ശിവൻ മണ്ണയം.
അനഘ എന്നാണവളുടെ പേര്.
പ്രഭാതങ്ങളാൽ താലോലിക്കപ്പെട്ട ഒരു പനനീർമലരായിരുന്നു അവൾ.
എൻ്റെ ഗ്രാമത്തിൽ വിടർന്ന ആ മാനോഹരപുഷ്പം പടർത്തിയ അഭൗമ സൗരഭ്യം ,എത്രയെത്ര ആൺഹൃദയങ്ങളിലാണ് സ്വപ്നങ്ങൾ ഉണർത്തിയത്.
വല്ലാത്തൊരു ആകർഷണീയതയായിരുന്നു അവൾക്ക്. നീണ്ടുവിടർന്ന ആ മിഴികൾ, മാധുര്യമൂറുന്ന ചിരി, കാതുകളിലേക്ക് ഒരു ഹൃദയാർദ്ര ഗാനം പോലെ വന്ന് വീഴുന്ന അവളുടെ സംസാരം, കൈകളിൽ കോരിയെടുക്കാൻ തോന്നിപ്പിക്കുന്ന ഓമനത്തമുള്ള മുഖം …. ദൈവമെന്ന ചിത്രകാരൻ സമയമെടുത്ത് വരച്ച ഒരു മനോഹര ചിത്രമായിരുന്നു അവൾ.
കൗമാരം എന്നിൽ ഭാവനകൾ നിറച്ചപ്പോൾ മനസിലെഴുതപ്പെട്ട ഒരേയൊരു പ്രണയകാവ്യത്തിൻ്റെ തലക്കെട്ട് അനഘ എന്നായിരുന്നു.
പക്ഷേ എൻ്റെ പ്രണയം തോല്ക്കുമെന്നുറപ്പായ ഒരു പരീക്ഷയായിരുന്നു. ഒരിക്കലും സഫലമാകാനിടയില്ലാത്ത ഒരു സ്വപ്നം.
ഞാൻ ദരിദ്രനായിരുന്നു. അവൾ ഒരു സമ്പന്നൻ്റെ മകളും. ഒരിക്കലും കൂടിച്ചേരാനിടയില്ലാത്ത വിധം, കാലത്താൽ വരയ്ക്കപ്പെട്ട രണ്ട് സമാന്തരരേഖകളായിരുന്നു ഞങ്ങൾ.
അവളുടെ വീട്ടുകാർ നാട്ടുകാരുമായി അധികം ബന്ധങ്ങളുമില്ലാതെ അകന്നു കഴിയുന്നവരായിരുന്നു. അവരുടെ സ്റ്റാറ്റസിന് ഒത്തവരായി ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെ അവർ കണ്ടിരുന്നില്ല. അവളുടെ വീടിന് മുന്നിലെ ആ വലിയ ഗേറ്റിനപ്പുറം ഒരിക്കൽ പോലും ഞാൻ കടന്നിട്ടുണ്ടായിരുന്നില്ല. അവളുടെ അച്ഛനോ അമ്മയോ എന്നോട് ഒരിക്കൽ പോലും സംസാരിച്ചില്ല. ഞാൻ ദരിദ്രനല്ലേ, അവഗണിക്കപ്പെടേണ്ടവനല്ലേ, എങ്കിലും ഞാനവളെ പ്രണയിച്ചു.ഒരു മനുഷ്യനെന്ന നിലയിൽ പ്രണയിക്കാൻ എനിക്കവകാശമുണ്ട്; പ്രണയിക്കപ്പെടാൻ അതില്ലെങ്കിലും.
പലയിടങ്ങളിലുംവച്ച് കണ്ടുമുട്ടാറുണ്ടായിരുന്നുവെങ്കിലും, ഒരിക്കൽപോലും അവളുടെ ഒരു നോട്ടം എന്നിലേക്ക് വീണിരുന്നില്ല. പക്ഷേ അവളുള്ളയിടങ്ങളിലൊക്കെ ,ഒന്നു കാണാനായി മാത്രം, ഞാൻ പാഞ്ഞെത്തി.
