മായ അനൂപ്.

ക്ഷ്യങ്ങൾ പലർക്കും പലതായിരിക്കും എങ്കിലും അതിലേക്കുള്ള മാർഗ്ഗം എല്ലാവർക്കും ഏകദേശം ഒന്ന് തന്നെ ആയിരിക്കും. അവർ പൊതുവെ എട്ടുകാലി തന്റെ വലയും വിരിച്ച് ഇരയെയും പ്രതീക്ഷിച്ച് നോക്കിയിരിക്കുന്നത് പോലെ ഇരിക്കും. ആ വലയുടെ പേരോ എല്ലാവരെയും എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്ന ‘സൗഹൃദം’ എന്നും.

സൗഹൃദത്തിന്റെ ആ തിളക്കത്തിൽ, ആ ആകർഷണീയതയിൽ അതിലേയ്ക്ക് ആകർഷിച്ചു വരുന്ന ഇരകളെ അവർ പിന്നെ ‘ വിശ്വാമിത്രന്റെ മുന്നിൽ മേനക ‘ എന്നത് പോലെ പല പല രീതിയിൽ ആകർഷിച്ചു, തന്നിലേയ്ക്ക് അടുപ്പിക്കുന്നു. ആ മോഹവലയത്തിലേയ്ക്ക് ഇരയെ വീഴ്ത്തി കഴിഞ്ഞാൽ പിന്നെ അവരുടെ ബുദ്ധിമുട്ടുള്ള ജോലി കഴിഞ്ഞു. പിന്നെ അതിൽ വീണു പോയ ഇരയുടെ കഷ്ടകാലം തുടങ്ങുകയായി.

കാരണം അവരുടെ ആ സൗഹൃദം എന്ന മേമ്പൊടി ചാർത്തിയുള്ള വീഴിക്കുവാനുള്ള മോഹന സ്നേഹ പ്രകടനത്തിൽ വീണു പോയവർ അപ്പോഴേക്കും ആ സ്നേഹം എന്ന് തോന്നുന്ന ഊരാക്കുടുക്കിൽ വീണു പോയിട്ടുണ്ടാകും. ഇര അവരിൽ പൂർണ്ണമായും ആകൃഷ്‌ടരായി എന്ന് തോന്നിയാൽ പിന്നെ, അവർക്ക് ആ ഇരയിൽ നിന്നും എന്താണോ അവർ ഉദ്ദേശിച്ചത്, അത് എളുപ്പത്തിൽ നേടിയെടുക്കുവാൻ കഴിയുന്നു. കുറച്ചു കാലം അങ്ങനെ ആസ്വദിച്ചു കഴിയുമ്പോഴാവും അവർക്ക് വീഴിക്കുവാൻ കഴിയും എന്ന് തോന്നുന്ന മറ്റൊരു ഇരയെ പാകത്തിന് കാണുന്നത്.

അപ്പോഴേക്കും അവരുടെ ശ്രെദ്ധയും ആകർഷണവും പിന്നെ അങ്ങോട്ടേക്കാവും. ആദ്യത്തെ ഇരയെ എങ്ങനെ ഒഴിവാക്കാം എന്നതാവും പിന്നെ അടുത്ത ചിന്ത. അതിന് വേണ്ടിയും പലരും അവർക്ക് പറ്റിയ പല വഴികളാവും തെരഞ്ഞെടുക്കുക. ഒന്നുകിൽ വാക്കുകൾ കൊണ്ട് ഇരകളെ ഇഞ്ചിഞ്ചായി കൊല്ലുന്നു, അല്ലെങ്കിലോ പ്രവൃത്തികൾ കൊണ്ട്. എങ്ങനെയായാലും അവർക്ക് ഇവരിൽ നിന്ന് എളുപ്പത്തിൽ സ്വതന്ത്രരാകുക എന്നത് മാത്രമാവും അവരുടെ അപ്പോഴത്തെ ചിന്ത. അതിനായി തീരെ നിവൃത്തിയില്ലാത്ത സാഹചര്യം വന്നാൽ, അവരെ അപ്പോഴേക്കും തീവ്രമായി സ്നേഹിക്കുന്ന ഇരയെ പിന്നെ, ഒരിക്കലും അവരെ ശല്യം ചെയ്യാത്ത രീതിയിൽ, വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ദുഖക്കയത്തിലേയ്ക്ക് പിടിച്ചു തള്ളിയിടും.

