മംഗളാനന്ദൻ*
( 1919-ൽ ബ്രിട്ടീഷ് പട്ടാളം ജാലിയൻ വാലാ ബാഗിൽ (അമൃത് സർ) നടത്തിയ കൂട്ടക്കൊലയുടെ ദൃക്സാക്ഷി യായിരുന്നു ഉദ്ദം സിംഗ് എന്ന യുവാവ്. അന്ന് പ്രായം 19വയസ്. കരിനിയമങ്ങൾക്കെതിരേ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്താൻ പതിനായിരങ്ങൾ തടിച്ചു കൂടിയ ജനക്കൂട്ടത്തിനു നേർക്ക് പട്ടാള മേധാവി കേണൽ റജിനാൾഡ് ഡയർ മുന്നറിയിപ്പു കൂടാതെ സേനയെ വിന്യസിച്ചു വെടിവെപ്പ് നടത്തുകയായിരുന്നു. നാലു വശത്തും എടുപ്പുകളും ഭിത്തികളും കൊണ്ടു
ചുറ്റുപ്പെട്ട മൈതാനത്തിന്റെ ബഹിർഗമന മാർഗ്ഗങ്ങൾ അടച്ചതിനു ശേഷം ആർക്കും പുറത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചതിനു ശേഷമാണ് വെടിവെപ്പ് നടത്തിയത്. കൊണ്ടു വന്ന മുഴുവൻ വെടിയുണ്ടകളും തീരും വരെ വെടിവെപ്പ് നടത്തി. 1000-ത്തിൽ പരം സാധാരണ പൗരന്മാർ മരിച്ചുവീണ കൂട്ടക്കൊലയിൽ കേണൽ ഡയർ അഭിമാനം കൊള്ളുകയും അനുമതി നൽകിയ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ” മൈക്കൽ ഒ ഡയർ” ശക്തമായി ന്യായീകരിക്കുകയും ചെയ്തു. 19കാരനായ ഉദ്ദം സിംഗ് 1919-ൽ എടുത്ത പ്രതിജ്ഞയാണ് മൈക്കൽ ഒ ഡയറിന്റെ മരണത്തിൽ കലാശിച്ചത്. 21നീണ്ട വർഷങ്ങൾക്കു ശേഷം ഉദ്ദം സിംഗ് ലണ്ടനിൽ വച്ച് 1940-ൽ അതു നടപ്പാക്കി. ( 1919-ലെ കൂട്ടക്കൊലയുടെ നടത്തിപ്പുകാരനായിരുന്ന കേണൽ റജിനാൾഡ് ഇതിനകം മരിച്ചിരുന്നു.) 1940 ജൂലൈ 31ന് ഉദ്ധംസിംഗിനെ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റി. അന്നത്തെ 30 കോടി ജനതയുടെ മാനം കാത്ത ഉദ്ദം സിംഗ്
ഇന്ത്യൻ ഹൃദയങ്ങളിൽ എന്നും ചിരഞ്ജീവിയായിരിക്കണം. ഈ നീണ്ട കവിത ഉദ്ധംസിംഗ് എന്ന വിപ്ലവനായകനുള്ള എന്റെ പ്രണാമം.)
കവിത
(ഭാഗം-1)
“ ഉദ്ദം സിംഗ്” എത്രയോ കാലമുറങ്ങാതെ
ഒറ്റയാൾ പട്ടാളമായി നടന്നവൻ
ലക്ഷ്യത്തെ സത്യമാക്കാനിരുപത്തൊന്നു
വർഷം തപമനുഷ്ടിച്ച പോരാളി നീ.
ഇന്നും ക്ഷുഭിതമാം യൗവ്വനമായെന്റെ-
യുള്ളിൽ നീ നെയ്ത്തിരി നാളം പരത്തുന്നു.
നൂറ്റാണ്ടു പിന്നിട്ട ശേഷവും നീ നിന്റെ
നാല്പതിൽതന്നെ തുടരുന്നു യൗവനം.
ജന്മാന്തരത്തിൻ വിടവു മൂലം നമു-
ക്കൊന്നിച്ചു കൂടാൻ കഴിഞ്ഞില്ലയെങ്കിലും
ഇന്നുമൊരു കളിത്തോഴനെപ്പൊലെഞാൻ
നിന്നെ ചുമന്നു നടക്കുന്നിതോർമ്മയിൽ.
ബാലകനായിരുന്നന്നു നീ ജാലിയൻ-
വാലാ ബാഗിന്റെയാൾക്കൂട്ടത്തിലായനാൾ.