ഊണിലും ഉറക്കത്തിലും അവൾ മാത്രമായിരുന്നു എൻ്റെ മനസിൽ.ഹൃദയത്തിൽ പ്രണയം നിറഞ്ഞ്, അതിൻ്റെ ലഹരിയും വിഷാദവും അറിഞ്ഞ്, നിദ്രാവിഹീനങ്ങളായ രാത്രികളിലൂടെ ഞാൻ കടന്നു പോയി.
പുറത്തറിഞ്ഞാൽ പരിഹസിക്കപ്പെടുമെന്നുറപ്പുണ്ടായിരുന്നത് കൊണ്ട് ,മനസിൽ അതീവഗോപ്യമായി സൂക്ഷിച്ചിരുന്ന എൻ്റെപ്രണയം, വല്ലാത്തൊരു സമ്മർദ്ദമാണ് എന്നിൽ നിറച്ചിരുന്നത്.
പണക്കാരിയായ കാമുകിയും ദരിദ്രനായ കാമുകനും കഥാന്ത്യത്തിൽ ഒരുമിച്ചു ചേരുന്നത് സിനിമകളിൽ മാത്രമാണ് എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അവളെ മറക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് സാധിച്ചില്ല.
ഞാൻ ദിവസവും നൂറുതവണ അവളുടെ വീടിന് മുന്നിലൂടെ നടന്നുപോകുമായിരുന്നു.അവളെ ഒന്നുകാണുവാൻ വേണ്ടിമാത്രം. ഒരു ദിവസം അവളെകണ്ടില്ലെങ്കിൽ ഭ്രാന്ത്പിടിക്കും പോലായിരുന്നു.
അവളോടൊരിക്കലും എനിക്കെൻ്റെപ്രണയം തുറന്ന് പറയാനാകില്ല,ഞാനവളോളം സമ്പന്നനാകാത്തിടത്തോളം കാലം ;അതെനിക്കറിയാമായിരുന്നു.
വളരെപെട്ടെന്ന് സമ്പന്നനാകാൻ ഒരെളുപ്പവഴിയും എൻ്റെ മുന്നിലുണ്ടായിരുന്നില്ല. ഒരു സർക്കാർജോലി ലഭിച്ചാൽ ഒരുപക്ഷേ എനിക്കവളെ സ്വന്തമാക്കാനായേക്കും എന്നപ്രതീക്ഷയിൽ ഞാൻ രാവുംപകലുമിരുന്ന് പി എസ് സി എക്സാമിനായി വർക്ക്ചെയ്യാൻ തുടങ്ങി.
ഞാൻ ഒരു സർക്കാർഉദ്യോഗസ്ഥനായി മാറിയതിനുശേഷം, അവളുടെ വീട്ടിൽചെന്ന് പെണ്ണുചോദിക്കുന്ന രംഗമായിരുന്നു അന്നെൻ്റെ പകൽ സ്വപ്നങ്ങളിൽ നിറയെ.
ഇതിനിടക്ക് ഉപരിപഠനത്തിനായി അവൾ മറ്റൊരു സംസ്ഥാനത്തിലേക്ക് പോയി. അവളില്ലാത്ത ഗ്രാമത്തിൽ ഹൃദയഭേദകമായ ഒരു ശൂന്യതയാണ് ഞാനനുഭവിച്ചത്. എൻ്റെ കണ്ണിൽനിന്ന് നിറങ്ങളും ,എൻ്റെ മനസിൽ നിന്ന് സന്തോഷവും, എൻ്റെ ശരീരത്തിൽ നിന്നും ആത്മാവും നഷ്ടമായി.
അവൾ എന്ന് വരുമെന്ന് ആരോടെങ്കിലും ചോദിക്കാൻ, ഒളിച്ചുവയ്ക്കപ്പെട്ട പ്രണയം വെളിവാക്കപ്പെടുമെന്ന ഭയത്താൽ, ഞാൻ അശക്തനായിരുന്നു.
ഇനിയും വൈകിയാൽ അവൾ നഷ്ടമാകുമെന്ന ഭയം കൂടുതൽ ശ്രദ്ധയോടെ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു.
അരവിന്ദൻ വെഡ്സ് അനഘ; അങ്ങനെ ഒരു വിവാഹക്ഷണപത്രിക അച്ചടിപ്പിക്കാൻ, ആത്മാർത്ഥമായി ശ്രമിച്ചാൽ എന്നെക്കൊണ്ട് സാധിക്കും എന്ന് ഞാൻ വിശ്വസിക്കാനാരംഭിച്ചു.
