മാമലക്കുഞ്ഞിന്റെ നാഥൻ മാഹാദേവ-
നാമയം തീർത്തെന്നെ രക്ഷിച്ചുകൊള്ളണേ
താമരയ്ക്കുള്ളിൽ വസിക്കുന്ന ദേവിയാം
താമാരാക്ഷീമണീമൗലേ നമോസ്തുതേ

ആഗോളവ്യാപിയായുള്ളോരു നമ്മുടെ
ആജീവനാന്തപ്രവാസീയജീവിതം
ആതങ്കപൂരമാണെങ്കിലും മേൽക്കുമേൽ
ആനന്ദജീവപ്രകാശമിക്കേരളേ

ചൂടേറ്റുവാടിത്തളർന്നുവെന്നാകിലും
പാടുപെട്ടേറ്റം ക്ഷയിച്ചുവെന്നാകിലും
വീടിന്റെ നന്മയ്ക്കുവേണ്ടി പ്രയത്നിച്ചു
നാടിൻ മുഖച്ഛായ മാറ്റീ പ്രവാസികൾ!

നാട്ടിൽ സുഖിക്കുന്ന വീട്ടുകാരാപ്പണം
ചാട്ടിക്കളിക്കുന്ന കാഴ്ചകൾ കാണവേ
പാട്ടത്തിനുള്ളോരു ഭൂമിയിൽ കാർഷികം
കൂട്ടമായ് വന്നു നശിപ്പിച്ച പന്നിപോൽ!

തട്ടിട്ടുകെട്ടുന്നകട്ടിലാണക്കരെ
വെട്ടിച്ചുരുക്കുവാനക്കോമഡേഷനും
മുട്ടിമുട്ടിപ്പതം വന്നാലുമീശ്വരാ
കട്ടിയാണേ ലാട്രിനെപ്പൊഴും കുറ്റിയാ!

വീട്ടിലോ, കട്ടിലും സോഫയും കുഷ്യനും
ഇൗട്ടിത്തടികൊണ്ടു തന്നെ നിർമ്മിക്കണം
ആട്ടത്തിനൊട്ടും കുറവില്ല വീട്ടുകാർ
പാട്ടുകേട്ടാടുവാനൂഞ്ഞാല് കെട്ടുവോർ

ഗൾഫന്റെ വീട്ടിൽപ്പിരിവുകാരെത്തിയാൽ
ഗർവ്വോടെ നൽകണം വൻതുക വീട്ടുകാർ
അക്കരെക്കൂട്ടുകാരൊപ്പിച്ചുനൽകുന്ന
ചക്രവും കൊണ്ടവർ ഫ്ലൈറ്റിൽക്കരേറിടും

ഇക്കരെ വന്നിറങ്ങീടും പ്രവാസിതൻ
വിക്രമം തീരുന്നു രണ്ടുമാസങ്ങളിൽ
അക്രമം കാട്ടുവാനാർക്കും മടിയില്ല
നിക്കറും കീറിയോൻ വീണ്ടും പറന്നിടും

വീട്ടുകാർ,നാട്ടുകാർ,കൂട്ടുകാരെന്നിവർ
കൂട്ടായി ശോഷണം ചെയ്വൂ പ്രവാസിയെ
അപ്പച്ചിയപ്പന്റെ ചേട്ടന്റെ ഭാര്യേടെ
ക്ലാപ്പനക്കെട്ടിച്ച നാത്തൂന്റെ വീട്ടിലെ

പാലുകാച്ചാണതിന്നെത്ര പറഞ്ഞവൾ
നാലായിരത്തിന്റെ സാരിയും കമ്മലും
ചേലൊത്തമാലയും നെക്ലെസും വാങ്ങുവാൻ
കാലത്തുതൊട്ടേ വിളിക്കുന്നു ശ്രീമതി

പള്ളിപ്പെരുനാള് വന്നിങ്ങടുത്തെടോ
തള്ളിക്കളയാതൊരമ്പതിൻ ചെക്ക് താ
കള്ളടിച്ചാടി നടക്കുന്നളിയന്റെ
പിള്ളാർക്ക് ഫീസും കൊടുക്കാൻ പ്രവാസികൾ

പച്ചക്കറിച്ചന്തലേലത്തിനെന്നപോൽ
കച്ചോടമാക്കുന്നു സർക്കാരെയർലയിൻ
പിച്ചക്കുതെണ്ടിത്തിരിഞ്ഞിപ്രവാസിതൻ
ഉച്ചിക്ക് ടാക്സാലടിക്കുന്ന കേന്ദ്രവും!

കാശടിക്കുന്നൊരീയന്ത്രം തുരുമ്പിച്ച്
ദേശാടനം കഴിഞ്ഞിങ്ങുവന്നീടവേ
ഒാശാന പാടിനടന്ന വർഗ്ഗങ്ങളും
കീശാവിഹീനനെത്തള്ളിപ്പറഞ്ഞിടും!

ഭക്ഷണമെല്ലിന്റിടയിൽ കടക്കവേ
ലക്ഷണം കൈവിട്ട മല്ലാക്ഷിമാർ ചിലർ
തൽക്ഷണം തന്നെയൊളിച്ചോടിയെത്രപേർ
അക്ഷിയിൽക്കണ്ണീര് മാത്രവന്നിനി.

By ivayana