നാമന്നടിമകൾ, സാമ്രാജ്യശക്തിതൻ
കോളനിയായ നരകത്തിലായവർ.
സ്വന്തമാം നാട്ടിൽ വിദേശാധിപത്യമാം
ബന്ധനത്തോടു പൊരുതിയിരുന്നവർ.
പാരതന്ത്ര്യത്തെ വെറുത്ത പഞ്ചാബിന്റെ
ധീരരാം മക്കൾ, അഭിമാനമോഹികൾ,
അന്നൊരു വൈശാഖിനാളിലാഘോഷമായ്
വന്നു മൈതാനിയിലൊത്തുചേർന്നീടുവാൻ.
വ്യക്തിസ്വാതന്ത്ര്യം തകർത്തു സാമ്രാജ്യത്വ-
ശക്തി പടച്ച കരിനിയമങ്ങളെ,
ധീരമെതിർത്തൊരാപൗരസമൂഹത്തെ
നേരിടാൻ പട്ടാളമെത്തി വളഞ്ഞു പോൽ.
മൈതാനത്തിന്റെ കവാടങ്ങൾ പൂട്ടിച്ചു
വൈതാളികനായ പട്ടാള നായകൻ.
ആയുധമില്ലാതെയുള്ളിൽ കുടുങ്ങിയ
ആയിരങ്ങൾക്ക് മേൽ നീണ്ടതു തോക്കുകൾ.
തോക്കിൻ തിരകൾ മുഴുവനൊടുങ്ങോളം
ആൾക്കൂട്ടംനോക്കിവെടിവെച്ചൂ സൈനികർ.
നീയൊരു ബാലകൻ, ദൃക്സാക്ഷിയായിരു-
ന്നായിരം ജീവൻ പൊലിഞ്ഞൊരാ ഭൂമിയിൽ.
ചോര കുതിർത്തിയ മണ്ണിൽ ചവിട്ടി നീ
ധീരനായന്നു പ്രതിജ്ഞയെടുത്തതും,
നീ നിന്റെ ജീവിതം നാടിനുള്ള ബലി-
ദാനമായ് തന്നു നിൻ വാക്കുപാലിച്ചതും,
ദുഷ്ട സംഹാരം നടത്തി നീ ഞങ്ങൾക്കു
നഷ്ടമായ്പോയ മാനം വീണ്ടെടുത്തതും
ഓർത്തിരിക്കുന്നു ഞാൻ, നീ നിന്റെ ജീവിതം
സാർത്ഥകമാക്കിയ കർമ്മകാണ്ഡങ്ങളെ.
(ഭാഗം-2)
താരാട്ടു കേട്ടു മയങ്ങാതെ, കയ്പുള്ള
യാഥാർഥ്യമൊത്തു കളിച്ചു വളർന്നു നീ.
കൂടെപ്പിറപ്പൊത്തു ബാല്യം മുഴുവനും
കൂടിക്കഴിഞ്ഞതനാഥാലയത്തിൽ,നീ.
സേവനം ജീവനമാക്കാൻ പഠിച്ചതും
ജീവിതത്തിന്റെ കളരിയിൽ നിന്നു നീ.
അന്നത്തെ ജാലിയൻ വാലാ ബാഗിൽ നിന്ന്
ഖിന്നത പൂണ്ടു നടന്നകന്നീടവേ,
മുപ്പതു കോടി ജനങ്ങൾക്കു വേണ്ടിയൊ-
രഗ്നിസ്ഫുലിംഗം കൊളുത്തി മനസ്സിൽ നീ
ഉദ്ധംസിംഗെന്നൊരു പത്തൊൻപതുകാരൻ
ഗദ്ദാർ വിളിച്ച വിളികേട്ടുണർന്നു പോൽ.
ഞാനറിയുന്നു,നീ നീറും മനസ്സുമായ്
ലോകം മുഴുവൻ അലഞ്ഞതാം നാളുകൾ.
മറ്റുള്ള സോദരർക്കൊക്കെയും വേണ്ടി നീ
ഒറ്റയാൾ പട്ടാളമായി നടന്നതും,.
ആയുധത്തിന്റെ ബലവും, മനുഷ്യത്വ-
രാഹിത്യവും വർണ്ണ വിദ്വേഷവുമെന്യേ,
ആയിരം പാവങ്ങളെ കൊന്നു തള്ളുവാൻ
ന്യായമില്ലