മൻസൂർ നൈന*

കേരളത്തിന് പ്രശസ്തരായ നിരവധി സംഗീതജ്ഞരെയും , കലാകാരന്മാരെയും സംഭാവന ചെയ്തിട്ടുള്ള പ്രദേശമാണ് കൊച്ചി . കൊച്ചിയുടെ മറ്റൊരു സംഭാവനയാണ് കലാഭവൻ ഹനീഫ് . മെഹ്‌ബൂബ് , യേശുദാസ് , മുത്തയ്യ , ഗോവിന്ദൻകുട്ടി തുടങ്ങി ഇങ്ങോട്ട് നിരവധി കലാകാരന്മാർക്കിപ്പുറം കലാഭവൻ ഹനീഫിനെയും ഫോർട്ടു കൊച്ചിയും – മട്ടാഞ്ചേരിയും എന്ന ഇരട്ട നഗരം സമ്മാനിച്ചതാണ് .

സാധാരണക്കാരനായ ഒരു നടനാണ് കലാഭവൻ ഹനീഫ് എന്നു വെച്ചാൽ തികച്ചും സാധാരണക്കാരൻ . മൂന്ന് പതിറ്റാണ്ടോളം ഇരുന്നൂറിലേറെ സിനിമകളിലൂടെ…. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ… പാണ്ടിപടയിലെ
ചിമ്പുവായും … പറക്കും തളികയിലെ മണവാളനായും…. ഒക്കെ എന്നും ഓർത്തോർത്ത് ചിരിക്കാൻ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ .
എനിക്ക് നേരത്തെ അറിയാം കലാഭവൻ ഹനീഫിനെ , അദ്ദേഹത്തിന്റെ അനുജൻ അസീസ് എന്റെ ജേഷ്ട്ട സഹോദരൻ ഫിർദൗസ് നൈനയുടെ സഹപാഠിയായിരുന്നു . ഹനീഫ്ക്കയുടെ വീട്ടിൽ അദ്ദേഹത്തോടൊപ്പം അൽപ്പ സമയം ചിലവഴിച്ചപ്പോൾ അദ്ദേഹം മനസ് തുറന്നു . വളച്ചു കെട്ടില്ലാതെ നേർക്ക് നേരെയുള്ള തുറന്ന സംസാരം ……..

30 വർഷത്തോളമായി സിനിമയിലൂടെയുള്ള ജീവിതം . എന്നാൽ ഇത്രയേറെ വർഷം സിനിമയിലൂടെ ജീവിച്ചിട്ടും വഴിവിട്ട ഒരു മാർഗ്ഗത്തിൽ അദ്ദേഹം സഞ്ചരിച്ചില്ല , ആഡംബരങ്ങളില്ലാത്ത ജീവിതം . ഹംസയുടെയും , സുബൈദയുടെയും മകനായ ഹനീഫ് മട്ടാഞ്ചേരി ഹാജി ഈസ സ്ക്കൂളിൽ നിന്നാണ് സ്ക്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയത് . സ്ക്കൂളിൽ നിന്ന് തന്നെ തുടങ്ങി തന്റെ കലാജീവിതം . കൊച്ചി പനയപ്പള്ളിയിലെ മൗലാനാ ആസാദ് ലൈബ്രറി ബാലജനസഖ്യത്തിൽ അംഗമായിരുന്നപ്പോൾ അഖില കേരള ബാലജനസഖ്യം നടത്തിയ മൽസരത്തിൽ മോണോ ആകട് / മിമിക്രി വിഭാഗത്തിൽ 1978 , 79 , 80 കാലത്ത് മൂന്ന് വർഷം തുടർച്ചയായി ഒന്നാം സമ്മാനം നേടി ചെറുപ്രായത്തിലെ കഴിവു തെളിയിച്ചു .
എറണാകുളത്ത് കലാഭവന് ആരംഭിക്കുന്നതിന് മുൻപ് ചിലർ ഇവിടെ മിമിക്രി ആരംഭിച്ച് കഴിഞ്ഞിരുന്നു . കേരളത്തിൽ ആദ്യമായി സിനിമാ നടന്മാരെ അനുകരിച്ചത് പിന്നീട് പ്രശസ്ത നടനായി മാറിയ കൊച്ചിൻ ഹനീഫയാണ് . അനുകരണ കലയിൽ ഗ്ലാമർ പരിവേഷം ഉണ്ടാക്കി ആലപ്പി അഷറഫും കടന്നു വന്നു . ഇദ്ദേഹം അക്കാലത്ത് വളരെ ഭംഗിയായി പ്രേംനസീറിനെ അനുകരിക്കുമായിരുന്നു .

