രചന: അഡ്വ. കെ.സന്തോഷ് കുമാരൻ തമ്പി*
“എടോ .., ഞാനീപ്പണി തുടങ്ങീട്ട് കാലം കൊറേ ആയതാ ..
ഈ ജാനൂനെ പഠിപ്പിക്കാൻ വരല്ലേ “
കറവക്കാരി ജാനമ്മ രാവിലെ തന്നെ ഗോപാലനോട് തട്ടിക്കയറി.
അല്ലേലും ജാനമ്മ അങ്ങനെയാണ്.
അവർക്ക് യജമാനനെന്നോ വഴിപോക്കനെന്നോ ഒരു വ്യത്യാസവുമില്ല.
ആരോടും വെട്ടിത്തുറന്ന് ഉള്ളതു പറയും.
പേറ്റുനോവ് എടുത്ത് വാല് പൊക്കി നിൽക്കുന്ന നന്ദിനി പശുവിന്റെ പേറെടുക്കാൻ ജാനമ്മയെ കൂട്ടിക്കൊണ്ടുപോകാനാണ് ഗോപാലൻ അവരുടെ വീട്ടിലെത്തിയത്.
വിവരം മുഴുവനായി കേൾക്കുന്നതിനു മുമ്പുതന്നെ വന്നു ജാനമ്മയുടെ മറുപടി.
” ഞാനീ പേറെടുപ്പ് തുടങ്ങിയിട്ട് വർഷം 45 ആയി ,
ഞാനെടുത്തത്ര പേറൊന്നും ഇവിടെ ഒരു ഡോക്ടറും എടുത്തിട്ടില്ല.
ഗോപാലനങ്ങോട്ട് പോയാട്ട്. ഒന്നും സംഭവിക്കില്ല.
അവളങ്ങ് പെറ്റോളും “
ജാനമ്മയ്ക്ക് വയസ്സ് 60 കഴിഞ്ഞെങ്കിലും പ്രസരിപ്പ് കണ്ടാൽ നാൽപതേ പറയൂ .
നല്ല നീളമുള്ള ഒത്ത ശരീര പ്രകൃതം.
സാരിയണിഞ്ഞ ശീലമേ അവർക്കില്ല.
തൂവെള്ള മുണ്ടുടുത്ത് ബ്ലാസ്സിനു മീതേ ഒരു നീളൻ തോർത്ത് കഴുത്തിൽ ചുറ്റി കൈയ്യിലൊരു ടോർച്ചും കുടയുമേന്തി നടന്നു വരുന്നതു കണ്ടാൽത്തന്നെ നല്ല ചന്തമാണ്
കറവ ജോലി അറിയുന്ന ആളുകൾ അന്യം നിന്നു പോകുന്ന ഈ നാട്ടിൽ ജാനമ്മയ്ക്ക് കിട്ടുന്ന ബഹുമാനം വളരെ വലുതാണ്.
മാസത്തിൽ 5 ദിവസമെങ്കിലും ജാനമ്മ കറവ മുടക്കിയിരിയ്ക്കും.
കറവയ്ക്ക് മുടക്കം വന്നാൽ തൊട്ടടുത്ത ദിവസം കാലത്ത് അല്പം നേരത്തേ വന്ന് ജാനമ്മയുടെ ഒരു പറച്ചിലുണ്ട്.
“വെളുപ്പിനെ 2 മണിക്ക് തുടങ്ങുന്ന പണിയാ
എനിക്കും വേണ്ടേ കൊറേ റെസ്റ്റൊക്കെ “
അതോടെ യജമാനന് ഉത്തരം മുട്ടും.
സ്വന്തമായുള്ള ജാനമ്മയുടെ അഞ്ചു പശുക്കൾക്കു പുറമെ പതിനാറ് പശുക്കളെയാണ് ദിവസം രണ്ടുനേരം അവർ കറക്കുന്നത്.
മേടു കാട്ടുന്ന പശുക്കളിലാരെങ്കിലും എന്തെങ്കിലും ,കുറുമ്പു കാട്ടിയാൽ മുലക്കാമ്പിന്റെ അറ്റത്ത് ജാനമ്മ ചെറുതായൊന്നു പിച്ചും. പിന്നെ താനേ പശുക്കളൊക്കെ അനുസരിയ്ക്കും.
