മൻസൂർ നൈന*

athleen Kennedy ,Jenji kohen , Ava du vernay തുടങ്ങിയ ലോക പ്രശസ്ത വനിതാ ടി.വി. പ്രൊഡ്യൂസർമാരുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ഇന്ത്യാക്കാരി , മലയാളിയാണ് അതും കൊച്ചീക്കാരി .ആഘോഷങ്ങളും ആരവങ്ങളും അവകാശ വാദങ്ങളുമില്ലാതെ ഒരു നിശബ്ദ പ്രതിഭ അതാണ് ഡയാന സിൽവസ്റ്റർ …..

കൊച്ചിയിലെ കൊച്ചങ്ങാടിയിൽ അമ്മായി മുക്കിൽ സൈനുദ്ദീൻ നൈന റോഡിൽ താമസിക്കുന്ന ഡയാന സിൽവസ്റ്റർ ലോക ശ്രദ്ധയാകർഷിച്ച , ഇന്ത്യ ആദരിച്ച പ്രതിഭയാണ് , ടെലിവിഷൻ രംഗത്തെ ഒരു ജീനിയസ് .
എന്റെ പഴയ അയൽവാസി എന്ന് വേണമെങ്കിൽ പറയാം കാരണം എന്റെ തറവാടായ നാച്ചിയ വീട് ഡയാനയുടെ വീടിന്റെ അൽപ്പം മാത്രം ദൂരെ കൊച്ചങ്ങാടിയിലെ ചിത്തു പറമ്പിലായിരുന്നു
Limca Book Of Award , Universal Award അടക്കം ഏറെ പ്രശസ്തമായ ഇരുന്നൂറ്റി അമ്പതോളം അവാർഡുകൾ തേടിയെത്തിയ നാട്യങ്ങളില്ലാത്ത എന്റെ നാട്ടുകാരിയുടെ അടുത്ത് ഏറെ നേരം സംസാരിച്ചിരുന്നു .

ഡയാന വിശേഷങ്ങൾ പറഞ്ഞു തുടങ്ങി……..
അച്ഛൻ തന്നേയാണ് തന്റെ ഗുരുവെന്ന് അഭിമാനത്തോടെ ഡയാന പറയുന്നു . ഡയാനയുടെ അച്ഛൻ സി.ആർ. സിൽവസ്റ്റർ സൗദി അറേബ്യയിൽ ഓട്ടോ മൊബൈൽ എഞ്ചിനിയറായിരുന്നു . അമ്മ എയ്മി ബാങ്ക് ഉദ്യോഗസ്ഥയും . ഡയാനയുടെ കുടുംബം കലാപ്രേമികളുടേതായിരുന്നു . അച്ഛൻ നല്ലൊരു നാടകനടനായിരുന്നു . കൊച്ചീക്കാരനായ ടിപ് ടോപ് അസീസിന്റെ ഒട്ടുമിക്ക നാടകങ്ങളിലും , പിന്നെ പി.ജെ. ആന്റണിയുടെ നാടകത്തിലുമൊക്കെ സിൽവസ്റ്റർ അഭിനയിച്ചിട്ടുണ്ട്. അമ്മ എയ്മി കലയെ ഏറെ ഇഷട്ടപ്പെട്ടിരുന്നു , നന്നായി പാടാനറിയാം , ഡയാനയുടെ അച്ഛനോടൊപ്പം ചില നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് .

ഫോർട്ട് കൊച്ചി മുൻസിപ്പാലിറ്റിയുടെ നൂറാം വാർഷികത്തിന് നെൽസൺ ഫെർണാണ്ടസിന്റെ ‘പാളം തെറ്റിയ വണ്ടി’ എന്ന നാടകത്തിൽ ഡയാനയുടെ അമ്മയുടെ മകനായി തന്റെ അച്ഛൻ സിൽവസ്റ്റർ അഭിനയിച്ചത് അമ്മയിൽ നിന്നും പറഞ്ഞു കേട്ട രസകരമായ ഒരു ഓർമ്മയായി ഡയാന പറയുന്നു .

ഒരു ക്ലബ്ബിന്റെ ധനശേഖരണാർത്ഥം അമ്മായിമുക്കിലെ ആനക്കുളങ്ങര മൈതാനിയിൽ വർഷങ്ങൾക്ക് മുൻപ് ടിപ് ടോപ് അസീസിന്റെ ‘ നിങ്ങൾക്കൊക്കെ ശാകുന്തളം മതി ‘ എന്ന നാടകം കളിച്ചിരുന്നു . ഒരു വയോജന വിദ്യാലയത്തിലെ അധ്യാപകനും അതിലെ വിദ്യാർത്ഥികളും ഒരുക്കുന്ന ഒരു നാടകം അതാണ് നാടകത്തിന്റെ കഥ . അതായത് നാടകത്തിനകത്തെ മറ്റൊരു നാടകം . ‘ ചിരിച്ച് ചിരിച്ച് മണ്ണു കപ്പി ‘ എന്നു പറയാറില്ലെ , സത്യത്തിൽ അതായിരുന്നു ഈ നാടകം കണ്ടവരുടെയൊക്കെ അനുഭവം . ഈ നാടകത്തിൽ വയോജന വിദ്യാർത്ഥിയായ ആംഗ്ലോ ഇന്ത്യൻ സ്റ്റുഡന്റായ സിൽവസ്റ്റർ ആയിരുന്നു ശകുന്തളയായി അഭിനിയിച്ചത് .

അന്നാണ് ഡയാനയുടെ അച്ഛനെ ഞാൻ ആദ്യമായി കാണുന്നതും . നല്ലൊരു ഫിഗറിനുടമയായിരുന്നു ഡയാനയുടെ അച്ഛൻ , കാഴ്ച്ചയിൽ ഒരു സായിപ്പിനെ പോലെ … ഏതോ ഒരു നാടകത്തിൽ സിൽവസ്റ്റർ യേശുവായി വേഷമിട്ടിട്ടുണ്ട് . തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു സിൽവസ്റ്റർ . തന്റെ സൗഹൃദ വലയത്തിൽ എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു . നസ്രത്ത് നിന്നും ഫോർട്ടു കൊച്ചിയിലെ കരിപ്പാലത്ത് വന്ന് താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹങ്ങളിലൊന്നായിരുന്നു
കപ്പലണ്ടി മുക്ക് മുതൽ തെക്കോട് കരുവേലിപ്പടി വരെയുള്ള എവിടെയെങ്കിലും താമസിക്കണമെന്ന് . ഇപ്പോ ഇതിന്റെ ഒത്ത നടുക്ക് , അമ്മായിമുക്കിൽ താമസമാക്കിയിട്ട് 40 വർഷത്തിലേറെയായി ……..

കൊച്ചി തക്യാവിൽ തങ്ങന്മാരുടെ കുടുംബങ്ങളിലെ ഉറ്റ സുഹൃത്തായിരുന്നു സിൽവസ്റ്റർ . ജനകീയനായ ഒരു കലാകാരൻ . ഡയാന പറയുന്നു ഞങ്ങളുടെ വീട്ടിൽ യേശുദാസ് , മെഹ്ബൂബ് , ബഹദൂർ , മണവാളൻ ജോസഫ് , ഉമ്പായി അടക്കമുള്ള നിരവധി കലാകാരന്മാർ എത്തിയിട്ടുണ്ട് . കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഭായി എന്ന എച്ച്. മെഹ്ബൂബും , ടിപ് ടോപ് അസീസുമെല്ലാം തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലായിരുന്നു . ഒരിക്കൽ ഭായിക്ക് കടുത്ത അസുഖം ബാധിച്ചപ്പോൾ ആറ് മാസത്തോളം ഡയാനയുടെ വീട്ടിൽ കിടത്തിയാണ് ശുശ്രൂശിച്ചത് . ഡയാനയുടെ അമ്മയാണ് അന്ന് ഭായിയെ നോക്കിയത് .

ഡയാനയ്ക്ക് ഒരു പാട് വിശേഷങ്ങളുണ്ടായിരുന്നു പറയാൻ . കേട്ടിരിക്കാൻ എനിക്കും താൽപ്പര്യമുണ്ടായിരുന്നു . പക്ഷെ നമുക്ക് അറിയേണ്ടത് ഡയാനയെ കുറിച്ചാണല്ലൊ ഞാൻ പറഞ്ഞു .
” ദേ ഡയാനാ നിങ്ങളുടെ വിശേഷങ്ങളാണ് ഞങ്ങൾക്ക് കേൾക്കേണ്ടത് “
ഒരു ചിരിയോടെ ഡയാനാ വീണ്ടും പറഞ്ഞു തുടങ്ങി .
” സത്യത്തിൽ ഒരു പാട് പേർ മീഡിയകളിൽ നിന്നും മറ്റും ഇന്റർവ്യൂ ചെയ്യാൻ വരാറുണ്ട് . പക്ഷെ മൻസൂർ നൈന മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായ ചോദ്യങ്ങൾ ചോദിക്കുന്നു . അത് കൊണ്ടു തന്നെ എനിക്ക് ഏറെ വിശേഷങ്ങൾ സംസാരിക്കണമെന്ന് തോന്നുന്നു “
സ്ക്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയത് ഫോർട്ടു കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂളിലും / മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി ഹൈസ്ക്കൂളിലും , പ്രീഡിഗ്രി കൊച്ചിൻ കോളേജിൽ അന്നവിടെ കോളേജ് വൈസ് ചെയർമാനായി , ഡിഗ്രി സെന്റ് തെരസാസിൽ നിന്നും , കോളേജിൽ പഠിക്കുമ്പോൾ കേരളാ യൂണിവേഴ്സിറ്റിയുടെ
ആദ്യ വനിതാ ഡ്രമ്മർ എന്ന ബഹുമതിയും നേടി , തേവര സെക്രട്ട് ഹാർട്ട് കോളേജിൽ നിന്നും എം.എ. ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ സ്ക്കോളർഷിപ്പിൽ അമേരിക്കയിലേക്ക് ….

