മംഗളൻ കുണ്ടറ*

കാർമുകിൽ വിണ്ണിന്റെ വിരിമാറി-
ലെത്തുവാൻ
കാവടി പോലൊരു പാലം തീർത്തു!
കാലപ്പഴക്കത്താൽ താഴെ-
പ്പതിക്കാതെ
കാലുകൾ വാനിലും ഭൂവിലും നാട്ടി!
കരവിരുതാലർക്കൻ മഴമുത്തുകൾ
ചാർത്തി
കാവടി സപ്ത വർണ്ണത്തിലാഴ്ത്തി!
വാനിലാ വർണ്ണങ്ങൾ വിസ്മയം
വിതറവേ
വാനവും ഭൂമിയും പ്രേമത്തിലായ്!
വാനമാ സേതു കടന്നെത്തി
ഭൂമിയെ
വാരിപ്പുണർന്നു പ്രണയാർദ്രമായ്!
അർക്കനോ അതിലേറിയാകാശം
പൂകി യീ
അത്ഭുത സല്ലാപക്കാഴ്ച കണ്ടു!
സുതാംശുവും താരകങ്ങളും
കൊതി പൂണ്ടു
സൂത്രത്തിലണയാൻ നിനച്ചിരിക്കേ!
സൂര്യന്റെ ഗതി പടിഞ്ഞാറ്റായി
വർണ്ണങ്ങൾ
സൂര്യ ഗതിക്കൊപ്പം പോയ്മറഞ്ഞു.

By ivayana