സുദർശൻ കാർത്തികപ്പറമ്പിൽ*
‘അമ്മപറഞ്ഞെൻ മകനേ,യെന്നും
നന്മകൾ മാത്രം ചെയ്‌വൂനീ
നന്മകൾ ചെയ്‌തതി മാനുഷനായി-
ട്ടുണ്മയ്ക്കുള്ളുയിരാകൂനീ’
പുലരിപിറന്നാലോരോനിമിഷവു-
മീലോകത്തിൻ ചെയ്തികളെ,
എതിർത്തുതോൽപ്പിച്ചീടാനായ് നിജ,
പാതകൾവെട്ടിത്തെളിപ്പുനീ
അപ്പൊഴുമാ,മനതാരിൽ മകനേ-
യുൾപ്പുളകംപൂണ്ടോർത്തീടൂ,
ജന്മം നൽകിയൊരാ,ജഗതീശ്വര-
കർമ്മത്തിൻ സുരുചിരഭാവം!ഓർക്കുന്നൂ,
ഞാനിപ്പൊഴുമത്തിരു-
വാക്കുകളാർദ്രമനന്തംഹാ
നിർമ്മമ ചിന്താധാരയിൽ മുങ്ങി,
ചിന്മുദ്രാങ്കിതനായമലേ!
നമുക്കുചുറ്റും കാണ്മതു നിത്യം
മനുഷ്യമുഖമാണെന്നാലും,
അതിന്റെയുൾമുഖമറിയാനായ്നാം
നിതാന്ത ജാഗ്രതയോടേവം;
തളർന്നിടാതനുരാഗപ്പൂങ്കുളിർ,
ചൊരിഞ്ഞതീന്ദ്രിയ ഭാവനയാൽ,
ഉണർന്നെണീപ്പൂ,നവകാവ്യാങ്കുര-
ഗാനശതങ്ങളുമായിമുദാ.
നിറഞ്ഞ ഹൃദയത്തോടിപ്രകൃതിയെ-
യറിഞ്ഞു കാലംനീക്കീടാൻ,
അമ്മപറഞ്ഞ വചസ്സുകളോർത്തോർ-
ത്തുൻമുഖമങ്ങനെ നടകൊൾവേൻ!