ഹാരിസ് ഖാൻ*

പയ്യനെ പൂച്ച മാന്തിയതിന് കുത്തിവെപ്പ് എടുക്കാൻ വന്നാതായിരുന്നു സർക്കാർ ആശുപത്രിയിൽ ..
“മോനെ എവിടെയും തൊടാതെ ശ്രദ്ധിച്ച് നടക്കൂ, കോറോണ പിടിക്കും … “
” ആ എന്നെ പിടിച്ചാൽ വിവരം അറിയും”
” ആര് ..? “
“കൊറോണ”
“വെൽഡൺ മൈ ബായ് കീപ്പിറ്റ് അപ്പ് “

“സൂചി വെക്കുന്നതിന് പകരമായി എന്നെ ബീച്ചിൽ കൊണ്ട് പോണം “
“ബീച്ചെല്ലാം അടവാണെടാ കേവിഡായിട്ട്, ബീച്ച് പൂട്ടി പോലീസ് താക്കോലുമായി പോയി .. “
“വെർതെ കള്ളം പറയണ്ട, ബീച്ചിൽ കൊണ്ടോണം അല്ലേൽ ഞാൻ മാസ്ക് ഊരും.. “
ആ ഭീഷണിക്ക് വഴങ്ങിയാണ് രണ്ട് പയ്യൻമാരുമായി ബീച്ചിലേക്ക് പോവാൻ തീരുമാനിക്കുന്നത്.
കോവിഡ് കാലമായ ശേഷം എങ്ങും പോവാതെ കുട്ടികളെല്ലാം തന്നെ വീട്ടിൽ തന്നെ ഇരിപ്പല്ലെ.? ഒന്നു കറങ്ങിവരാം
“ഉമ്മാാ…പപ്പ കൊരങ്ങാ “
അവൻ സന്തോഷം ഒളിച്ച് വെച്ചില്ല..

സ്നേഹം കൂടുമ്പോളെല്ലാം ചെറിയവൻ പേരിലൊരു കുരങ്ങനെ ചേർക്കും.
വണ്ടി പെട്രോൾ പമ്പിലേക്ക് കയറ്റി. BC 19ന് (BC: ബിഫോർ കോവിഡ്) മുന്നെ 250 രൂപക്ക്
പെട്രോൾ അടിച്ചാൽ കോഴിക്കോട് പോയി മടങ്ങി വരാമായിരുന്നു. ഇപ്പോൾ 500 ന് അടിക്കണം.
പെട്രോളടിച്ച് രാഷ്ട്രനേതാവിൻെറ പിതാവിനെ സ്മരിച്ച് രാഷ്ട്രപിതാവിൻെറ തലയുള്ളൊരു നോട്ടെടുത്ത് ബംഗാളിക്ക് നീട്ടി.

കോവിഡിന് ശേഷം സ്ഥാപനത്തിൽ നിന്ന് ഇങ്ങോട്ട് വരുമാനമൊന്നുമില്ല, എന്നാലോ അങ്ങോട്ടേക്ക് കാശും വാടകയും പോകുന്നുമുണ്ട് .അതൊന്നും മേരി ഭാരത് മഹാൻമാർക്ക് അറിയേണ്ടതില്ലല്ലോ..?
നഗരത്തിലേക്ക് പ്രവേശിച്ചതോടെ രണ്ട് പേർക്കും നേരത്തെ വിശന്നു . അമ്മ ഹോട്ടലിൽ നിന്ന് ചോറും ഫിഷ് ഫ്രൈയും പാർസൽ വാങ്ങി കൊടുക്കാം 350ൽ നിൽക്കും. കോവിഡ് കാലത്തെ കഞ്ചൂസ് മനസ്സ് കണക്ക് കൂട്ടി.

“ങാ..ചോറും കഞ്ഞിയുമെല്ലാം പപ്പ കഴിച്ചാൽ മതി. ഞങ്ങൾക്ക് ചിക് കിംഗ്, അല്ലേൽ പിസ… “
ന്യൂ ജെൻ നിർത്തിയങ്ങ് അപമാനിക്കുകയാ ണെന്നേ…
ചിക് കിംഗ് ആണേൽ 350ൽ നിൽക്കൂല 750 ൽ നിന്നാൽ ഭാഗ്യം…
സിറ്റിയുടെ തുടക്കത്തിൽ ഗോകുലം ഗോവാലേട്ടൻ പുതിയൊരു മാൾ എലിക്കെണി പോലെ കെണിച്ച് വെച്ചിട്ടുണ്ട്…

