാകാതിരുന്ന ഏകലവ്യൻ, ദ്രോണാചാര്യരുടെ മണ്ണു കൊണ്ടുള്ള ഒരു പ്രതിമയുണ്ടാക്കി, അതിനെ തന്റെ ഗുരുവായി വരിച്ച്, കുമാരന്മാരെ വിദ്യ അഭ്യസിപ്പിക്കുന്നത് മറഞ്ഞു നിന്ന് കണ്ട് പഠിച്ച്, കുമാരന്മാർക്കൊപ്പം തന്നെ സമർത്ഥനായിത്തീർന്നു. ഏകലവ്യന്റെ സാമർദ്ധ്യത്തെ കുറിച്ച് കേട്ടറിഞ്ഞ ഗുരു, തനിക്ക് ഗുരുദക്ഷിണയായി അവന്റെ വലതുകൈയിലെ പെരുവിരൽ തന്നെ ആവശ്യപ്പെട്ടുവെങ്കിലും, ഗുരു ഭക്തനായ
ആ ശിഷ്യൻ ഒരു മടിയും കൂടാതെ സന്തോഷത്തോടെ തന്നെ, തന്റെ ഗുരു ആവശ്യപ്പെട്ടതു പ്രകാരം തന്റെ വലതു കൈയ്യിലെ പെരുവിരൽ മുറിച്ച് ഒരു പാത്രത്തിൽ വെച്ച് ഗുരുവിന് നൽകുകയും ചെയ്തു.

അവന്റെ ആ ഗുരുഭക്തി കണ്ടു മനസ്താപവും പശ്ചാത്താപവും ഉണ്ടായ ഗുരുവര്യൻ അതിൽ മനം നൊന്ത് പിന്നീട് പ്രായശ്ചിത്തം ചെയ്തതായും പറയുന്നു. ഈ കഥയെ കുറിച്ച് ചിലർ പറയുന്നത് എന്തെന്നാൽ, തന്റെ പ്രിയ ശിഷ്യനും മികച്ച ധനുർദ്ധരിയുമായ അർജുനനെക്കാൾ സമർദ്ധനായി മറ്റാരും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഗുരു ഏകലവ്യന്റെ പെരുവിരൽ ആവശ്യപ്പെട്ടത് എന്നാണ്. എന്നാൽ, തന്റെ വംശമായ കുരുവംശത്തിനെതിരെ പ്രയോഗിക്കാൻ വേണ്ടിയാണ് ഏകലവ്യൻ ആ വിദ്യ അഭ്യസിച്ചത് എന്ന് അറിയാമായിരുന്ന ഗുരു, താൻ പകർന്ന വിദ്യ സ്വന്തം വംശത്തിനെതിരെ തന്നെ പ്രായോഗിക്കാതിരിക്കാൻ വേണ്ടി, ഉണ്ട ചോറിന് നന്ദി കാണിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിലർ പറയുന്നു.

ഈ കഥയിലെ സത്യം എന്തു തന്നെയായാലും, ഏകലവ്യന്റെ ദുരവസ്ഥയിൽ വിഷമം ഉണ്ടെങ്കിൽ പോലും, ഒരു ഗുരുവിന്റെ മനസ്സ് കാണാൻ കഴിയുന്ന ആർക്കും തന്നെ ദ്രോണാചാര്യരെ കുറ്റപ്പെടുത്താനാവില്ല. കാരണം മാതാപിതാക്കൾക്ക് മക്കളോട് പക്ഷഭേദം കാണിക്കാൻ കഴിയില്ല എന്നുള്ളത് വാസ്തവം ആണെന്നുള്ളത് പോലെ തന്നെ, ഒരു ഗുരുവിനും, തന്റെ ശിഷ്യരിൽ ഒരിക്കലും പക്ഷഭേദം കാണിക്കാൻ കഴിയില്ല എന്നതാണ് സത്യം.