മാസങ്ങൾ കടന്നു പോയി. ആയിടെനടന്ന ഒരു LDക്ലാർക്ക് പരീക്ഷ മികച്ചരീതിയിൽ എഴുതാൻസാധിച്ചത് ,അനഘ എൻ്റെതാകുമെന്ന എൻ്റെ സ്വപ്നത്തെ ഉറച്ചവിശ്വാസമാക്കി മാറ്റിയിരുന്നു.
ഒരുദിവസം അനഘ തിരിച്ചുവന്നവിവരം ഒരാൾപറഞ്ഞ് ഞാനറിഞ്ഞു. അവളെ ഒന്ന് കാണാനായി പ്രതീക്ഷനിറഞ്ഞ ഹൃദയത്തോടെ അവളുടെ വീടിന് മുന്നിലൂടെ പലതവണ നടന്നിട്ടും നിരാശയായിരുന്നു ഫലം.
ഒരുപാട് ദിവസങ്ങൾ ഞാൻ അവളെ ഒന്ന് കാണാനുള്ള അതിതീവ്രമായമോഹത്തോടെ, തപിക്കുന്നഹൃദയത്തോടെ അവളുടെ വീടിന് മുന്നിലൂടെ അലഞ്ഞുനടന്നു. പക്ഷേ അവളെ വീടിന് പുറത്ത് കണ്ടതേയില്ല.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് നാട്ടിൽ ഒരു വാർത്ത പരന്നത്. അത് എൻ്റെ ഹൃദയത്തെ തകർത്തുകളഞ്ഞു. കേട്ടത് സത്യമായിരിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
അവൾ ഒരു സഹപാഠിയുമായി അടുപ്പത്തിലായത്രേ. അവൻ ഒരു ചതിയനായിരുന്നു, വിവാഹം കഴിക്കാനായിരുന്നില്ല അവൻ അനഘയോട് പ്രണയം നടിച്ചത്. നഗരത്തിലെ പ്രണയം കാമപൂരണത്തിനുള്ള ഒരുഭംഗിവാക്ക് മാത്രമാണെന്ന് മനസിലാക്കാൻ അവൾ വൈകിപ്പോയിരിക്കാം. ഒരു ട്രാപ്പിലേക്കാണ് ചെന്ന് വീണത് എന്നറിഞ്ഞപ്പോഴേക്കും ,അവൾ രക്ഷപ്പെടാനാകാത്തവിധം അകപ്പെട്ടുപോയിരുന്നു. അവൻ്റെ ഫ്ലാറ്റിൽ ആഴ്ചകളോളം തടവിലാക്കപ്പെട്ട അവളെ പോലീസെത്തിയാണ് മോചിപ്പിച്ചത്.അവനും കൂട്ടുകാ
രും അവളെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുക മാത്രമല്ല, വിലപറഞ്ഞുകച്ചവടം നടത്തുക കൂടി ചെയ്തുവത്രേ. എത്ര ക്രൂരരായ മനുഷ്യരാണ്. വിടർന്ന് പരിലസിച്ച് നിന്ന ഒരു മനോഹരപുഷ്പത്തെ എത്ര നിർദ്ദയമാണ് നിലത്തെറിഞ്ഞ് ചവുട്ടിയരച്ചത്…
എൻ്റെ മനസാകെ തകർന്നുപോയി. എൻ്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും നിറമുള്ളതാക്കി തീർത്ത എൻ്റെ പ്രിയപ്പെട്ടവൾ പിച്ചിചീന്തപ്പെട്ടിരിക്കുന്നു. ആത്മാഭിമാനം തകർന്ന്, ഇരുട്ടിൻ്റെ പാതാളങ്ങളിൽ അവൾ ഒളിച്ചിരിക്കുന്നു .മരവിച്ച ഹൃദയത്തോടെ ഞാനും വീടിനുള്ളിൽ ഏകാകിയായി, വിഷാദത്തിൻ്റെ വാത്മീകത്തിനുള്ളിൽ കാലം കഴിച്ചുകൂട്ടി.