കലാഭവൻ അൻസാർ , പ്രസാദ് , ഇന്നത്തെ പ്രശസ്ത സംവിധായകന്മാരായ സിദ്ദീഖ് – ലാൽ , കലാഭവൻ റഹ്മാൻ , കലാഭവൻ ഹനീഫ് , സൈനുദീൻ , എന്നിവർ പ്രോഗ്രാമുകളായി മിമിക്രി രംഗം സജീവമാക്കിയിരുന്ന കാലം . ഏതോ ഒരു പ്രോഗ്രാം ഏറ്റെടുത്തിരുന്ന സമയം ഒരാഴ്ച മുൻപ് സൈനുദ്ദീൻ ഖത്തറിലേക്ക് പോയി . അങ്ങനെയിരിക്കെ പ്രോഗ്രാമിനായി കലാഭവൻ അൻസാറിന്റെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം കലാഭവൻ റഹ്മാൻ വന്നു . അങ്ങനെ കലാഭവൻ റഹ്മാനും ഹനീഫും ചേർന്ന് പ്രോഗ്രാം അവതരിപ്പിക്കാൻ ധാരണയായി . സമയം കുറവായതിനാൽ രണ്ട് പേരും ചേർന്നുള്ള തയ്യാറെടുപ്പുകൾ സാദ്ധ്യമല്ലാതെ വന്നപ്പോൾ കലാഭവൻ റഹ്മാനും , കലാഭവൻ ഹനീഫും അവരവരുടെ പ്രോഗ്രാം പ്രത്യേകവും എന്നാൽ കോർത്തിണക്കിയും ഒരു പരിപാടി അവതരിപ്പിച്ചു അത് വലിയ ശ്രദ്ധ നേടി .

ഈ പ്രോഗ്രാം കഴിഞ്ഞ് ഇവർ തോപ്പുംപടിയിലെത്തി ഹനീഫ് കപ്പലണ്ടി മുക്കിലുള്ള തന്റെ വീട്ടിലേക്ക് പോയി ബാക്കിയുള്ളവർ തോപ്പുംപടിയിലെ ഒരു ഹോട്ടലിൽ കൂടിയിരുന്നു സംസാരിക്കവെ ഇന്നത്തെ ജനപ്രിയ സംവിധായകനായ സിദ്ദീഖിന് ഒരു ആശയം ഉദിച്ചു . ഒന്നോ രണ്ടോ പേർ ചേർന്ന് മിമിക്രി അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി 5 – 6 പേർ ചേർന്നു പരേഡായി ഒരു പ്രോഗ്രാം അവതരിപ്പിക്കുക . ഈ ആശയം എല്ലാവർക്കും ഇഷ്ട്ടമായി . അങ്ങനേയാണ് കേരളത്തിൽ ആദ്യമായി ‘മിമിക്സ് പരേഡ് ‘ രൂപം കൊള്ളുന്നത് .


‘ കലാഭവൻ ‘ പലരുടെയും സ്വപ്നങ്ങൾക്ക് ചിറക് വെച്ചു പിടിപ്പിച്ചിരുന്ന കാലം . കലകളുടെ ലോകത്തേക്ക് പുതിയ അദ്ധ്യായം തുന്നിചേർക്കുകയായിരുന്നു എറണാകുളം നോർത്തിൽ ഇന്നും സ്ഥിതി ചെയ്യുന്ന കലാഭവൻ . കലാഭവന്റെ എല്ലാം എല്ലാമായിരുന്ന ആബേൽ അച്ഛൻ കലാഭവനിലൂടെ കേരളത്തിൽ കലയുടെ ലോകത്തേക്ക് ഒരു തലമുറയെ തന്നേ വാർത്തെടുക്കുകയായിരുന്നു . ഇതിനിടെ കലാഭവനിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു . ചില പ്രശ്നങ്ങളാൽ അശോകൻ , സിദ്ദീഖ് , ലാൽ , NF വർഗ്ഗീസ് എന്നിവർ ചേർന്ന് ‘ ഹരിശ്രീയായി ‘ മാറി . ഇതോടെ കേരളത്തിൽ മറ്റൊരു കലാകേന്ദ്രം ജനിച്ചു . ആദ്യമായി കലാഭവന് ഒരു പകരക്കാരൻ . പക്ഷെ അത് ആരോഗ്യകരമായ ഒരു മൽസരമായിരുന്നു . അതിനാൽ ഈ രംഗത്തേക്ക് കൂടുതൽ സാദ്ധ്യതകൾ കടന്നു വന്നു .


