സുനു വിജയൻ*
“ടീച്ചറെ ആദിക്ക് കണക്ക് ഒന്നും അറിയില്ല. അവനോട് കണക്കു ചെയ്യാൻ പറഞ്ഞാൽ അവനെ ആശാലത ടീച്ചർ പഠിപ്പിച്ചാൽ മതി എന്നുപറഞ്ഞു ബുക്കും അടച്ചു വച്ച് ഒരേ ഇരുപ്പാ.”
എന്റെ എട്ടു വയസ്സുകാരൻ ഇളയ മകൻ ആദിത്യനെക്കുറിച്ച് ഞാൻ ആശാലത ടീച്ചറോട് ഫോണിൽ സംസാരിക്കുകയായിരുന്നു.
ആശാലത ടീച്ചർ എന്റെ വീടിനു സമീപത്തുള്ള യു . പി സ്കൂളിലെ ടീച്ചർ ആയിരുന്നു. ആയിരുന്നു എന്നു പറയാൻ കാരണം ഇപ്പോൾ ടീച്ചർ ആ സ്കൂളിൽ പഠിപ്പിക്കുന്നില്ല എന്നുള്ളത് തന്നെ.
എന്റെ മകനെ ഒന്നിലും രണ്ടിലും, കണക്കു പഠിപ്പിച്ചത് ആശാലത ടീച്ചർ ആയിരുന്നു. ഇപ്പോൾ മോൻ നാലാം ക്ലാസ്സിൽ എത്തി. പക്ഷേ അവൻ കണക്ക് അൽപ്പം പോലും പഠിക്കുന്നില്ല.. അവനെ ഇപ്പോൾ കണക്കു പഠിപ്പിക്കുന്ന സാറിനെ അവനു വേണ്ട എന്നാണ് അവൻ പറയുന്നത്. അവനെ ആശാലത ടീച്ചർ പഠിപ്പിച്ചാൽ മതി എന്ന ഒരേ വാശി.കോവിഡിന്റെ പശ്ചാതലത്തിൽ ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളാണല്ലോ.
എന്തു ചെയ്യാം കുട്ടിയോട് എത്രപറഞ്ഞിട്ടും മനസ്സിലാകുന്നില്ല. ആശാലത ടീച്ചർ ആ സ്കൂളിനിന്നും പോയി എന്നു പറഞ്ഞിട്ട് അവൻ സമ്മതിക്കുന്നില്ല. ഇത് എന്റെ മകന്റെ മാത്രം വിഷയമല്ല ആ സ്കൂളിൽ പഠിക്കുന്ന, ആശാലത ടീച്ചർ പഠിപ്പിച്ച എല്ലാ കുട്ടികൾക്കും ആശാലത ടീച്ചർ വേണം.
ആശാലത എന്റെ ഗ്രാമത്തിലെ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ്. വളരെ കഷ്ടപ്പെട്ട് പഠിച്ചു ഡിഗ്രിയും, ടി ടി സി യും പാസ്സായി. ഇപ്പോൾ കെ ടെറ്റും പാസായി. ഒരു സ്കൂൾ അധ്യാപികക്ക് വേണ്ട എല്ലാ യോഗ്യതയും കരസ്ഥമാക്കിയ മിടുക്കിയായ അധ്യാപിക.
ഗ്രാമത്തിലെ യു പി സ്കൂളിൽ ഒരു ഒഴിവു വന്നപ്പോൾ അവിടെ ടീച്ചർ ആയി ജോലിക്കും കയറി. പക്ഷേ ഒരു നിബന്ധന പ്രകാരമാണ് ജോലിയിൽ കയറിയത്. മാനേജ്മെന്റ് സ്കൂൾ ആണ്. കുറഞ്ഞത് ഇരുപതു ലക്ഷം കൊടുത്താൽ മാത്രമേ സ്ഥിരം പോസ്റ്റ് നൽകൂ.
രണ്ടു വർഷം ടീച്ചർ ജോലി ചെയ്തു.ഡോണേഷൻ പണം ഇതുവരെ നൽകാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇരുപതിനു പകരം ഇരുപത്തി അഞ്ച് ലക്ഷം കൊടുക്കാൻ തയ്യാറായി പുതിയ ഒരു പണമുള്ള വീട്ടിലെ ആൾ റെഡി ആയി വന്നപ്പോൾ മാനേജ്മെന്റ് ആശാലത ടീച്ചറെ പുറത്താക്കി പുതിയ ടീച്ചർക്ക് നിയമനം നൽകികുട്ടികളെ എത്ര നന്നായി പഠിപ്പിക്കുന്നൂ എന്നുള്ളതല്ല ഇവിടെ വിഷയം. എത്ര ലക്ഷം ഡോണേഷൻ കൊടുക്കാൻ തയ്യാറാകുന്നു എന്നുള്ളതാണ് ഇവിടെ വിഷയം, സ്കൂളിന് ആരു പണം കൂടുതൽ നൽകുന്നോ അവർക്ക് പോസ്റ്റിങ്ങ് നൽകാനാണ് സ്കൂളിന് താൽപ്പര്യം.
ഒരു പാവപ്പെട്ട റബ്ബറു വെട്ടുകാരന്റെ മകൾക്കു ഇരുപതു പോയിട്ട് രണ്ടു ലക്ഷം ഡോണേഷൻ കൊടുക്കാനുള്ള ത്രാണിയില്ല. അപ്പോൾ പിന്നെ എത്ര വൈദഗ്ദ്ധ്യം ടീച്ചിങ്ങിൽ ഉണ്ട് എന്നു പറഞ്ഞിട്ട് എന്തു കാര്യം. വ്യവസ്ഥിതി അത് അനുവദിക്കില്ലല്ലോ. ഈ കോവിഡ് പശ്ചാത്തലത്തിൽ കുടുംബത്തിന്റെ അന്നത്തിനു വക കണ്ടെത്താൻ നെട്ടോട്ടം ഓടുമ്പോൾ ഒരു റബ്ബറു വെട്ടുകാരൻ എങ്ങനെ ലക്ഷങ്ങൾ നൽകാൻ.
മോന്റെ സങ്കടം ആശാലത ടീച്ചറോട് പറഞ്ഞപ്പോൾ മോന് കണക്കു പറഞ്ഞു കൊടുക്കാൻ പിന്നീടു വിളിക്കാം എന്നു പറഞ്ഞു ടീച്ചർ ഫോൺ വച്ചപ്പോൾ ടീച്ചറുടെ സംസാരത്തിൽ ഒരു നിരാശയുടെ നനവ് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
സ്കൂളിലെ മാനേജ്മെന്റ് കാര്യത്തിൽ തലയിടാൻ ഒരവകാശവും ഇല്ലങ്കിലും സ്കൂളിലെ പി ടി എ പ്രസിഡന്റ് എന്ന നിലയിൽ സ്കൂളിനു മികച്ച മുതൽക്കൂട്ടായ ഒരു ടീച്ചറെ കേവലം ഡോണേഷൻ കൊടുക്കാനില്ല എന്ന കാരണത്താൽ ജോലിയിൽ നിന്നും വിലക്കുന്നത് അഭിലഷണീയമല്ല എന്നു പറയേണ്ടത് അത്യാവശ്യമായി എനിക്കു തോന്നി.
സ്കൂളിലെ എല്ലാ കുട്ടികളോടും, എത്ര സ്നേഹത്തോടയും, മമതയോടെയും ആണ് ആശാലത ടീച്ചർ പെരുമാറുന്നത്. കുട്ടികളെ ഒരമ്മയേപ്പോലെ ചേർത്തുപിടിച്ചു വളരെ ക്ഷമയോടെ, കരുതലോടെ, താൽപ്പര്യത്തോടെ അവർക്കു കഥകളിലൂടെ, പാട്ടുകളിലൂടെ, നൃത്തച്ചുവടുകളിലൂടെ, കളി ചിരികളിലൂടെ അക്ഷരങ്ങൾ പകർന്നു നൽകിയ ആശാലത ടീച്ചറോട് ഏവർക്കും എത്രമാത്രം സ്നേഹമാണ്. സ്കൂൾ കുട്ടികൾക്ക് അവർ ആശ ടീച്ചർ മാത്രമല്ല ടീച്ചറമ്മ കൂടിയാണ്.
എന്തായാലും എച്. എമ്മിനോട് ഇതെക്കുറിച്ച് ഒന്നു നേരിട്ടു സസംസാരിക്കുക തന്നെ. ഞാൻ അടുത്ത ദിവസം തന്നെ സ്കൂളിൽ പോയി വിവരം പറയാൻ ഉറച്ചു.
ഇരുപതു ലക്ഷത്തിനു പകരം എന്റെ വാക്കുകൾ ഒന്നുമല്ല എന്നു മനസ്സിലാക്കി തന്നെയാണ് സ്കൂളിൽ എച് എമ്മിനെ കാണുവാനായി ഞാൻ സ്കൂൾ ഓഫീസിലേക്ക് ചെന്നത്. എച് എമ്മിന് ഇതിൽ ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെങ്കിലും കുറഞ്ഞത് മാനേജ്മെന്റിനെ വിവരം ധരിപ്പിക്കുമെങ്കിലും ചെയ്യുമല്ലോ എന്ന പ്രതീക്ഷ.
ഞാൻ ആശാലത ടീച്ചറുടെ കാര്യം എച് എമ്മിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ചെറിയ പേപ്പർ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് കഴിഞ്ഞ ദിവസം ഇവിടെ പോസ്റ്റുമാൻ നൽകിയിട്ടുപോയ ഒരു കത്താണ്. സർ ഒന്നു വായിച്ചു നോക്കൂ.
