Shafi Velom*

ഒരേ സ്വരമുള്ള പക്ഷികൾ മാത്രം ചിലയ്ക്കുന്ന രാഷ്ട്രം സ്വപ്നംകണ്ടുറങ്ങുമ്പോൾ,
ചോരമണമുള്ള ചരിത്രം ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ,
ഉറങ്ങാതിരിക്കൂ.
ചരിത്രമില്ലാതാക്കാനാണ് ഒരുക്കമെങ്കിൽ
ഒരുനിമിഷം
ആകാശത്തേക്ക് നോക്കുക.
ഭൂമിയിൽ നടക്കുന്നതെല്ലാം
ആകാശത്തിന്റെ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.
നിങ്ങളപ്പോൾ ആകാശത്തേക്ക് വെടിയുണ്ടകളെറിഞ്ഞ്
ആകാശത്തിന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ നോക്കും.
ഒടുവിലത്,
തിരകൾക്കു നേരെ വെടിയുണ്ടകളെറിഞ്ഞത് പോലെയാവും.
നിങ്ങളുടെ അവസാന ആലോചനയിൽ,
ചരിത്രം കുഴിച്ചുമൂടാൻ തോന്നിയേക്കാം.
അങ്ങനെ ;
നിങ്ങളുടെ ഭൂമിയിലെ ക്രൂരത കണ്ട്
ആകാശവും കരയും,
നിങ്ങളപ്പോൾ
ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തും
പക്ഷെ ; നിങ്ങളോർത്തില്ല
ആ കണ്ണിൽ നിന്നിറ്റിയ
തുള്ളികളിൽ
മണ്ണിട്ട്മൂടിയ
ചരിത്രം തലയുയർത്തുമെന്ന്
ഒടുവിൽ,
പറിച്ചെറിയാൻ പറ്റാത്ത വിധം ചരിത്രം ഭൂമിയിൽ വേരാഴ്ത്തും

By ivayana