സുനു വിജയൻ*

ലോകത്തിലെ എല്ലാ അദ്ധ്യാപകർക്കും വിശിഷ്യാ ഏകാധ്യാപകർക്കു ഈ കഥ സമർപ്പിക്കുന്നു.

ഞാൻ ജലജാ ദേവി
കുട്ടികളും മുതിർന്നവരും എന്നെ ജലജ ടീച്ചർ എന്നേ വിളിക്കൂ. അതിപ്പോൾ സംസാരിച്ചു തുടങ്ങിയ കുട്ടിമുതൽ തൊണ്ണൂറ്റി രണ്ടു വയസുള്ള കോരൻ വല്യപ്പൻ വരെ. അവരങ്ങനെ സ്നേഹത്തോടെ ജലജ ടീച്ചറേ എന്നു വിളിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റൂല്ല.

ചിലപ്പോൾ ഞാൻ ഒരു വലിയ അരയാൽ മരമായി തീർന്നിരുന്നെങ്കിൽ എന്നു തോന്നും. സംസാരിക്കാനും, പാട്ടുപാടാനും, കഴിവുള്ള ഒരു അരയാൽ മരം. എന്റെ മരത്തണലിൽ ചെറിയ കുട്ടികൾ വന്നിരിക്കണം. അവർക്ക് സ്നേഹത്തോടെ അക്ഷരങ്ങളുടെ വെളിച്ചം പകർന്നു നൽകണം.. എന്റെ തണലിൽ അവർ ഓടിക്കളിക്കണം, നന്മയുടെ ബാലപാഠങ്ങൾ പഠിക്കണം..
ഒരിക്കലും നടക്കാത്ത സ്വപ്നം. പക്ഷേ ഞാൻ ഇങ്ങനെ സ്വപ്നം കാണും, ഒരു ഏകാധ്യാപികയുടെ വെറും സ്വപ്നം.

കഴിഞ്ഞ കുറെ വർഷങ്ങളായി ദൂരെ ആ കാട്ടിലെ കുരുന്നുകൾക്ക് ഞാൻ അക്ഷരവെളിച്ചം പകർന്നു നൽകാൻ ശ്രമിച്ചുവരുന്നു
ആനയും, കടുവയും ഉള്ള കാട്ടുപാതകൾ ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. വന്യ മൃഗങ്ങൾ ഉണ്ട് എന്നുള്ളത് വാസ്തവം. പക്ഷേ എന്റെ മുന്നിൽ ഇതുവരെ അവയൊന്നും വന്ന് എന്റെ വഴി മുടക്കിയിട്ടില്ല.. കാലത്തും വൈകിട്ടും പന്ത്രണ്ടു കിലോമീറ്റർ, അത് ഏറ്റവും ചെറിയ ദൂരമാണ് കേട്ടോ. ഈ ദൂരം കാട്ടുവഴികളിൽ കൂടി നടക്കുമ്പോൾ കാലിൽ കുളയട്ടകൾ കടിച്ചു തൂങ്ങാറുണ്ട്. ചോരകുടിച്ചു വീർത്ത അട്ടകൾ ചിലപ്പോൾ സ്വയം അടർന്നു പോകും, ബാക്കിയുള്ളവയെ ആ ചെറിയ പള്ളിക്കൂടത്തിൽ എത്തിക്കഴിഞ്ഞു ഉപ്പ് പുരട്ടി അടർത്തിക്കളയും.

ചെറിയ പള്ളിക്കൂടം എന്നു പറഞ്ഞത് എൽ പി സ്കൂൾ എന്ന ഉദ്ദേശ്യത്തിലാണ്. ഞാനും പത്തു കുട്ടികളും. അത്രമാത്രം. ഒന്നുമുതൽ നാലുവരെ ക്ലാസ്സിൽ ആകെ പത്തു കുട്ടികൾ.
ഈ കാടിന്റെ മക്കളുടെ സ്കൂളിൽ ഇത് കുറവല്ല കേട്ടോ. ദിവസവും കിലോമീറ്ററുകളോളം നടന്നു വേണം കുട്ടികൾ സ്കൂളിൽ എത്താൻ. അവർക്കു ഇങ്ങനെ നടന്നു വന്നു പഠിക്കാൻ മടിയാണ്. അതുകൊണ്ട് കുട്ടികൾ താമസിക്കുന്ന കുടിയിൽ പോയി അവരെ കൂട്ടിക്കൊണ്ടാണ്മിക്കദിവസവും കാലത്ത് ഞാൻ സ്കൂളിൽ എത്തുക.

കുട്ടികൾക്ക് ഉച്ചക്ക് കഴിക്കാൻ കഞ്ഞി വക്കുന്നതും ഞാൻ തന്നെ. അവരിൽ ചെറിയ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതും ഞാൻ തന്നെ. ഒക്കെ ഞാൻ തനിച്ചു ചെയ്യണം.
ഇതൊക്കെ ചെയ്യാൻ എനിക്ക് സന്തോഷമേ ഉളളൂ. ഞാൻ മടുത്താൽ ഈ കാടിന്റെ മക്കളുടെ അക്ഷര ദീപം അണഞ്ഞു പോകും. ഈ കൊച്ചു സ്കൂൾ അടഞ്ഞു പോകും, എനിക്ക് അന്നത്തിനു വേറെ എന്തെങ്കിലും മാർഗ്ഗം ദൈവം കാണിച്ചു തരും. പക്ഷേ ഈ കുരുന്നുകളുടെ അക്ഷര വെളിച്ചം കെട്ടുപോകുന്നത് സഹിക്കാൻ എനിക്കാവില്ല.

ആർക്കും താൽപ്പര്യമില്ല ഈ കൊച്ചുപള്ളിക്കൂടം നിലനിർത്താൻ. വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമുള്ള ഒരു സ്ക്കൂൾ. അതും കാട്ടിലെ ഊരുകളിലെ ആദിവാസി കുട്ടികൾ. ആ കുട്ടികൾക്ക് സ്കൂളിൽ വരാൻ താൽപ്പര്യവും വളരെ കുറവ്. അപ്പോൾ അവർക്കുവേണ്ടി പറയാനും, അവർക്കായി പ്രയത്നിക്കാനും ആരുവരാൻ?
കോരിച്ചൊരിയുന്ന മഴയത്ത്,, കോടമഞ്ഞു കാഴ്ചയെ മറക്കുന്ന സന്ധ്യക്കു, ഞാൻ എന്റെ സ്കൂളിലെ ചെറിയ കുട്ടികളെ ഒക്കെത്തും, പുറത്തും ചുമന്നു നടക്കാറുണ്ട് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതറിയില്ല. പക്ഷേ ജലജ ടീച്ചറെ കുട്ടികൾക്കറിയാം, കാടിന്റെ മക്കളിൽ ചിലർക്കെങ്കിലും അറിയാം.

മാനും, മയിലും, പുലിയും, മരുതും, മാവും, എന്താണ് എന്ന് കാട്ടിലെ കുട്ടികൾക്ക് അറിയാം. എന്നാൽ അവയെ എഴുതാനും, എഴുതി വായിക്കാനും പഠിപ്പിക്കാൻ മഴവെള്ള പാച്ചിലിൽ ഞാൻ കാടു കയറിയിറങ്ങി.

ടീച്ചറെ കാണുമ്പോൾ കുടിയുടെ പിന്നിലെ വന്മരത്തിനു പിന്നിൽ ഓടി ഒളിച്ച കുട്ടികളുടെ പേടി ഞാൻ മാറ്റി. അവരുടെ മൂക്കിൽ നിന്നും ചാടുന്ന കട്ടിയുള്ള മൂക്കള ചീറ്റി തുടച്ചു വൃത്തിയാക്കാൻ അവരെ ഞാൻ പഠിപ്പിച്ചു.എങ്ങനെ നിക്കറും ഉടുപ്പും ശരിയായി ധരിക്കണം, എപ്പോഴൊക്കെ കൈകൾ വൃത്തിയാക്കണം എന്നൊക്കെ ഞാൻ അവരെ പഠിപ്പിച്ചു.

മുട്ടയും, പാലും, പയറും, കഞ്ഞിയും നൽകി അവരുടെ വിശപ്പകറ്റി, അവർക്കു അറിവിന്റെ തെളിനീരു പകർന്നു കൊടുക്കാം എന്നു കാട്ടിലെ അവരുടെ നിരക്ഷരരായ മാതാപിതാക്കളെ പറഞു സമ്മതിപ്പിച്ചു, ആ കുഞ്ഞുങ്ങൾക്ക് അമ്മയേക്കാൾ സ്നേഹം നൽകി പാമ്പിൽ നിന്നും പഴുതാരയിൽ നിന്നും, കുളയട്ടകളിൽ നിന്നും ഞാൻ കാത്തു. ഒരു തപസ്യപോലെ ഞാൻ ആഴ്ചയിൽ അഞ്ചു ദിവസവും കാടു കയറിയിറങ്ങി. കുഞ്ഞുങ്ങൾക്ക് അന്നവും അക്ഷരവും വിളമ്പി.
ഇന്ന്… ഇന്ന് എല്ലാം തകർന്നു. ഏകാധ്യാപിക ജലജാദേവിയെ വാനോളം പുകഴ്ത്തിയവരും, കാടിന്റെ അക്ഷര മുറ്റത്തെക്കുറിച്ചു സംസാരിച്ചവരും എവിടേയോ പോയി ഒളിച്ചു.
ഒരധികപ്പറ്റായി ആ കൊച്ചു സ്കൂളിനെ കണ്ടവരുണ്ടായിരുന്നു , എന്തിനിങ്ങനെ കഷ്ടപ്പെടണം എന്നു പറയുന്നവർ ഉണ്ടായിരുന്നു. ആ സ്കൂളിനെയും ആ കാടിന്റെ കുരുന്നുകളെയും എല്ലാവരും ഇന്നു മറന്നു. അല്ലങ്കിൽ മറക്കാൻ നിർബന്ധിതരായി.