അത് രണ്ട് പേരുടേയും കണ്ണിൽ പെടാതിരിക്കാൻ ഞാൻ മാളിൻെറ ഓപ്പോസിറ്റ് ഭാഗത്തെ ബേബി ഹോസ്പിറ്റലിലേക്ക് കൈചൂണ്ടി ശ്രദ്ധമാറ്റാൻ ശ്രമിച്ചെങ്കിലും ഗോപാലേട്ടൻെറ ബിൽഡിംഗ് ആരുടേയും ശ്രദ്ധയാകർഷിക്കുന്നതായത് കൊണ്ട് ഞാൻ പരാജിതനായി.
വണ്ടി അങ്ങോട്ട് കയറ്റേണ്ടി വന്നു…

പുതിയ മാൾ ആയതിനാൽ ഫുഡ് കോർട്ടൊന്നും ഓപ്പണായിട്ടില്ല. എന്നാൽ ലുലു ഹൈപ്പർ മാർക്കെറ്റ് പോലൊന്ന് അവിടെ തുറന്ന് വെച്ചിട്ടുണ്ട്. ഫുഡ് അവിടെ കിട്ടും.
കൈകളിൽ ഇടാൻ പ്ലാസ്റ്റിക് കയ്യുറകൾ തന്നു. അതു ധരിച്ച് ഉള്ളിൽ കയറി nutella യുടെ ബോട്ടിലുകൾ നിരത്തിവെച്ച ഭാഗത്ത് നിന്ന് ദിശ മാറി നടന്നു.പയ്യൻസ് കണ്ടാൽ ഒരു സ്പൂൺ കഷ്ടിച്ച് കടക്കുന്ന ചോക്ലേറ്റ് സിറപ്പിൻെറ കുഞ്ഞ് ബോട്ടിലിൻെറ 380 വേറെ പോവും…
ഫ്രൈഡ് ചിക്കനും, ബർഗ്ഗറും പെപ്സിയും വാങ്ങി 800 ബില്ലടച്ചു.

ഈ ഹൈപ്പർ മാർക്കറ്റ് എന്നാൽ 20, 40, 60, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നെല്ലാം കണ്ട് നമ്മൾ സാധനങ്ങൾ കൊട്ടയിൽ പെറുക്കിയിടും ബില്ലടിക്കുന്ന കൗണ്ടറിൽ എത്തുമ്പോൾ ടാക്സ്, വാറ്റ്, ജി എസ് ടി എന്ന് പറഞ്ഞ് സംഖ്യ ഇരട്ടിക്കുന്ന ഒരു പ്രത്യേക പ്രതിഭാസമാണ്… (കൊറോണ കാലത്താണ് ഞാനിതെല്ലാം മനസ്സിലാക്കുന്നത്)
വാങ്ങിയ ഫുഡ് അടിക്കാനായിട്ട് ബീച്ച് സൈഡിലെ ഒഴിഞ്ഞ ഒരു സ്ഥലം കണ്ടെത്തി.
പാക്കറ്റ് തുറന്നതെയുള്ളൂ. ഒരു സ്വർണ്ണ വർണ്ണമുള്ളൊരു പൂച്ച എങ്ങ് നിന്നോ ഓടിയെത്തി.
കോവിഡ് കാലമായതിന് ശേഷം പക്ഷി മൃഗാധികൾ പലതും പട്ടിണിയിലാണ്.
പാക്കറ്റിലെ ആദ്യ കഷ്ണം ചിക്കൻ അവൻ അതിന് വിളമ്പി. തന്നെ പൂച്ച മാന്തിയതിലുള്ള പൂർവ്വ പകയൊന്നും അവൻ പൂച്ച വർഗ്ഗത്തോട് വെച്ച് പുലർത്തുന്നില്ല.
സന്തോഷം…

ചിരിത്രത്തിലെ പൂർവ്വകാല പകയിലാണല്ലൊ നമ്മുടെ തലമുറ ഊർജ്ജം കണ്ടെത്തുന്നത്…?
കഴിച്ച് കടൽ നോക്കിയിരിക്കുമ്പോൾ ലോട്ടറി വിൽപ്പനക്കാരിയായ ഒരമ്മ വന്നു. ലോട്ടറി വേണ്ടെന്ന് പറഞ്ഞപ്പോൾ 50 രൂപ തന്നാൽ മതി കൈ നോക്കാമെന്നായി. സോഫ കം ബെഡ് പോലെ ലോട്ടറി കം കൈനോട്ടക്കാ രിയാണ്.
വേണ്ടന്ന് പറഞ്ഞിട്ടും അവർ പോവാൻ കൂട്ടാക്കിയില്ല. അവർ കയ്യിലേക്ക് നോക്കി ആദ്യത്തെ ചൂണ്ടയെറിഞ്ഞു.