വെളുപ്പിനെ 2 മണിക്കു തുടങ്ങുന്ന നടപ്പ് രാവിലെ 6 മണിക്ക് അവസാനിപ്പിച്ചാൽ പിന്നെ വീട്ടിലെ പശുക്കളെ ഒന്നൊന്നായി അവർ കറക്കും.
ജാനമ്മയ്ക്ക് സഹായത്തിനാരുമില്ലാതായിട്ട് കൊല്ലം നാലായി.
മക്കളില്ലാത്ത ദു:ഖത്തിൽ തളർന്ന ജാനമ്മയ്ക്ക് പ്രിയപ്പെട്ടവന്റെ വിയോഗവും വേദനയായി.
രാവിലെ 8 മണിയായാൽ റോഡിലൂടെ ഒരു നടപ്പുണ്ട്. .
നടപ്പെന്നു പറഞ്ഞാൽ വെറും നടപ്പല്ല,
കുപ്പികളിൽ പാൽ നിറച്ച് സഞ്ചിയിലാക്കി വീടുകളിലേയ്ക്ക് പാലെത്തിക്കാനുള്ള തത്രപ്പാടിനിടയിലും വഴി നീളെ ചെലച്ചു കൊണ്ടുള്ള ഒരു ഓട്ട പ്രദക്ഷിണം.
ജാനമ്മ പഴേ എട്ടാം ക്ലാസ്സുകാരിയാണ്.
തുടർന്ന് പഠിച്ചില്ലെങ്കിലും ബുദ്ധിയുടേയും കൗശലത്തിന്റേയും കാര്യത്തിൽ അവരുടെ മുന്നിൽ ആരും തോറ്റു പോകും.
ഇംഗ്ലീഷിലെ ചുരുക്കം ചില വാക്കുകൾ അവസരോചിതമായി അവർ പ്രയോഗിക്കും.
നാട്ടിൽ നടക്കാൻ വിദൂര സാധ്യതകൾ പോലുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കാനുള്ള അവരുടെ കഴിവാണ് അപാരം.
എന്തും ഉച്ചത്തിൽ പറഞ്ഞേ ജാനമ്മയ്ക്ക് ശീലമുള്ളൂ. പറയുന്നതു കാര്യമാണെങ്കിലും കേൾക്കുന്നവർക്ക് വഴക്കാണെന്നേ തോന്നൂ.
നാട്ടിലെ സകല കാര്യങ്ങളും ജാനമ്മ അറിഞ്ഞു കഴിഞ്ഞേ മറ്റാരും അറിയുകയുള്ളൂ.
പലപ്പോഴും ആറാം ഇന്ദ്രിയം അവരിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു പോലും തോന്നിപ്പോകും.
ജാനമ്മയുടെ വീട്ടുമുറ്റത്ത് ഓങ്ങിം താങ്ങിം നിന്ന ഗോപാലനോട് അവർ വീണ്ടും പറഞ്ഞു.
” അപ്പോ താൻ പോയില്ലേ ?
അങ്ങോട്ട് ചെന്ന് പയ്യിനെ അഴിച്ച് വെളിയിൽ കെട്ടിയാട്ട് “
തൂവെള്ള മുണ്ടുടുത്ത് നീളൻ തോർത്ത് ചരിച്ചുടുത്ത് കഴുത്തിൽ തോർത്ത് ചുറ്റി മുന്നോട്ടും പിന്നോട്ടും ഇറക്കിയിട്ട് കൈയ്യിൽ കുടയും ടോർച്ചും പിടിച്ച് ഉച്ചത്തിൽ അണ്ണാക്ക് വെച്ച് ജാനമ്മ പതിവുശൈലിയിൽ ഗോപാലന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ അവർ പറഞ്ഞത് അങ്ങനെ തന്നെ സംഭവിച്ചിരുന്നു.
പെറ്റു വീണ കുഞ്ഞിക്കിടാവിനെ നക്കിത്തുടച്ചു കൊണ്ടു നിന്ന നന്ദിനിപ്പശു ജാനമ്മയെ നോക്കി തല കുലുക്കിയിട്ട് അനുസരണക്കുട്ടിയെപ്പോലെ നിൽക്കുന്നുണ്ടായിരുന്നു.