റോയി ആൾട്ടൻ*

പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്
ഉമ്മന്‍ സാര്‍ , വിദ്യാധരന്‍ സാര്‍ , മുരളീധരന്‍ സാര്‍, ബാസ്ട്യന്‍ വില്ല്യം സാര്‍ പിന്നെ കേ പി അപ്പന്‍ സാര്‍ അങ്ങനെ പലരും
എങ്കിലും ഇവരില്‍ എനിക്ക് വളരെ ഇഷ്ടം മുരളീധരന്‍ സാറിനെ ആണ്
സ്കൂളില്‍ പഠിക്കുന്ന കാലം .. അന്ന് ചെറുതായി കവിത (എന്ന് പറയാന്‍ പറ്റില്ല ) കുത്തിക്കുറിക്കുമായിരുന്നു

ഒരു ദിവസം രാവിലെ പ്രകൃതിയുടെ വിളി വന്നു നന്ഗ്നനായി ചിന്താമഗ്നനായി വെളിക്കിരിക്കുമ്പോള്‍ കവിത മനസ്സിന്‍റെ പടിവാതിലില്‍ കടന്നു വന്നു തട്ടി വിളിച്ചു.
ആത്‌മാവില്‍ മുട്ടി വിളിച്ച പോലെ………………… ആ മുട്ടി വിളി അനുഭൂതിയുടെ ഉത്തുംഗശൃംഗത്തിലേക്ക് എന്നെ എടുത്തുയര്‍ത്തിക്കൊണ്ട് പോയി
മനസ്സിന്‍റെ അന്തരാളങ്ങളില്‍ കൂലംകഷമായ ചിന്തയില്‍ നിന്നും വിസ്ഫോടനമായി ഉയിര്‍ത്തെഴുനേറ്റ സര്‍ഗാത്മകതയുടെ അനിയന്ത്രിതമായ പ്രവാഹം തടഞ്ഞുവച്ചു ഭാവിയുടെ വാഗ്ദാനമായ ഒരു കവിയുടെ ജന്മം തകര്‍ക്കാന്‍ എനിക്ക് മനസ്സു വന്നില്ല……. അക്ഷരങ്ങളുടെ ഒരു പ്രവാഹമ ആയിരുന്നു പിന്നീടു മനസ്സില്‍
അങ്ങനെ ആദ്യമായി കവിത ഒരെണ്ണം എഴുതി മനസ്സില്‍ . സ്കൂളില്‍ എത്തിയപ്പോള്‍ അത് ഒരു കടലാസിലേക്ക് പകര്‍ന്നു വച്ചു.

എനിക്ക് തന്നെ മനസ്സിലായില്ല അതെന്താണെന്ന് .. എങ്കിലും എഴുതി ..
എങ്ങനെയോ കറങ്ങി തിരിഞ്ഞു ആ കടലാസ് എന്‍റെ ആ ജന്മ ശത്രുവായ ഷജിലിന്റെ കയ്യില്‍ എത്തി … അപ്പോള്‍ അതാ വരുന്നു മുരളീധരന്‍ സാര്‍ .
സാര്‍ വരുന്നത് കണ്ടാല്‍ അണ്ണാന്‍ ചകിരി കടിച്ചു പിടിച്ചുകൊണ്ടു വരികയാണ് എന്നെ തോന്നൂ … ഇടയ്ക്ക് നരച്ച കട്ടി കൊമ്പന്‍ മീശ വെട്ടാറില്ല … കൊമ്പന്‍ മീശ തടവി സാര്‍ ഗര്‍ജിച്ചു ..
” എന്താ ഇവിടെ ഒരു ബഹളം “
“സാര്‍ റോയീ കവിത എഴുതി ” കിട്ടിയ അവസരം പാഴാക്കാതെ ഷജില്‍ വിളിച്ചു കൂവി
“എവിടെ നോക്കട്ടെ …..” മുരളീധരന്‍ സാര്‍