ഞാൻ സാറിന്റെ കയ്യിൽ നിന്നും പേപ്പറിൽ എഴുതിയ കഴിഞ്ഞ ദിവസം സാർ തപാലിൽ കൈപ്പറ്റിയ ആ കത്തു വാങ്ങി അതിൽ എഴുതിയത് വായിച്ചു
“ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സർ,
ഞാൻ നാലു ബിയിലെ ആതിര പി എസ് എഴുതുന്നത്
ഞങ്ങളുടെ ആശ ടീച്ചറെ സ്കൂളിൽ നിന്നും പിരിച്ചു വിട്ടു എന്നറിഞ്ഞു. ഞങ്ങളുടെ ആശ ടീച്ചറേ പറഞ്ഞു വിടരുത്. ഞങ്ങളെ പഠിപ്പിക്കാൻ ആശ ടീച്ചർ വേണം. ടീച്ചറോട് സ്കൂളിൽ വരാൻ പറയണം. ഞങ്ങൾക്ക് ഓൺലൈൻ ക്ലാസ്സു തരാൻ ടീച്ചറോട് പറയണം. എനിക്കും കൂട്ടുകാർക്കും ടീച്ചറെ അത്രക്ക് ഇഷ്ടമാണ്. ടീച്ചർ പഠിപ്പിച്ചാൽ എല്ലാം വേഗം മനസ്സിലാകും.ടീച്ചർ ഞങ്ങൾക്ക് എത്ര നന്നായി ക്ലാസ്സ് തന്നിരുന്നു ടീച്ചറെ സ്കൂളിൽ ഞങ്ങൾക്ക് വേണം “
എന്ന്
ആതിര. പി. എസ്
ആ നാലാം ക്ലാസ്സുകാരിയുടെ വരയിട്ട പേപ്പറിൽ ക്രമം തെറ്റാതെ എഴുതിയ ആ കത്തിലെ അക്ഷരങ്ങൾ നോക്കി ഹെഡ് മാസ്റ്റർ എന്നോട് പറഞ്ഞു.
“ഇതാണ് ഒരു ടീച്ചർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. ഒരുപക്ഷെ ഈ മാനേജ്‌മന്റ് സ്കൂളിൽ ആശാലത ടീച്ചർക്ക് ഒരുപക്ഷെ ഇനി ജോലി ലഭിക്കില്ലായിരിക്കാം. പക്ഷേ ആ ടീച്ചർ തീർച്ചയായും ഇന്നല്ലങ്കിൽ നാളെ മറ്റൊരു ഗവൺമെന്റ് സ്കൂളിൽ മികച്ച ടീച്ചറായി ഒരു പാടു കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകും തീർച്ച. കാരണം
“വിദ്യാധനം സർവ്വ ധനാൽ പ്രധാനം “എന്നതുതന്നെ.”
ആശാലത ടീച്ചർ എന്ന എന്റെ ഗ്രാമത്തിന്റെ അഭിമാനമായ ടീച്ചറെക്കുറിച്ച് ഓർത്തുകൊണ്ട് തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ മനസ്സിൽ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. ആശാലത ടീച്ചറുടെ കഥ എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം.
ഒരു പക്ഷേ ഇതിലെന്തു കഥ എന്നു കരുതി ചിലർ പരിഹസിച്ചേക്കാം. പക്ഷേ കഷ്ടപ്പെട്ട് പഠിച്ചു ടീച്ചിങ്ങിൽ നല്ല പ്രാവീണ്യവും നേടി മാനേജ്‌മന്റ് സ്കൂളുകളിൽ ഡോണേഷൻ കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ എത്ര ഉദ്യോഗാർഥികളാണ് നിരാശയിൽ മുങ്ങി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമില്ലാതെ, പണം ഇല്ല എന്ന ഒറ്റക്കാരണത്താൽ ജോലി ലഭിക്കാതെ വീട്ടിൽ ഇരിക്കുന്നത്.
അതല്ലങ്കിൽ സർക്കാർ സ്കൂളുകളിൽ ഇനിയും നിയമനം നടക്കാത്ത എത്രയോ പോസ്റ്റുകൾ ബാക്കിയാണ്. അവയൊക്കെ ഇങ്ങനെ ആശാലത ടീച്ചറെപ്പോലെയുള്ള അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ.
“ഇന്നല്ലങ്കിൽ നാളെ ആശാലത ടീച്ചർക്ക് മികച്ച ഒരു സ്കൂളിൽ അധ്യാപികയായി ശോഭിക്കാൻ കഴിയും തീർച്ച ” കാരണം നല്ല ഗുരുക്കന്മാർ സൂര്യനെപ്പോലെയാണ്. അവർ ഇരുട്ടിനെ അകറ്റി വെളിച്ചം വിതറുക തന്നെ ചെയ്യും.