രചന : ശ്രീകുമാർ എം പി*
പിന്നോട്ടു പാറുന്ന പക്ഷിയേത്
പൂന്തേൻ നുകരുന്ന തേൻകുരുവി
പിന്നോട്ടു പോകുന്ന ജീവിയേത്
മൺകുഴിയ്ക്കുള്ളിലെ കുഴിയാന
ആനതൻ മൂക്കിന്റെ പേരെന്താണ്
അയ്യേയറിയില്ലേ ” തുമ്പിക്കൈയ്യ് “
എങ്കിലണപ്പല്ലിൽ പേരു ചൊല്ലൂ
ഒന്നുമറിയില്ലെ “ആനക്കൊമ്പ് “
തച്ചനെപ്പോലെ മരത്തിലാര്
കൊച്ചു മരംകൊത്തിയല്ലെയത്
അപ്പൂപ്പൻതാടി പറക്കുന്നെന്തെ
വിത്തു വിതയ്ക്കുവാൻ പോകയാണ്
നർത്തനമാടുന്ന പക്ഷിയേത്
പീലിവിടർത്തി മയിലല്ലയൊ
പാട്ടുകൾ പാടിത്തിമർക്കുന്നതൊ
കേട്ടറിവില്ലെ കുയിലുകളെ
എണ്ണിയാൽ തീരാത്തയത്ഭുതങ്ങൾ
വിശ്വപ്രപഞ്ചത്തിൽ സൃഷ്ടിയെല്ലാം
ആദരവോടെ കണ്ടീടുക നാം
ആഘാതമൊന്നിനുമേകിടാതെ.