രചന : ഷൈലകുമാരി*

ഉച്ചയുറക്കത്തിലാണ്ട മനസ്സിനെ-
ത്തട്ടിയുണർത്തിയെൻ കാവ്യസുന്ദരി,
തൂലിക കയ്യിലെടുത്തു ഞാൻ മെല്ലെ
മൂളിത്തുടങ്ങി കവിതതൻ ശീലുകൾ
ദുഃഖത്തിലത്താണിയായിരുന്നില്ലേ ഞാൻ
എന്തിനുമേതിനും കൂടെനിന്നില്ലേ ഞാൻ!
എന്നിട്ടുമെന്തേ മറന്നതെന്തെന്നെ നീ
ഗദ്ഗദകണ്ഠയായ് ചോദിച്ചു കാമിനി
നെഞ്ചകംപൊള്ളിക്കരയുന്ന പെണ്ണിലും,
ഉള്ളിൽവിതുമ്പുന്ന ആണകം തന്നിലും,
പ്രണയം തുടിക്കുന്ന മനസ്സിന്റെയുള്ളിലും,
പിഞ്ചുകുഞ്ഞിന്റെ പഞ്ചാരച്ചിരിയിലുും
എന്തേ പതിയുന്നില്ല നിൻ കണ്ണുകൾ?
ഒട്ടൊരു സങ്കടത്തോടോതി ഞാൻ
എങ്ങും ദുരന്തം, മരണം, നിലവിളി
കുഞ്ഞുചിരിയിലും നൊമ്പരച്ചീളുകൾ,
പ്രേമം വിഷംതുപ്പുന്ന തീക്കനൽ!
ഒന്നുമെഴുതാൻ കഴിയില്ലെനിയ്ക്കിനി!
കവിളിലൂടൊഴുകുന്ന കണ്ണീർതുടച്ചവൾ
ചൊല്ലി, എഴുതൂ ഹൃദയംതണുക്കട്ടേ
പെയ്തിറങ്ങൂ നീ കവിതയായ്
മർത്യന്റെ സങ്കടപ്പെയ്ത്തിലൊരാശ്വാസതാരമായ്!
എഴുതിത്തുടങ്ങി ഞാൻ നെഞ്ചിലെയീണങ്ങൾ
കടലാസ്സിലേക്കൊഴുകിപ്പരക്കവേ
നോക്കിയിരുന്നെന്നെ വാത്സല്യമോടവൾ!
പൊട്ടിച്ചിരിച്ചവളെങ്ങോ മറഞ്ഞുപോയ്
ആഹ്ലാദനിർഭരമായെന്റെ ചിത്തവും!

By ivayana