നാണക്കേടുകൊണ്ടാകാം, അനഘയുടെ കുടുംബം വീടും സ്ഥലവും വിറ്റ് മറ്റെങ്ങോട്ടേക്കോ പോയി.
കുറച്ചുനാൾ എൻറ മനസിലെപ്രണയത്തിനെ ചില അസുഖകരമായ ചിന്തകൾ തടവിലാക്കിയിരുന്നതിനാൽ, ഞാനവളെ അന്വേഷിച്ച് പിന്നാലെ പോയില്ല. അനഘ പഴയ അനഘയല്ല. അവൾ ചീത്തയാക്കപ്പെട്ടിരിക്കുന്നു. ഒരുപാട് പേർ ചവച്ചരച്ച് ചണ്ടിയാക്കി വലിച്ചെറിഞ്ഞ അവളെ തനിക്കിനി പഴയതുപോലെ സ്നേഹിക്കാനാവുമോ. അവളെ സ്വീകരിച്ചാൽ നാട്ടുകാർ തന്നെ കളിയാക്കില്ലേ.ഇങ്ങനെയുള്ള വിചാരങ്ങൾ തഴച്ചുവളർന്ന് പ്രണയത്തിന്മേൽ മൂടുകയായിരുന്നു.
മാസങ്ങൾ കടന്നുപോയി.
പതിയെ പതിയെ കാറ്റുംകോളും അടങ്ങി മനസ് ശാന്തമായപ്പോൾ, ചക്രവാളക്കോണിൽ പ്രണയം അതീവപ്രകാശത്തോടെ തെളിഞ്ഞു വന്നു. അനഘയെ കാണണമെന്നുള്ള ആഗ്രഹം നിയന്ത്രിക്കാനാവാത്ത വിധം മനസിലുണർന്നു. കുറച്ച് ദിവസത്തെ അന്വേഷണത്തിനൊടുവിൽ അവരുടെ പുതിയ താമസസ്ഥലം ഞാൻ കണ്ടെത്തി.അവളെ ദൂരെനിന്ന് ഞാൻ കണ്ടു. അവൾ പഴയ അനഘ ആയിരുന്നില്ല. സൗന്ദര്യവും ആരോഗ്യവും ക്ഷയിച്ച് ഒരു പേക്കോലത്തെപോലെ .. സംഭവിച്ച ദുരന്തങ്ങൾ അവളെ ആകെ തകർത്തിരിക്കുന്നു. അരികത്തേക്ക് ഓടിച്ചെന്ന് അവളെ ആശ്വസിപ്പിക്കണമെന്നും , ആലിംഗനം ചെയ്യണമെന്നും മനസ് വെമ്പിയെങ്കിലും ഞാനത് നിയന്ത്രിച്ചു.കാരണം ഇപ്പോഴും അവളൊരു സമ്പന്നയാണ്; ഞാനൊരു ദരിദ്രനും ..
അനഘക്ക് വിവാഹാലോചനകൾ നടക്കുന്നതായി ഞാനറിഞ്ഞു. അവളുടെ കഥകളറിഞ്ഞിട്ടും സമ്പത്ത് മോഹിച്ച് പല ചെറുപ്പക്കാരും അവളെ വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചു ചെന്നു. പക്ഷേ അവളുടെ എതിർപ്പ് കാരണം ഒന്നും നടന്നില്ല.വിവാഹംവേണ്ട എന്ന വാശിയിലാണത്രേ അവൾ. ഒരാണിൽ നിന്നും ക്രൂരമായചതി ഏറ്റുവാങ്ങേണ്ടി വന്ന അവൾ ഇപ്പോൾ എല്ലാ ആണുങ്ങളെയും സംശയത്തോടെ, ഭീതിയോടെ വീക്ഷിക്കുന്നുണ്ടാകാം.
LDഎക്സാമിൻ്റ റാങ്ക് ലിസ്റ് വന്നപ്പോൾ, ആദ്യ പത്ത് റാങ്കുകളിലൊരാൾ ഞാനായിരുന്നു.എൻ്റെ കഴിവോ ബുദ്ധിയോ ആയിരുന്നില്ല, അനഘയെ സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എൻ്റെ വിജയത്തിന് പിന്നിലെ ശക്തി.