സ്ഥിരമായി ഒരു അദ്ധ്യാപികയാകാൻ കഴിഞ്ഞില്ല എങ്കിലും, എന്റെ ജീവിതത്തിലും പണ്ട്രണ്ട് വർഷത്തോളം അധ്യാപികയായി ജോലി അനുഷ്ഠിക്കാനുള്ള ഭാഗ്യം എനിക്കും
കിട്ടിയിട്ടുണ്ട്. പിന്നെ ചെറുപ്പത്തിൽ തുടങ്ങിയ ട്യൂഷൻ ക്ലാസ്സുകളും. അതിനാൽ തന്നെ അധ്യാപകരുടെ മനസ്സ് എങ്ങനെ എന്നുള്ളത് നന്നായി അറിയുവാനും കഴിയുന്നു. അങ്ങനെ കുറച്ചു നാളെങ്കിലും ആ ജോലി ചെയ്തത് കൊണ്ടുണ്ടായ ഗുണം എന്നും തന്നെ അനുഭവിക്കാറുമുണ്ട്. കാരണം, ഏതൊരു സ്ഥലത്തു പോയാലും, മിക്കപ്പോഴും നമ്മൾ പ്രതീക്ഷിക്കാതെ ഒരു വിളി കേൾക്കാം. ‘ടീച്ചറെ’ എന്നൊരു വിളി. എനിക്ക് ആ ശബ്ദത്തിന്റെ ഉടമയെ പലപ്പോഴും അറിയാൻ കഴിയാറില്ല. കാരണം അന്നത്തെ കുട്ടികളുടെ രൂപത്തിൽ നിന്നും അവർക്ക് ഒത്തിരി ഒത്തിരി രൂപ മാറ്റങ്ങൾ വന്നിട്ടുണ്ടാവുമല്ലോ. എങ്കിലും, പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ ഉണ്ടാകാറുള്ള ആ സംഗമത്തിന്റെ മധുരം അനിർവചനീയമാണ്. അധ്യാപകർക്ക് മാത്രം കിട്ടുന്ന ഒരു പുണ്യമാണ് അത്.

മൂന്നോ നാലോ വയസ്സുള്ള പ്രായത്തിൽ നമ്മൾ ആദ്യം സ്കൂളിലേക്ക് ചെന്ന സമയത്ത് നമുക്ക് ഒന്നും തന്നെ അറിവുണ്ടായിരുന്നില്ല. എന്നാൽ എത്രയോ അധ്യാപകരുടെ അക്ഷീണമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് നമ്മുടെ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞപ്പോൾ, അജ്ഞാനത്താൽ കറുത്തിരുണ്ടിരുന്ന നമ്മുടെ മനസ്സുകളിൽ അറിവിന്റെ ഇത്തിരി പ്രകാശം തെളിഞ്ഞത്. അതിനാൽ തന്നെ, അറിവുള്ളവർ പറഞ്ഞിരിക്കുന്ന മാതാവും പിതാവും കഴിഞ്ഞാലുള്ള മൂന്നാമത്തെ സ്ഥാനം തന്നെ നമ്മുടെ മനസ്സുകളിൽ എന്നും അവർക്ക് നൽകുക. ജീവിതവഴികളിൽ എവിടെയെങ്കിലും വെച്ച് അവരെ ആരെയെങ്കിലും കാണാനിടയായാൽ, ആദരവിൽ മുക്കിയെടുത്ത സ്നേഹത്തിന്റെ ഭാഷയാൽ, അവരെ ഒരു നിമിഷം പൂജിക്കുക. അതുമാത്രമല്ലേ നമുക്ക് അവർക്കായി ചെയ്യുവാനാവൂ.

നമ്മളൊക്കെത്തന്നെ ചെറുപ്പത്തിൽ നമ്മുടെ അധ്യാപകരോട് എത്ര സ്നേഹത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു പെരുമാറിയിരുന്നത്. ഇന്നും അവരെ ഓർക്കുമ്പോൾ മനസ്സിൽ ആ ആദരവ് നില നിൽക്കുന്നു. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ, അധ്യാപകരുടേയും ശിഷ്യന്മാരുടെയും മനോഭാവത്തിലും പെരുമാറ്റത്തിലും ഒത്തിരിയധികം മാറ്റങ്ങൾ വന്നതായി നമുക്ക് കാണുവാൻ കഴിയും. അതിൽ അധ്യാപകരും വിദ്യാർത്ഥികളും മാത്രമല്ല, ഇന്നത്തെ സമൂഹം മുഴുവൻ തന്നെ തെറ്റുകാരാവാം. എങ്കിലും, ഇനിയും പഴയതു പോലെയുള്ള പവിത്രമായ അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഉരുത്തിരിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
നാളെ സെപ്റ്റംബർ 5. ദേശീയ അധ്യാപക ദിനം…

എന്നെ വിദ്യ അഭ്യസിപ്പിച്ച എല്ലാ അധ്യാപകരെയും ഓർത്തു കൊണ്ട്, അവർക്ക് മനസ്സ് കൊണ്ട് ആദരവ് അർപ്പിച്ചു കൊണ്ട്, ഞാൻ പഠിപ്പിച്ച എല്ലാ വിദ്യാർഥികൾക്കും നന്മകൾ നേർന്നു കൊണ്ട്…
എന്റെ സുഹൃത്തുകളായിട്ടുള്ള അധ്യാപകർക്കും….. പിന്നെ, നമ്മുടെ കുട്ടികൾക്ക് വിദ്യ പകർന്നു നൽകികൊണ്ടിരിക്കുന്ന എല്ലാ അധ്യാപകർക്കുമായി….
അധ്യാപക ദിനാശംസകൾ 🙏

By ivayana