ചിലർ ആ വീഴ്ചയിൽ അവിടുന്ന് പിന്നീട് ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ ആകും. മറ്റു ചിലരൊ എങ്ങനെയെങ്കിലും ബോധം വീണു രക്ഷപെടും. ആ വീഴുന്ന മരണവേദനയിലും അവർ പിന്നെയും കരഞ്ഞും കാല് പിടിച്ചും ഒക്കെ നോക്കും. എന്നാൽ ആ കണ്ണുനീരൊന്നും തന്നെ പുതിയ ഇരയിലേയ്ക്ക് ആകൃഷ്‌ടരായ അവരെ തെല്ലും ഇളക്കുന്നുണ്ടാവില്ല, വീണു കിടക്കുന്നവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവർ മെനക്കെടാറുമില്ല. പിന്നെയോ, അവർ അപ്പോഴേക്കും പഴയത് പോലെ തന്നെ, പുതിയ ഇരയെ തങ്ങളുടെ വലയിൽ വീഴിക്കുവാനുള്ള തന്ത്രങ്ങൾ മെനയുകയാവും.

ഇത് എന്താണെന്ന് ആരും സംശയിക്കണ്ട. നമ്മുടെ സമൂഹത്തിലാകമാനം നടന്നു കൊണ്ടിരിക്കുന്ന വേദനിപ്പിക്കുന്ന ഒരു സത്യത്തെ തുറന്നു കാണിച്ചു എന്നേയുള്ളൂ. ഇതിൽ പുരുഷൻമാരെന്നോ സ്ത്രീകളെന്നോ പ്രായം കുറഞ്ഞവരെന്നോ കൂടിയവരെന്നോ യാതൊരു വ്യത്യാസവും ഇല്ല. സമൂഹത്തിൽ എല്ലാവരും ഇങ്ങനെയാണ് എന്നാണ് പറഞ്ഞത് എന്നും ഒരിക്കലും വിചാരിക്കരുത്. നല്ലവർ തന്നെയാവാം കൂടുതൽ പേരും. എങ്കിലും ഇങ്ങനെയുള്ളവരും ഉണ്ട് എന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ.പുരുഷൻമാർ മാത്രമല്ല ഇതേ സ്വഭാവമുള്ള ധാരാളം സ്ത്രീകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്.

അവർക്കും ഉദ്ദേശങ്ങൾ പലതാകാം എങ്കിലും, വേറെ ഉദ്ദേശങ്ങൾ ഒന്നും ഇല്ലാതെ, ആണുങ്ങളുടെ ശ്രെദ്ധ തന്നിലേയ്ക്ക് ആകർഷിക്കപ്പെടണം, അവർക്ക് ഒരു വിലയുണ്ടാകണം, എന്ന് മാത്രം ആഗ്രഹിച്ചു ചെയ്യുന്ന, ചില പ്രത്യേക തരം മനസ്സുള്ള സ്ത്രീകളും ഉണ്ട്. അവർ എങ്ങനെ എന്നാൽ, വെറുതെ ഇരിക്കുന്ന ആണുങ്ങളെ, ഇവർ തന്നെ അങ്ങോട്ട്‌, തോട്ടിയും കെട്ടി പോയി തോണ്ടിയിട്ട്, അവർ ഉദേശിച്ച ആണുങ്ങൾ വീഴാറായി, അവരുടെ ശ്രെദ്ധ തന്നിലേയ്ക്കായി, അല്ലെങ്കിൽ അവർ ആകർഷിക്കപ്പെട്ടു എന്ന് തോന്നിക്കഴിഞ്ഞാൽ, അപ്പോൾ തന്നെ ഇവർ പിന്മാറും. പിന്നെ ഭയങ്കര നല്ല പിള്ള ചമയും. അവരെ പോലെ നല്ലവർ പിന്നെ ലോകത്തിൽ വേറെ കാണില്ല. പിന്നെ അവർ, അവരൊന്നും അറിഞ്ഞതേയില്ല എന്ന ഭാവത്തിൽ, തെറ്റ് മുഴുവൻ, ആകർഷിക്കപ്പെട്ട ആണിന്റെ തലയിലേക്ക്‌ വെക്കും. ആണുങ്ങളാണ് അവരുടെ പുറകെ ചെന്നത്, അവരെ ശല്യം ചെയ്യുന്നത്, എന്നുള്ള രീതിയിൽ. നേരെ തിരിച്ചു വെക്കുന്ന അവസ്ഥ.

ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും തന്നെ, ഓരോ തരത്തിലുള്ള മാനസിക വൈകല്യം തന്നെയാണ്. കാരണം, ഇവർക്കാർക്കും തന്നെ യഥാർത്ഥത്തിൽ സ്നേഹമോ ആത്മാർത്ഥതയോ ഉള്ളവരല്ല. വെറുതെ തങ്ങളുടെ ഒരു സമയം പോക്കിന്, അല്ലെങ്കിൽ ഒരു രസത്തിന് വേണ്ടി ചെയ്യുന്നു എന്നതാണ് സത്യം. എന്നാൽ, അവരുടെ ആ നേരം പോക്കിന്, മറ്റൊരാളുടെ ജീവിതം തന്നെയാണ് വില കൊടുക്കേണ്ടി വരുന്നത് എന്ന സത്യത്തെ കുറിച്ച് അവർ ചിന്തിക്കുന്നേയില്ല. ഈ പറഞ്ഞവരോടെല്ലാം ആയി ഒന്നേ പറയാനുള്ളൂ. മറ്റുള്ളവരുടെ മനസ്സ് എന്നത്, നിങ്ങളുടെ കൈയ്യിലെ വെറും കളിപ്പാട്ടം ആയി കാണാതിരിക്കുക.

ആരുടേയും മനസ്സ് കൊണ്ട് കളിക്കാതിരിക്കുക. എന്തെന്നാൽ, അങ്ങനെ ചെയ്താൽ, അത് കൊണ്ട് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ചിലപ്പോൾ നമ്മൾ ഉദ്ദേശിക്കുന്നതിനെക്കാളും അപ്പുറമായിരിക്കും. ഇങ്ങനെയൊക്കെ മറ്റുള്ളവരാൽ ചതിക്കപ്പെട്ടവരാവും പലപ്പോഴും നിരാശയിലേയ്ക്കും ഒറ്റപ്പെടലിലേയ്ക്കും വിഷാദരോഗങ്ങളിലേയ്ക്കും ആത്മഹത്യയിലേയ്ക്കും വരെ പോകുന്നത്. ആത്മഹത്യകളുടെ കാരണങ്ങൾ പലപ്പോഴും കണ്ടുപിടിക്കപ്പെടാതെ പോകുന്നത് കൊണ്ടും, തെളിവില്ലാതെ ഒരാളെ കൊല്ലാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം എന്നത്, സ്നേഹം അഭിനയിച്ചു ചതിക്കുക എന്നുള്ളതായത് കൊണ്ടും മാത്രമാവാം ആരും ഇതൊന്നും ശ്രെദ്ധിക്കപ്പെടാതെ പോകുന്നതും.

അതിനാൽ, ആത്മാർഥതയോടെ കൂടെ നിർത്താനും, നിലനിർത്തി കൊണ്ട് പോകാനും കഴിയും എന്ന് തോന്നുന്ന ബന്ധങ്ങൾ മാത്രം തുടങ്ങുക. അത് സൗഹൃദം ആയാലും പ്രണയം ആയാലും. ആത്മാർഥത ഇല്ലാതെ, വഴിയിൽ ഉപേക്ഷിച്ചു കളയാനാണെങ്കിൽ, ഒരു ബന്ധവും തുടങ്ങാതിരിക്കുക. സൗഹൃദം ആയിട്ടാണ് തുടങ്ങുന്നത് എങ്കിൽ പോലും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഇടയിലുള്ള അതിർ വരമ്പുകൾ പൊതുവായി ആരും തന്നെ നിർവചിച്ചിട്ടില്ല എന്നത് കൊണ്ടും, അത് ഓരോരുത്തരുടേയും കാഴ്ചപ്പാടുകളും സ്വഭാവ രീതികളും അനുസരിച്ചു വ്യത്യസ്തമായിരിക്കും എന്നത് കൊണ്ടും, സൗഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള അതിർ വരമ്പുകൾ തീരെ നേർത്തതാണ് എന്നത് കൊണ്ടും, പലപ്പോഴും അത് പ്രണയത്തിലേയ്ക്ക് വഴി മാറാനും സാധ്യത ഉണ്ടല്ലോ.

അത് കൊണ്ട്, നിങ്ങൾ എത്ര വേണമെങ്കിലും സന്തോഷിച്ചോളൂ. എന്നാൽ ആ സന്തോഷം എന്നത് ഒരിക്കലും, മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടാകരുത് എന്ന് മാത്രം.

മായ അനൂപ്

By ivayana