അശോകൻ പുത്തൂർ*

കവിതയിലെ
നായാടിയാണ് ഞാൻ.
ഒടുവിലെ പന്തിക്ക്
അവസാന ഇലയെങ്കിലും ഇടുക
സദ്യയും
മോറിക്കമഴ്ത്തലും കഴിഞ്ഞ്
ചിറിതുടച്ച്
നിങ്ങൾ പടിയിറങ്ങുമ്പോൾ
പൊന്തമറഞ്ഞ് വയറ്റത്തടിച്ച്
കവിതയിലെ തമ്പ്രാക്കളെ
എന്റെ കവിതേ എന്റെ കവിതേയെന്ന്
ചങ്കുപൊട്ടും
കവിതയിലെ കോമാളി.
വെട്ടിമൂടുന്നതെങ്കിലും തരിക
എച്ചിലുതിന്ന് ചത്തവനെന്ന്
പേരുദോഷംവരാം…… സാരമില്ല
കേൾവിക്കാരില്ലെങ്കിലും
കവിതചൊല്ലാൻ ഇഷ്ടമാണ്.
കവിതയെനിക്ക്
ജീവന്റെ കടകോൽ.
ചാവുകടലിൽനിന്ന്
പ്രാണലേക്കുള്ള പാലം.
ചങ്കിലുടഞ്ഞ നിലവിളി.
വിണ്ടകലത്തിലെ വറ്റ്……….
ഞാൻ
കെട്ട ആത്മാവിലെ
തെറിച്ച വിത്ത്.
മുറിഞ്ഞകൊമ്പിലെ കൂട്.
വേരുകളില്ലാ വൃക്ഷത്തിലെ പൂവ്.
കണ്ണേറ്റ കോലം.
തീക്കിളി രാപ്പാർക്കും കനൽക്കൂട്

By ivayana