കേട്ട പാതി കേക്കാത്ത പാതി അവന്‍ കടലാസ് എടുത്തു സാറിനു കൊടുത്തു. സാര്‍ വായന തുടങ്ങി. മനസില്‍ കവിത വായിക്കുന്ന സാറിന്‍റെ മനസ്സില്‍ ഉരുണ്ടു കൂടുന്ന വികാരങ്ങളുടെ തള്ളിക്കയറ്റം സാറിന്‍റെ മുഖത്ത് തിരയടിക്കുന്നു… ഇന്ന് അടിയുടെ ആറാട്ട്‌ ആണെന്ന് എനിക്ക് മനസ്സിലായി …
സാര്‍ പതുക്കെ എന്‍റെ അടുത്തേക്ക് നടന്നു വരുന്നു. കൊമ്പന്‍ മീശക്കു പതിവിലും അധികം തിളക്കം … എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നു. വയറ്റില്‍ പഞ്ചാരി മേളം നടക്കുന്നു ……
സാര്‍ അടുത്ത് വന്നു പറഞ്ഞു “എഴുനേല്‍ക്ക് ….”

സാറിന്‍റെ വരവ് കണ്ടു പേടിച്ച് ചെവിയടച്ചു പോയ ഞാന്‍ ഇരുന്നു കൊണ്ട് പഞ്ചാബി ഹൗസിലെ ദിലീപിനെ പോലെ പറഞ്ഞു “ജബ … ജബ ജബാ ……”
“നിന്നോടല്ലിയോടാ എഴുനേക്കാന്‍ പറഞ്ഞത് ……… ” സാറിന്‍റെ ശബ്ദം ഉയര്‍ന്നു … ഷജില്‍ അടക്കി ചിരിക്കുകയാണ്
ബോധം ഇല്ലെങ്കിലും ഞാന്‍ എഴുനേറ്റ് നിന്ന് ….സാര്‍ അടുത്ത് വന്നു എന്‍റെ മുഖത്തേക്ക് നോക്കി … കടലാസിലേക്കും … പിന്നേം മുഖത്തേക്കും … പിന്നേം കടലാസ്സിലെക്കും ….. പിന്നെ എല്ലാരേം നോക്കി പറഞ്ഞു .. “നന്നായിരിക്കുന്നു കവിത … മനോഹരം … നന്നായി എഴുതി ഇതെനിക്ക് വേണം ……” സാര്‍ കടലാസ് മടക്കി പോക്കറ്റില്‍ ഇട്ടു …….

അത്രയും നേരം എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ഇരുന്ന ഷജില്‍ അപ്പോള്‍ ക്ലാസ്സ്‌ റൂമിലെ ഉത്തരത്തില്‍ നോക്കി കഴുക്കോല്‍ എണ്ണുന്നു ….
സാര്‍ എന്‍റെ തോളില്‍ കയ്യിട്ടു …. ഞാന്‍ ദൃദംഗപുളകിതനായി വിജ്രുംഭിതനായി …. അഭിമാനത്തിന്‍റെ കൊടുമുടികള്‍ ഒന്നൊന്നായി ഓടിക്കയറി ……
സാര്‍ പതിയെ ആരും കേള്‍ക്കാതെ എന്‍റെ ചെവിയില്‍ പറഞ്ഞു “മേലാല്‍ ഇതാവര്‍ത്തിക്കരുത് … വൈകിട്ട് വീട്ടില്‍ ചെന്നിട്ടു നന്നായി ഒന്നു വെളിക്കിറങ്ങിയാല്‍ മതി .. ഈ അസുഖം മാറി കിട്ടും ….”

ഞാന്‍ നിന്ന നില്‍പില്‍ ആവിയായി
തോളില്‍ തട്ടി “മിടുക്കന്‍ ” എന്ന് ഉച്ചത്തില്‍ പറഞ്ഞു സാര്‍ നടന്നു പോയി ……
അന്ന് ഞാന്‍ ക്ലാസ്സിലെ ഹീറോ ആയി … സാര്‍ എന്നെ ഹീറോ ആക്കി ….. പക്ഷെ സത്യം എനിക്കും സാറിനും മാത്രം അറിയാം.

By ivayana