ഷാജി നായരമ്പലം*

ഒരുതുള്ളി നീരൊഴുക്കില്ലാതെയറ്റുപോ-
മുറവ കാണാതെ തപിച്ച മണ്ണും
പുഴയായ്പ്പുനർജ്ജനിച്ചുണരുന്നു, പുളിനങ്ങൾ
പുതുമുളപ്പിൻ പച്ച നീർത്തിടുന്നു.
ദലമർമ്മരങ്ങൾ നിലച്ചൊട്ടു നഗ്നമാം
ശിഖരങ്ങൾ വീണ്ടും തളിർത്തു, വേനൽ-
ക്കൊടിയ താപം കൊണ്ടു തല പൊക്കുവാൻ പോന്ന
കുട നിവർത്തീടും തരുക്കൾ കാൺക.
തരളമായ് വീണ്ടും തലോടുന്നിളംകാറ്റു്
പിടിതരാതാഞ്ഞൊന്നു വീശിയാലും
ഝടിതി കോപം വിട്ടു ശാന്തമായ് ശീതള-
ക്കുളിർ പൊതിഞ്ഞെത്തിടും സ്നേഹമോടെ.
മുടിയനാം പുത്രനായ്പോകിലും മർത്യ; നി-
ന്നവിവേകമൊക്കെപ്പൊറുത്തു വീണ്ടും
മിഴിനീരുമുക്കിത്തുടച്ചെടുത്താർദ്രമായ്-
ത്തിരളുന്നു ജീവാമൃതം ധരിത്രി.
ധിഷണയും സ്നേഹവും ദയയും സഹിഷ്ണുതാ-
ഗുണവും നിറച്ചു നിർമ്മിച്ച ലോക-
പ്രകൃതിയാണെങ്ങും! മറുത്തുള്ളതൊക്കെയും
ക്ഷണികമായ് പൊങ്ങും; ഉടഞ്ഞുവീഴാൻ…
ഒരുപുൽക്കൊടിത്തുമ്പൊടിഞ്ഞുവീണാൽ പോലു-
മുടയും മനസ്സണ്ടു ചുറ്റുപാടും;
അവരത്രെ, ലോകത്തിരുട്ടിൻ്റെ വാഴ്ചയെ-
ത്തടയുന്നു, മിന്നാമ്മിനുക്കമായി…..

By ivayana