അമ്മയുടെ ജേഷ്ട്ട സഹോദരി അമേരിക്കയിൽ ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായി . കമ്പ്യൂട്ടർ സയൻസിനാണ് അമേരിക്കയിൽ അപേക്ഷിച്ചത് പക്ഷെ അത് എടുത്തില്ല പകരം അച്ഛന്റെ ഉപദേശ പ്രകാരം മീഡിയ കമ്യൂണിക്കേഷൻ എടുത്തു . ടെലിവിഷൻ പ്രൊഡക്ഷനായിരുന്നു പ്രധാന വിഷയം . അങ്ങനെ മൂന്ന് വർഷം അമേരിക്കയിൽ . പിന്നെ പഠനം പൂർത്തിയാക്കി കൊച്ചിയിലേക്ക് ……

1992 ലൊ 93 ലൊ ആണ് ഡയാന അമേരിക്കയിൽ നിന്നും നാട്ടിലെത്തുന്നത് . അക്കാലത്ത് 1985 -ൽ ആരംഭിച്ച ദൂരദർശൻ മാത്രമേ മലയാളത്തിന്റെ ചാനലായി അന്നുള്ളു . അതും ചിത്രഹാർ പോലെയുള്ള വളരേ കുറഞ്ഞ പ്രോഗ്രാമുകൾ മാത്രം . അമേരിക്കയിൽ നിന്നും എത്തിയ ശേഷം ഡൽഹിയിൽ PT I ( Press Trust of India ) ലെ ശശികുമാറിനും , World This Week പ്രോഗ്രാം പ്രൊഡ്യൂസർ Prannoy Roy ക്കും ഒരു അപേക്ഷ അയച്ചു . അധികം കാത്തിരിക്കേണ്ടി വന്നില്ല . ഡൽഹിയിൽ നിന്ന് ഡയാനക്ക് ഒരു ഫോൺ കോൾ …. അന്ന് ലാന്റ് ലൈൻ ഫോണാണുള്ളത് രണ്ടൊ മൂന്നോ കോളുകൾക്ക് ശേഷമാണ് അറ്റന്റ് ചെയ്യാൻ കഴിഞ്ഞത് മറുതലയ്ക്കൽ സാക്ഷാൽ ശശികുമാർ . അദ്ദേഹമപ്പോൾ PTI യുടെ ചീഫ് പ്രൊഡ്യൂസറും , ജനറൽ മാനേജറുമായിരുന്ന സമയം .
” ഞാൻ സ്വന്തമായി മലയാളം ചാനൽ ആരംഭിക്കുകയാണ് ഡയാനക്ക് ജോയിന്റ് ചെയ്യാം “
ഡൽഹിയിലേക്ക് പോകാൻ തയ്യാറായി പക്ഷെ അപ്പോൾ അവിടെ എന്തൊ കലാപം നടക്കുന്നു . ഡൽഹിയിലേക്ക് പോകാൻ താമസം നേരിട്ടപ്പോൾ തിരുവനന്ദപുരത്ത് ഫോറിൻ സ്റ്റുഡന്റ്സ് കൺസൾട്ടന്റായി കുറച്ചു നാൾ ജോലി ചെയ്തു .

1993 -ൽ മലയാളത്തിന്റെ ആദ്യ സ്വകാര്യ ചാനലായ ശശികുമാറിന്റെ ഏഷ്യാനെറ്റ് തുടക്കം കുറിച്ചു . ഡയാന അതിൽ ജോയിന്റ് ചെയ്തു . ഏഷ്യാനെറ്റ് ആരംഭിക്കുമ്പോൾ നാല് പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത് അതിലൊന്ന് ‘ സിനിമാല ‘ എന്ന പരിപാടിയും . ആദ്യ ദിവസം മുതൽ തന്നെ സിനിമാല ഹിറ്റ് പ്രോഗ്രാമായി വളർന്നു പിന്നീട് വർഷങ്ങളോളം …. അന്നാരംഭിച്ച നാല് പ്രോഗ്രാമും ഡയറക്ട് ചെയ്തതും അതിന്റെ ചുമതലയും ഡയാനക്ക് തന്നേയായിരുന്നു .
ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാനും , ഹിന്ദുവിന്റെയും , ഫ്രണ്ട് ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാ ലേഖകനുമായിരുന്ന , ദൂരദർശനിലൂടെ ദൃശ്യമാധ്യമ രംഗത്തേക്ക് ചുവട് വെച്ച , മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലിന്റെ സ്ഥാപകനായ , സംവിധായകനും , അഭിനേതാവുമായി മാറിയ ജീനിയസായ ശശികുമാർ ഡയാനയിലൂടെ ഒരു പ്രതിഭയെ കണ്ടെത്തുകയായിരുന്നു .

അതു കൊണ്ട് തന്നെ അദ്ദേഹം ഡയാനയിൽ വിശ്വാസമർപ്പിച്ച് ചുമതലകൾ നൽകി .
ഇവിടെ നിന്നുമായിരുന്നു ഡയാന എന്ന പ്രതിഭയുടെ തുടക്കം ……….
തുടരും ….

By ivayana