മോഹൻദാസ് എവർഷൈൻ*
ജന്മങ്ങളിനിയുമാശിപ്പതെന്തിന്ന് നീ –
സോദരാ,ജന്മങ്ങൾ കർമ്മാതിഷ്ടിതം.
ഈ ജന്മമെ വ്യർത്ഥമാക്കീടവേ,സ്വർഗ്ഗം
കിനാക്കളിൽ നിനച്ചുറങ്ങുന്നവൻ നീ.
നേരിന്റെമാർഗ്ഗമെല്ലാം ഉപേക്ഷിച്ചൊരോ
ഗൂഡതന്ത്രം തിരഞ്ഞിങ്ങുഴറവെ അന്യമാ
യീടുന്നരികിലുള്ളൊരു സൗഭാഗ്യമെങ്കിലു-
മറിയാതെ മഹാശുന്യതയെ പുല്കുന്നു നീ.
കുരുതിക്കളമൊരുക്കി കാത്തിരിക്കവേ
ശത്രുസംഹാരമല്ലാതെന്തുണ്ട് ഹൃത്തിൽ
വേദാന്തസാഗരം നീന്തികടന്നവരെങ്കിലും
ശാന്തിതീരത്തണയുവാനാകാതെയല്ലോ.
പ്രണയപിശാചുക്കൾ ചുടുനിണം തേടി
അലയുമൊരു ഭ്രാന്താലയത്തിൽ, കാമം
കാവൽ നില്കുന്നു ചെന്നായ്ക്കളെപോൽ
ഹൃദയം തുറക്കാതെ കാതരെ മടങ്ങുകനീ
മധുരഭാഷണമിത് പാഷാണമെന്നറിയുക
സ്നേഹചിരാതുകളൂതികെടുത്തുവാൻ
ഊഴം തിരയവേ, മോഹങ്ങൾ കൊഴിയും
നഷ്ടസ്വപ്‌നത്തിന്റെ ചുടുകാട്ടിലാണു നീ
വിശപ്പ് കിളിർക്കുന്ന തരിശ് പാടങ്ങളിൽ
വിയർപ്പിന്റെ ഗന്ധം മറന്നോരു കാറ്റിലും
മണ്ണിന്റെ കണ്ണീരുപ്പ് നീറ്റലായി നിറയുന്നു.
കാലം ചിതയൊരുക്കി കാത്തിരിക്കുന്നു
സ്നേഹ പ്രവാഹത്തിൽനിന്നൊരുകുമ്പിൾ
പകരുവാനറിയാതെ,ശാപജന്മംചുമന്നിങ്ങ്
തളരുന്ന നേരത്ത്, പാപകർമ്മങ്ങൾ തീമഴ –
യായ് ആത്മശാന്തിയുംകവർന്ന്പോയിടും