ഇതിനിടേയാണ് ജയറാമിന്റെ വരവ് …..
ജയറാമിന്റെ സ്വപ്നങ്ങളിലൊന്ന് കലാഭവനായിരുന്നു . ജയറാമിന്റെ മാത്രമല്ല അക്കാലത്തെ മിമിക്രി ആർട്ടിസ്റ്റുകളുടെയൊക്കെ സ്വപ്നമായിരുന്നു കലാഭവൻ . ഇവിടെ നിന്നും ‘ഹരിശ്രീയിലേക്ക് ‘ കുറച്ചു പേർ പോയതോടെ പകരം ആളുകളെ നോക്കുമ്പോഴാണ് ജയറാമിനെ ശ്രദ്ധയിൽ പെടുന്നത് . പെരുമ്പാവൂരിലേക്ക് 2567 എന്ന അന്നത്തെ ട്രങ്ക് കോൾ ബുക്ക് ചെയ്താണ് ജയറാമിനെ വിളിച്ച വരുത്തുന്നതെന്ന് ഹനീഫ് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു .
കലാഭവനിലല്ലാതെയുള്ള സ്വകാര്യ പരിപാടികൾക്ക് ഹരിശ്രീ അശോകൻ , ചേലക്കുളം റഹ്മാൻ , കലാഭവൻ ഹനീഫ് , ജയറാം എന്നിവർ ചേർന്ന് പ്രോഗ്രാമുകൾ അവതരിപ്പിച്ചു വന്നു . കൊച്ചിയിലൊ പരിസര പ്രദേശങ്ങളിലൊ ആണ് പ്രോഗ്രാമാണെങ്കിൽ പ്രോഗ്രാം കഴിഞ്ഞ് കപ്പലണ്ടി മുക്കിലെ മേപ്പറമ്പിലുള്ള ഹനീഫിന്റെ വീട്ടിലാവും ഇവരെല്ലാവരും കിടന്നുറങ്ങുക . എറണാകുളത്താണെങ്കിൽ ഹരിശ്രീ അശോകന്റെ വീട്ടിലും . വലിയ സൗഹൃദങ്ങളുടെ ഒരു ലോകമായിരുന്നു അന്ന് എന്നത് ഹനീഫ് പറയുന്നു .

അഞ്ച് വർഷത്തോളം ഹനീഫ് കലാഭവനിലുണ്ടായിരുന്നു പിന്നീട് ഒരു ഹാർഡ് വേർ കമ്പിനിയുടെ ഓർഡർ കാൻവാസ് ജോലിയിലേക്ക് കയറി . ഇതിനിടെ പോസ്റ്റ് ഓഫീസിലേക്ക് താൽക്കാലിക ജീവനക്കാരനായി ഒരു വർഷത്തോളം ജോലി നോക്കി . പോസ്റ്റ് ഓഫീസിൽ ഉണ്ടായിരുന്ന സമയത്താണ് P&T കൾച്ചറൽ & സ്പോർട്ട്സ് സൗത്ത് ഇന്ത്യൻ മീറ്റിൽ മോണോ ആക്ട് മിമിക്രി വിഭാഗത്തിൽ മൽസരത്തിൽ പങ്കെടുക്കുന്നത് . അതിൽ സൗത്ത് ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

മൈഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളായി സൈനുദ്ദീൻ വന്നതോടെ മിമിക്രി രംഗത്തുള്ള പലർക്കും സിനിമാ മോഹം മൊട്ടിട്ടു . ഒരു ഗൾഫ് പ്രോഗ്രാമിനായി പോയ സാഹചര്യത്തിലാണ് ആ ട്രൂപ്പിലുണ്ടായിരുന്ന യേശുദാസിന്റെ ഗിത്താറിസ്റ്റ് സതീശ് “തനിക്ക് സിനിമയിൽ ഒരു കൈ നോക്കിക്കൂടെ ” എന്ന് ഹനീഫിനോട് ചോദിക്കുന്നത് . സതീശിന്റെ അളിയൻ പ്രേമചന്ദ്രന്റെ ‘ചെപ്പു കിലുക്കണ ചങ്ങാതി ‘ എന്ന സിനിമയിലാണ് സതീശിന്റെ റക്കമെന്റോടെ ആദ്യമായി സിനിമയിൽ പ്രവേശിക്കുന്നത് ഇത് 1991 ലാണ് . അവിടെ നിന്നിങ്ങോട് മൂന്ന് പതിറ്റാണ്ടിൽ ഇരുന്നുറിലേറെ ചിത്രങ്ങൾ .

ഇതിനിടയിൽ ടിപ് ടോപ് അസീസ്ക്കയുടെ നാടകത്തിൽ അവസരം ചോദിച്ചു വാങ്ങി ഹനീഫ് അങ്ങനെ രമണന്റെ മരണം , എനിക്ക് ഗുസ്തി പഠിക്കണ്ട എന്നീ നാടകങ്ങളിൽ അഭിനയിച്ചു . ‘ കമ്മത്ത് & കമ്മത്ത് ‘ എന്ന സിനിമയിലെ മമ്മൂട്ടിയും ദിലീപും സംസാരിക്കുന്ന കൊങ്കിണി – മലയാളം കലർന്ന സംസാര ശൈലിയിൽ കലാഭവൻ ഹനീഫിന്റെ ഒരു കോൺട്രിബ്യൂഷനുണ്ട് .
ഇപ്പോഴും എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നു . കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഹനീഫ് ബന്ധുക്കൾ , സുഹൃത്തുക്കൾ , എന്നിവരുമായി നല്ല ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നു .

By ivayana