രചന : ഗീത മന്ദസ്മിത…✍️

മർത്യമനസ്സിന്റെ ചിന്തകളെ
മഷിതൊട്ടുണർത്തുന്നതക്ഷരങ്ങൾ
സർഗ്ഗസൃഷ്ടിക്കായി എന്നുമെന്നും
ആശ്രയമീ സുവർണ്ണാക്ഷരങ്ങൾ
മനസ്സിൽ കിടപ്പതൊരു താളിലേക്കും
താളിൽ കിടപ്പതങ്ങു മനസ്സിലേക്കും
മറന്നുപോകാതെ കുറിച്ചിടാനായ്
മഹത്വമേറുന്നൊരുപാധിയല്ലോ
മനുഷ്യലോകത്തിനു വരദാനമായി
പകുത്തു നൽകുവതീ അക്ഷരങ്ങൾ
അക്ഷയമാകുമീ അക്ഷരങ്ങൾ
കൂട്ടിനായെന്നെന്നുമെത്തീടുകിൽ
അറിവുകളൊന്നൊന്നായ് നേടീടുകിൽ
അറിവിന്നക്ഷയ ഖനിയതുണ്ടേൽ
അക്ഷരത്തിന്നാവനാഴിയുണ്ടേൽ
അക്ഷൗഹിണിപ്പട കൂട്ടിനുണ്ടേൽ
അറിവുകളായുധമാക്കീടുകിൽ
അടിമകളാകില്ലൊരുനാളിലും
അക്ഷരത്തിൻ തേരിലേറിയെന്നാൽ
ആകാശ ഗോപുരം തൊട്ടേ വരാം…

By ivayana