ജനാർദ്ദനൻ കേളത്*

സ്പർശനസുഖം മായ്ച്,
ദർശന സുഖം തേടും
ആപ്പിൽ, സ്നേഹ-
പരിലാളനങ്ങളുടെ
കൌതുക വാക്കുകൾ!
ഒളികണ്ണുകളൊപ്പിയെ-
ടുത്ത രഹസ്യങ്ങൾ
മഞ്ഞളാടിയ പരസ്യ വിതാനങ്ങളിലൂടെ
ആൻഡറോയ്ടിൽ
ഓൺലൈൻ പഠനം!
ജ്ഞാന വിദ്യാധിപൻ
ഗൂഗ്ൾ, സർവജ്ഞ
പീഠത്തിൽ ഇരുന്ന്,
വിലകാതെ, വലവെച്ച്,
പ്രധാന ഓൺലൈൻ
ഉപജ്ഞാതാവായി!
ശാസ്ത്ര ഫാസിസം,
കോവിഡ് – 19 ന്
ക്രയപത്രം ചാർത്തി,
വിദ്യാഭ്യാസ മുറയുടെ
ഉടമാവകാശത്തീർപ്പ്
ആഗോളവൽക്കരിച്ചു!
വിരൽത്തുമ്പിൽ
വിളയാടുന്ന വിദ്യാ-
ഭ്യാസ വിമതകളിൽ
വീർപ്പുമുട്ടി, ഗുരുകുല ശാസ്ത്രാഭ്യസനത്തിൻ്റെ-
സംസ്കൃതിയിൽ നിന്നും
ഗുരുത്വം വിട ചൊല്ലി!
തെണ്ടാനിറങ്ങിയ
മകനോട് അമ്മ
ചോദിച്ചു :
സെൽഫോൺ
എടുക്കുന്നില്ലേ?!
മകൻ്റെ മറുപടി ചോദ്യം:
ഇന്ന്
അദ്ധ്യാ-പക ദിനമല്ലെ ?!
ആശങ്കയും ആകുലതയും
കൂടി കലർന്ന നുള്ളു
സഹിഷ്ണുതയോടെ,
അമ്മ മൌനം നടന്നകന്നു,
അടുക്കളയിലെ
പുകമറയിലേക്ക്!!

By ivayana