ഞാൻ ജലജാദേവി, കോവിഡിൽ മൂടിക്കെട്ടിയ വായും മൂക്കുമായി എന്റെ കാടിന്റെ കുഞ്ഞുങ്ങളെയോർത്തു എന്റെ ഈ ചെറിയ വീടിന്റെ ഉമ്മറത്തിരുന്ന് ദൂരെ കോടമഞ്ഞുയരുന്ന, മഴമേഘങ്ങൾ തകർത്തു പെയ്യുന്ന,ആ കാട്ടിലെ വന്മരങ്ങളുടെ ദൂരക്കാഴ്ചകൾ കണ്ടു നെടുവീർപ്പിടുന്നു.

അന്നം കിട്ടാത്ത കുഞ്ഞുങ്ങൾക്ക് എങ്ങനെ മൊബൈൽ ഫോൺ കിട്ടാൻ, അഥവാ കിട്ടിയാലും അതെന്താണ് എന്നറിയാത്ത മാതാപിതാക്കൾ മൊബൈലിനു ഒരു റേഞ്ചും ഇല്ലാത്ത കാട്ടിൽ അതുകൊണ്ട് എന്തു ചെയ്യാൻ.ഓൺലൈൻ ക്ലാസ്സ്‌ എന്തെന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത ആദിവാസി കുടികൾ

അ, യും അമ്മയും, പെരുക്ക പട്ടികയും ആ കുഞ്ഞുങ്ങൾ മറന്നു പോയിരിക്കാം.പരിസര പഠനവും, മനക്കണക്കും, അക്ഷരമാലയും അവർ എന്നേ ദൂരെ കളഞ്ഞിരിക്കാം.
കാട്ടുകിഴങ്ങും, തേനുംകഴിച്ച് , കാട്ടിലെ തെളിനീരു കുടിച്ചു ജീവിക്കുന്ന അവരുടെ കുടിയിലേക്ക് പോയിട്ട് നാളുകൾ ഏറെയായി. അവർക്ക് അന്നവും, സർക്കാർ കിറ്റും കിട്ടാറുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു പോയില്ല. മറ്റാരെങ്കിലും അവിടേക്കു പോയോ എന്നും അറിവില്ല. പോയിരിക്കാൻ വഴിയില്ല. കാരണം നല്ലകാലത്തു അവിടേക്കു പോകാൻ മടിയുള്ളപ്പോൾ ഈ മഹാമാരിക്കാലത്ത് എങ്ങനെ പോകാൻ?.

മൂക്കും വായും കെട്ടാതെ, ശുദ്ധവായു ശ്വസിച്ചു, കോവിഡ് എന്ന മഹാവ്യാധിയെ പേടിക്കാതെ,അത് എന്തെന്ന് അറിയാതെ അവർ കാടിനുള്ളിൽ സൌര്യമായി കഴിയുന്നുണ്ടാകണം . ഈ കാടുള്ളിടത്തോളം അവർ പട്ടിണി കിടന്നു ചാകില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവർ ജീവിക്കട്ടെ ഭയമില്ലാതെ, ആശങ്കയില്ലാതെ.

ഓ നിങ്ങൾ എന്നെ,ജലജാദേവി എന്ന ഈ ഏകാധ്യാപികയെ ഇപ്പോൾ കുറ്റപ്പെടുത്തുന്നുണ്ടാകാം. സാരമില്ല.ഞാൻ ഈ അവസ്ഥയിൽ പരിശുദ്ധി ഇനിയും നഷ്ടപ്പെടാത്ത ആ കാട്ടിലേക്കു കയറില്ല. അവർ കാടിറങ്ങി വരുന്ന നാളിനായി ഞാൻ കാത്തിരിക്കുന്നു. നിങ്ങൾ പറയൂ അതല്ലേ നല്ലത്. കാരണം ഭയമല്ല വേണ്ടത്. കരുതലാണ്. അവരുടെ ഉള്ളിലെ വെളിച്ചം കെടുത്തി അക്ഷര വെളിച്ചം നൽകാൻ എനിക്കാവതില്ല. അതെ ഞാൻ കരുതലോടെ കാത്തിരിക്കുന്നു. നിങ്ങളെപ്പോലെ. നാളെ എല്ലാം ശരിയാകുന്ന ആ പുലരിക്കായി പ്രതീക്ഷയോടെ.

By ivayana