“ഓട്ടക്കയ്യാണ്, 10 കിട്ടിയാൽ 100 ചിലവാക്കുന്ന ആളാണ്. ധാരാളിയാണ് … “
എന്നിലെ ധാരാളിക്കത് സുഖിച്ചു , പക്ഷെ
50 രൂപ കളയുന്നത് എന്നിലെ പിശുക്കന് അത്ര സുഖിച്ചില്ല..
ലോകത്തിലെ ഏത് അറുപിശുക്കനോട് പറഞ്ഞാലും സത്യമാവുന്ന വാക്കാണത്. അവനവനെപ്പോഴും അവനവന് ധാരാളി യാണ്…
ഞാനതിൽ വീണില്ല.

“പറഞ്ഞത് സത്യമല്ലെ പപ്പാ, കൈ കാണിച്ച് കൊടുക്കൂ “
കിട്ടുന്ന കാശെല്ലാം കുടക്കയിലിടുന്ന അറു പിശുക്കനായ മൂത്തവൻ പ്രോത്സാഹിപ്പിച്ചു.
കാശ് കുടുക്കയിലിടുമ്പോഴെല്ലാം ഞാനവനെ ഓർമ്മിപ്പിക്കും
“സമ്പാദിക്കുന്ന കുട്ടിയൊരു അശ്ലീലമാണെന്ന് കൽപ്പറ്റ നാരയണൻ മാഷ് പറഞ്ഞിട്ടുണ്ട്. അതിന് മിഠായി വാങ്ങി കഴിക്കൂ… “
“മൂപ്പർക്കതൊക്കെ പറയാം.. എനിക്ക് ഗെയിം കളിക്കാൻ മൊബൈല് മൂപ്പര് വാങ്ങി തര്വോ.? പപ്പ വാങ്ങി തര്വോ ..?”
” No..no പത്ത് കഴിയാതെ No മൊബൈൽ “
എന്നിലെ തന്തയുണർന്നു..

കൈ നോട്ടക്കാരി മുഖം വീക്ഷിച്ച് അടുത്ത ചൂണ്ടയിട്ടു.
“കലാകാരനാണ്, കലാ സാഹിത്യത്തിൽ തൽപരനായ വ്യക്തിയാണ്.. “
എനിക്ക് വീണ്ടും സുഖിച്ചെങ്കിലും ഞാൻ കൈനീട്ടാൻ വിമുഖത കാണിച്ചു..
“പപ്പ വലിയ കലാകാരനല്ലെ? കൈ കാണിച്ച് കൊടുക്കൂ… “

ചെറിയവൻെറ വഹ താങ്ങൽ വേറേ..
” ഇതൊക്കെ അവരുടെ സൈക്കളോജിക്കൽ മൂവാണെടാ… “
ഞാൻ അമ്പത് രൂപ രക്ഷപ്പെടുത്താൻ വീണ്ടും ശ്രമിച്ചു..
ധാരാളി, കലാകാരൻ എന്നീ രണ്ട് വിശേഷണങ്ങളിൽ വീഴാത്ത ഏത് മലയാളിയുണ്ട്..?
കേരളത്തിലെ എല്ലാ മനുഷ്യരും താനൊരു കലാകാരനാണെന്ന് സ്വയം വിശ്വസിക്കുന്ന വനാണ്.കവിയല്ലാത്ത ഏത് മനുഷ്യനാണ് കേരളത്തിലുള്ളത്. ഒരു കവിതയെങ്കിലു
മില്ലാത്ത ഒരു പ്രൊഫൈൽ പോലും ഞാൻ ഇതേവരെ എഫ് ബിയിൽ കണ്ടിട്ടില്ല…
“പാവല്ലെ പപ്പേ, അമ്പത് കൊടുക്കൂ.. “
ഞാൻ കൈ നിവർത്തി..
ഭാവിയിൽ ആർക്കാണ് പ്രതീക്ഷയില്ലാത്തത്?

By ivayana