സജി കണ്ണമംഗലം*
പുഞ്ചയും കായലും നെൽ വിരിപ്പും
പൊൻതിടമ്പേറ്റിയ ഗ്രാമമൊന്നിൽ
കുഞ്ഞുങ്ങൾ മൂന്നുപേരൊന്നുപോലെ
കുഞ്ഞിളം പൂക്കൾ പോലായിരുന്നു
കുഞ്ഞുങ്ങൾ മൂവരും മൂന്നു വീട്ടിൽ
കുന്നോളം സ്നേഹം പകുത്തിരുന്നു
കുഞ്ഞുങ്ങൾക്കച്ഛൻമാർ മൂന്നുപേരും
മൂന്നു മതങ്ങളിലായിരുന്നു
കുഞ്ഞുങ്ങൾ മൂവർക്കും പാട്ടുകേൾക്കാൻ
കുഞ്ഞിക്കഥകളും കൂടെക്കേൾക്കാൻ
നല്ലൊരു മുത്തശ്ശിയേറെക്കാലം
കുഞ്ഞുങ്ങളോടൊപ്പമായിരുന്നു
മാവിലെ മാങ്ങാ പഴുത്തിടുമ്പോൾ
നാവിലും വെള്ളം നിറഞ്ഞിടുമ്പോൾ
കുഞ്ഞുങ്ങൾക്കിംഗിതം കേട്ടപോലെ
കാറ്റൊന്നു വീശുമാ മാങ്ങാ വീഴാൻ
വീഴുന്ന പൊൻകനി വേഗം തന്നെ
മാഴ്കാതെ മുത്തശ്ശിക്കൈയ്യിൽ നൽകി
കുഞ്ഞുങ്ങൾ ചുറ്റിലും കൂടിടുമ്പോൾ
കുഞ്ഞുങ്ങൾക്കെല്ലാർക്കും വീതം കിട്ടും
കുഞ്ഞുങ്ങൾക്കച്ഛന്മാർ വൈകീട്ടെത്തി
മൂവർക്കും മിഠായി നൽകിവന്നു
കുഞ്ഞുങ്ങൾ മൂവരും മെല്ലെമെല്ലെ
കുഞ്ഞുങ്ങൾക്കച്ഛന്മാരായിവന്നു
അച്ഛന്മാർ മൂവർക്കും സ്നേഹം മാത്രം
നിശ്ചമായും കുറഞ്ഞതില്ലാ
കുഞ്ഞുങ്ങൾ മൂവരും സ്നേഹം മാത്രം
നിശ്ചമായുമറിഞ്ഞതില്ലാ
തങ്ങളിൽത്തങ്ങളിൽ മത്സരിച്ചും
തങ്ങളെത്തമ്മിലകറ്റിവന്നു
മാവിൽനിന്നെങ്ങാനം മാങ്ങാവീണാൽ
ചീഞ്ഞതു നാറുന്ന കാലമായി
കുഞ്ഞുങ്ങൾ മൂവരും മെല്ലെമെല്ലെ
കുഞ്ഞുങ്ങൾക്കച്ഛന്മാരായി വന്നു
അച്ഛന്മാർ മുത്തച്ഛരായ കാലം
വൃദ്ധസദനത്തിലാക്കി മക്കൾ…!
കുഞ്ഞുങ്ങൾ മൂന്നുപേരൊന്നുപോലെ
കുഞ്ഞിളം പൂക്കൾ പോൽ വാണവിടെ…!