രചന :- ബിനു. ആർ.*
അഗ്നിജ്വലിപ്പിക്കുന്നൂ,
എന്നാത്മാവിന്റെ
അറിവിൻ മേലാപ്പിനെ
കരിച്ചുകളയുവാൻ.
അഗ്നിജ്വലിക്കുന്നൂ,
വൃഥാവിലായ്പ്പോയ
എൻ ജഡത്തെ
കരിയിച്ചു കളയുവാൻ,
വൃഥാവിലായ്പ്പോയെൻ
ജീവിതത്തിൻ അനുഭമാകും
കരിയിലകൾ വെറും
ചാരമാക്കി മാറ്റുവാൻ.
സ്വപ്നങ്ങൾ അടുക്കി-
പ്പെറുക്കിവച്ചമനസ്സാകും
കണ്ണാടിയലമാരിയും
ദഹിച്ചു തീരുന്നുണ്ടവിടെ.
വരഞ്ഞുചിതറിയ
രചനകളെന്തെങ്കിലും
ബാക്കിയാവുന്നുവോ –
യെന്നു തിരയുന്നൂ
കലക്കേടിന്നു കൂടെക്കൂടിയ
അണികളാകും
സൗഹൃദവൃന്ദങ്ങൾ,
പൊട്ടിത്തെറിക്കുമാ
നെഞ്ചിൻകൂടിനുള്ളിൽ
നിന്നും ഇനിയെന്തെങ്കിലും,
അവസാനമായിട്ടെങ്കിലും,
ഒരു കനൽതരിയായ്
പുറത്തേക്കു തെറിക്കുമെങ്കിൽ…
ചിതകത്തിത്തീരും വരേയ്ക്കും കാത്തിരിക്കാമെന്നു നിനയ്ക്കുന്നൂ
സാഹിത്യ കളിയാട്ടക്കാർ…