രാജശേഖരൻ ഗോപാലകൃഷ്ണൻ*

അരുതരുതിനിയൊരു
നാരിതന്നഭിമന-
പൊൻ കാൽച്ചിലമ്പെറിഞ്ഞുടയരുതേ.

അരുതരുതതിനുള്ളിൽ തുടിക്കും
ആത്മാഭിമാന പെൺമനക്കരു –
ത്തുടയരുതേ.

കണ്ണീരണിഞ്ഞെന്നും
പെണ്ണിൻ്റെ ജീവിതം
മണ്ണിതിൽ കാലിടറി
വീണു പൊലിയരുതേ.

അരുതരുതിനിയൊരു സീത
തന്നാര്യപുത്രൻ രാജനോ,
അവതാരമോ, ആകിലും

പൂരുഷമൗഢ്യസങ്കല്പമാം
ചാരിത്ര്യശുദ്ധി തൻ
അഗ്നിപരീക്ഷയിലെരിയരുതേ.

അടർന്നഗ്നിനാവുകൾക്കൊരു –
പിടിച്ചാരമായൊടുങ്ങാൻ
സ്ത്രീയൊരു പാഴ്മരച്ചില്ലയോ?

അഹല്യയും,ഗൗരിയും, ജമദഗ്നീപത്നിയും
ഹാ, പുരുഷാഹന്തതൻ പാവമിരകൾ!

അരുതെറിയരുതാരും മഗ്‌ദലമറിയയെ
ക്രൂര മതതത്വശിലകളാൽ,
കർത്താവുരച്ചപോൽ
തെറ്റേതും ചെയ്യാത്ത പൂരുഷന്മാരുണ്ടോ
നാരിയെ ശിക്ഷിപ്പാനർഹർ?

അരുതസ്വാതന്ത്ര്യ ചിഹ്നാടയണിയരുത്
വെറും മതനുണ തുന്നിയതവയെല്ലാം!
നര-നാരി സമഭാവലോകം പണിയാൻ
സമസുന്ദരബഹുവർണ്ണാടയണിയാം.

By ivayana