ജിബിൽ @ കർണൻ k*
ഭൂമി ഏറെക്കുറെ
ചാമ്പലാകാറായപ്പോഴാണ്,
ദൈവവും ചെകുത്താനും
അവസാനവട്ട
സന്ധിസംഭാഷണത്തിലേർപ്പെട്ടത്.
ഭൂമിയിൽ തിന്മ ചെയ്യുന്നത്
നിർത്തണമെന്ന്
ദൈവം സാത്താനോടും
നന്മ ചെയ്യുന്നത് നിർത്തണമെന്ന്
സാത്താൻ ദൈവത്തോടും ആവശ്യപ്പെട്ടു.
ദൈവം എതിർത്തു.
ചെകുത്താനും എതിർത്തു
ചർച്ച ബഹളമയമായി.
സ്വർഗ്ഗത്തിനും നരകത്തിനും
തീ പിടിച്ചു.
മാലാഖമാർ ഇടപെട്ടു.
ബഹളം തെല്ലൊന്നയഞ്ഞപ്പോൾ
ചെകുത്താനും ദൈവവും
തമ്മിൽ ഒരു ധാരണയായി.
സ്വർഗ്ഗം അടഞ്ഞു.
നരകവും അടഞ്ഞു.
ഭൂമിയിൽ നിന്ന്
ചെകുത്താനും ദൈവവും എന്നെന്നേക്കുമായി പടിയിറങ്ങി.
ചുവന്നഭൂമി അന്ന് വെളുത്തു.
സൂര്യൻ ആദ്യമായന്ന് ശാന്തമായുറങ്ങി.
പുലരിയിൽ രാജ്യങ്ങളുടെ അതിർത്തികൾ മാഞ്ഞു.
ഭൂപടങ്ങളില്ലാതായി.
പേരില്ലാതായ ജനങ്ങൾ
പേരില്ലാത്ത രാജ്യത്തു നിന്ന്
പേരില്ലാത്ത മറ്റു രാജ്യങ്ങളിലേക്ക്
വിനോദയാത്രയ്ക്ക് പോയി..
ദൈവങ്ങളില്ലാത്ത നാട്ടിൽ
അനാഥരായ വിഗ്രഹങ്ങൾ
കടലിൽ ചാടി മരിച്ചു.
പെടുന്നനെ ഒരാകാശം
ഭൂമിയെ ചുംബിച്ചു.
മരുഭൂമിയിൽ മഴ പെയ്തു.
അന്ന് രാത്രിയിൽ,
ഇനിയൊരു ദൈവവും
ഭൂമിയിൽ കാലുകുത്താത്തിടത്തോളം
സമാധാനം നിലനിർത്തുമെന്ന
ഉടമ്പടി
സാത്താൻ ദൈവത്തിന്
വാട്ട്സ്ആപ്പിൽ അയച്ചു കൊടുത്തു.