സെഹ്റാൻ🌿
തെരുവ് നിറയെ മരണക്കിണറുകൾ!
സ്നേഹം, കരുണ, ദയ,
പ്രതികാരം, പ്രതിരോധം, പക,
പശ്ചാത്താപം, സമത്വം, സ്വാതന്ത്ര്യം
എന്നിങ്ങനെ പല പേരുകളിൽ!
ചിലമ്പിച്ച ശബ്ദവും,
പുൽച്ചാടിയുടെ രൂപവുമുള്ള
ബൈക്കുകളിൽ ഓരോ കിണറ്റിലും
വട്ടം ചുറ്റിക്കൊണ്ടേയിരിക്കുന്നു
ആരൊക്കെയോ…
പ്രണയം എന്നു പേരായ
കിണറ്റിൽ നിന്നുമാണ്
ഇസബെൽ റോസ് എന്ന യുവതി
പുറത്തു വന്നത്.
കരയിലൊറ്റയ്ക്കിരുന്ന അയാളെ നോക്കി
അവൾ സോളമന്റെ ഉത്തമഗീതത്തിലെ
വരികൾ ആലപിക്കാൻ തുടങ്ങി.
(അവൾ മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരുന്നു.
അഴുകിയ ദേഹം ബൈക്ക് പുകയിൽ
കറുത്തിരുണ്ടിരുന്നു.)
മറുപടിയെന്നോണം അയാളവളോട്
പണ്ടെന്നോ പറയാൻ ബാക്കിവെച്ച
പ്രണയവാചകങ്ങൾ ഓർത്തെടുത്ത്
ഉരുവിടാൻ ശ്രമിച്ചു.
കാൻസർ പുഴുക്കൾ തിന്നുതീർത്ത
അയാളുടെ തൊണ്ടക്കുഴിയിൽ നിന്നും
പുറത്തുവന്നതാകട്ടെ ഒരു
അവ്യക്തരോദനം മാത്രം…
(അതാകട്ടെ ബൈക്കുകളുടെ അലർച്ചയിൽ മുങ്ങിപ്പോവുകയും ചെയ്തു.)
അഴുകിയടർന്ന അവളുടെ വിരലുകൾ
സ്നേഹാർദ്രമയാളുടെ കരം ഗ്രഹിച്ചു.
പ്രണയമെന്നു പേരായ മരണക്കിണറിലിപ്പോൾ
രണ്ടു ബൈക്കുകൾ വട്ടം ചുറ്റുന്നു.
കറുത്ത പുക ഹൃദയരൂപം പൂണ്ട്
മാനം തൊടുന്നു…