സുദർശൻ കാർത്തികപ്പറമ്പിൽ*

നേരുനേരുമനശ്വരസ്നേഹ-
ചാരുസൈകതഭൂമികേ;
കേരകേദാര കേരളാരാമ-
തീരസൗഭഗേ,വെൽകനീ
കായലോളങ്ങൾ പാടിടുന്നുനിൻ,
മായികാ,മധുരോന്മൊഴി!
തായസങ്കൽപ്പമായതാരിലും
കായകാന്തി പൊഴിക്കയോ!
വാരിളം തെന്നൽ വീശിയെത്തുമ്പൊ-
ഴാരണ്യാന്തരഗഹ്വരേ,
പാരമാത്മീയചിന്തകൾ നെയ്തു-
ദാരമാനസനായിഞാൻ,
ഘോരഘോരം തപസ്സനുഷ്ഠിച്ചു-
പാരിന്നദ്വൈത ശീലുകൾ,
ഓരോന്നായുരുവിട്ടുവേദാന്ത-
സാരസൗരഭമാർന്നിതേ.
സഞ്ചിതാഭ തുളുമ്പിനിൽക്കുംനി-
ന്നഞ്ചിതസ്നേഹധാരയിൽ,
പഞ്ചമം പാടിയെത്രപൂങ്കുയിൽ
തഞ്ചത്തിൽ മതിമാധുര്യം!
ആവണിപ്പൂക്കളൊന്നൊന്നായിറു-
ത്തേവമാ,മണിമുറ്റത്തായ്,
ആവോ,പൂക്കളമൊന്നൊരുക്കവേ;
പാവനപ്രേമദായികേ,
കാവ്യഭാവനാലോലയായെന്നി-
ലാവിലങ്ങളകറ്റുവാൻ,
നാവിൽ നാരായം കൊണ്ടെഴുതിയോ-
രാ,വേദസൂക്തമോർപ്പുഞാൻ!
ഗ്രാമത്തിൻ പൊൻവെളിച്ചമായ്മിന്നി-
യോമലാളുഷസ്സന്ധ്യപോൽ,
ആനന്ദാശ്രു പൊഴിച്ചമേയമാം
ജ്ഞാനവിജ്ഞാനഗീതകം,
ആ ദിവ്യസ്‌മൃതി സാന്ത്വനങ്ങളായ്
സാദരമോതിയെന്നുള്ളിൽ,
ചേലിയന്ന കിനാക്കളന്നെത്ര,
ചാലെ നീമെനഞ്ഞാർദ്രമായ്!
ജീവിതത്തിന്നമൂല്യ ഭാവനാ-
കാവ്യകുഡ്മളമായ്‌ മുദാ,
ആരിലുമാത്മ ചൈതന്യം തൂകി,
ചാരെയെത്തുകയല്ലിഞാൻ
സഹ്യശൈലനിരകളാൽ ജന്മ-
സൗഖ്യമേകുംമനോന്മയേ,
കേരകേദാര കേരളാരാമ-
തീരഭൂമികേ,വെൽകനീ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana