വാസുദേവൻ കെ വി*
പട്ടു പാവാടയും ബ്ലൗസും എന്നും കൗതുകകാഴ്ച്ച.
പ്രായം അപാകമെങ്കിലും പാവാടയണിഞ്ഞ് ബീച്ചിൽ ചെന്നുള്ള സെൽഫിയിട്ട പിറന്നാൾക്കാരി.അനുസരണയില്ലാത്ത കുസൃതി കടൽക്കാറ്റ്. അവൻ അതിന് കമന്റ് ഇട്ടു “ഫോറെവർ മെർലിൻ..”
ഞൊറികളിൽ ആടിയുലയുന്ന പാവാട, ഒരൊറ്റ സീൻ കൊണ്ട് ലോകപ്രശസ്തമായത് മർലിൻ മൺറോയിലൂടെ. 1955-ലിറങ്ങിയ അമേരിക്കൻ ചിത്രം ‘ദ സെവൻ ഇയർ ഇച്ച് ’. ഒരു സബ്‌വേയുടെ ഒാരത്തു നിൽക്കുകയാണ് മർലിന്റെ കഥാപാത്രം. അപ്പോൾ അതുവഴി പാഞ്ഞുപോയ ട്രെയിനിന്റെ കാറ്റിൽ അവളുടെ വെള്ളപ്പാവാട വാനിലേക്കുയർന്നു. അടുത്തുള്ള ഒരാൾ നോക്കി നിൽക്കേ നാണത്തോടെ തന്റെ വെള്ളപ്പാവാടയെ താഴേക്കു വലിച്ചിടാൻ ശ്രമിക്കുന്ന മർലിന്റെ ചിത്രം പിന്നീട് ഫാഷൻ മാഗസിനുകളുടെ കവറിൽ പല തവണ
മർലിൻ തന്നെ ആ പോസിൽ പലതവണയെത്തി.
പിന്നീട് ഒരുവിധം എല്ലാം അഭിനേത്രിമാരും ഒരിക്കലെങ്കിലും അതുപോലെ പോസ് ചെയ്യാനായി കൊതിച്ചു, നിർബന്ധിക്കപ്പെട്ടു. ചെയ്തിട്ടുണ്ട്. മർലിന്റെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ‘ഫോറെവർ മർലിൻ’ എന്ന പ്രതിമ തയാറാക്കുന്നത്. പ്രതിമയെപ്പറ്റി ആലോചിച്ചപ്പോഴും ഈ ചിത്രമല്ലാതെ അതിലും മികച്ച മറ്റൊന്നും ചർച്ചയിൽ വന്നില്ല. 2011 ജൂലൈയിൽ പ്രതിമ നിർമാണം പൂർത്തിയായി. അത് ഷിക്കാഗോയിലെ പയനീർ കോർട്ടിൽ സ്ഥാപിച്ചു. 26 അടി ഉയരവും 15000 കിലോഗ്രാം ഭാരവുമുള്ള ആ പ്രതിമ നിർമിച്ചത് അമേരിക്കൻ ആർടിസ്റ്റ് സെവാർഡ് ജോൺസണായിരുന്നു. സ്റ്റീലും അലൂമിനിയവും കൊണ്ട്.. പക്ഷേ സ്ഥാപിച്ച് രണ്ട് മാസത്തിനകം മൂന്നു തവണയാണ് പ്രതിമ നശിപ്പിക്കാൻ ശ്രമം നടന്നത് . ഒരിക്കൽ ആരൊക്കെയോ ആ വെള്ള പ്രതിമയിലേക്ക് കുറേ ചുവന്ന പെയിന്റും കോരിയൊഴിച്ചു.
ദ സകൾപ്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിമ നിർമാണം.
അതുകൊണ്ടുതന്നെ ഒരിടത്തും സ്ഥിരമായി നിൽക്കാനുമുണ്ടായില്ല ഈ പ്രതിമയ്ക്ക് ഭാഗ്യം. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂജഴ്സിയിലും കാലിഫോർണിയയിലും പ്രദർശനത്തിനും മറ്റുമായി ഇത് മാറ്റിക്കൊണ്ടേയിരുന്നു. പൊല്ലപ്പായി പ്രതിമയും കൊണ്ട് സംഘാടകർ!. ഷിക്കാഗോയിൽ പ്രതിമ സ്ഥാപിച്ചതിനുമുണ്ടായി വിമർശനം. ടൂറിസ്റ്റുകളുടെ പ്രധാന ഫോട്ടോ സ്പോട്ടായി മാറുകയായിരുന്നു പ്രതിമയും പരിസരവും. മർലിന്റെ കാലുകളിൽ കെട്ടിപ്പിടിക്കുക, ഉമ്മ വയ്ക്കുക, താഴെ നിന്ന് മുകളിലെ അടിവസ്ത്രത്തെ ചൂണ്ടിക്കാട്ടി ചിരിക്കുക, സ്കർട്ട് പൊക്കിമാറ്റുന്നതുപോലെ കാണിക്കുക, താഴെ നിന്ന് അന്തംവിട്ട് മുകളിലേക്കു നോക്കുക ഇങ്ങനെ പലവിധത്തിൽ പോസ് ചെയ്തായിരുന്നു ഫോട്ടോയെടുക്കൽ.
ആൾക്കാർക്ക് കളിയാക്കി ചിരിക്കാനുള്ള ഒന്നായി പ്രതിമ മാറിയെന്ന് ആക്ഷേപം. അതിനിടെ ആരോ പകർത്തിയതാണ് മഴയ്ക്കിടെ മൺറോപ്രതിമയ്ക്കു താഴെ അഭയം തേടിയവരുടെ ഫോട്ടോ. അത് ഇന്റർനെറ്റിലും ഹിറ്റായി. അമേരിക്കയിലുമുണ്ടായിരുന്നു നമ്മളെ വെല്ലുന്ന ‘സദാചാര’പോലീസുകാർ . പൊതുസ്ഥലത്തിൽ ഇത്തരമൊരു പ്രതിമ സ്ഥാപിച്ചത് പരസ്യ നഗ്നതാപ്രദർശത്തിനു തുല്യമാണെന്ന വാദത്തോടെ..
*ഓർമ്മയിൽ നമ്മുടെ പ്രിയനടി അമൃത തമിഴിൽ രംഭയായി തിളങ്ങിയ ഗാനം..
“അഴകിയ ലൈല അവളിവളവ് സ്റ്റൈലാ..