ജോലിക്കുള്ള അഡ്വൈസ് വന്ന ദിവസം തന്നെ ഞാനവളെ കാണാനും ആദ്യമായി നേരിട്ടൊന്ന് സംസാരിക്കാനുമായി ഇറങ്ങിത്തിരിച്ചു.
ഇപ്പോൾ എനിക്കൊരു ജോലിയുണ്ട്. അതുകൊണ്ട് തന്നെ എൻ്റെ പ്രണയം തുറന്ന് പറയാനുള്ള ആത്മവിശ്വാസവുമുണ്ട്.
പക്ഷേ ഒരുപാട് ആശങ്കകൾ എനിക്കു മുന്നിലുണ്ടായിരുന്നു.സംഭവിച്ച ദുരന്തത്തിൻ്റെ പകപ്പ് ഇതുവരെ മാറാത്ത അനഘ എന്നോട് അനുകൂലമായി പ്രതികരിക്കുമോ. ഒരു പക്ഷേ അവൾക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ..? അവൾക്ക് ഇഷ്ടമാണെങ്കിൽ അവളുടെ വീട്ടുകാരെതിർത്താലും ഞാനവളെ കെട്ടും. പക്ഷേ അവൾ നോ പറഞ്ഞാൽ..? അതെനിക്ക് താങ്ങാനാകുമോ? ജീവിതത്തെ മുന്നോട്ട് നയിക്കാൻ സഹായിച്ച വെളിച്ചം കെട്ടുകഴിഞ്ഞാൽ, പിന്നെ എനിക്കീ ഭൂമിയിൽ തുടരാനാകുമോ? ചിന്തകൾ തേനീച്ചകളെപ്പോലെ തലച്ചോറിനകത്ത് മൂളി നടന്ന് സ്വസ്ഥത കെടുത്തുന്നുണ്ടായിരുന്നു.
അവളുടെ വീടിൻ്റെ മുറ്റത്തേക്ക് കയറുമ്പോൾ നെഞ്ച് അതിദ്രുതം ഇടിക്കുന്നുണ്ടായിരുന്നു.
കോളിംഗ് ബെല്ലിൽ വിരലമർത്തുമ്പോൾ കൈകൾ വിറച്ചു.
വാതിൽതുറന്നത് അനഘയാണ്.
അവളുടെകണ്ണുകളും എൻ്റെകണ്ണുകളും തമ്മിലിടഞ്ഞപ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയി..
ആദ്യമായാണ് അവളോട് ഒരുവാക്ക് മിണ്ടാൻപോകുന്നത് .. ഹൃദയം വല്ലാതെ ഇടിച്ചുതുടങ്ങി.
ഞാൻ അരവിന്ദൻ… നേർത്തശബ്ദത്തിൽ ഞാൻ പറഞ്ഞു.
അവൾ പരിചയ ഭാവത്തിൽ ചിരിച്ചു.
അനഘയെ കാണാനാണ് ഞാൻ വന്നത്… അറച്ചറച്ച് ഞാൻ പറഞ്ഞു.
അകത്തേക്ക് വരൂ .. അവൾ പറഞ്ഞു.
സ്വീകരണമുറിയിൽ അഭിമുഖമായി ഇരിക്കുമ്പോൾ ,വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ച് ഒളിച്ചുകളിക്കുകയായിരുന്നു.
എന്നെ കാണാൻ എന്തിനാ അരവിന്ദൻ …?
ഞാനറിയാതെ പെട്ടെന്ന് വാക്കുകൾ പുറത്തേക്ക് ചാടി: ഇഷ്ടമാണെന്ന് പറയാൻ.. വിവാഹം കഴിച്ചോട്ടെ എന്ന് ചോദിക്കാൻ …
കാർമേഘങ്ങൾനിരന്ന ആകാശംപോലെ മ്ലാനമായിരുന്ന അവളുടെ മുഖത്ത് നിലാവ് പരക്കുകയാണ്.
കണ്ണീരുറഞ്ഞ് കറുത്ത ആ മിഴികളിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു വിടരുന്നത് അത്ഭുതത്തോടെ ഞാൻ കണ്ടു.
- വേറെ ഒരിടത്ത് വേറൊരു പേരിലെഴുതിയ പൈങ്കിളിക്കഥ.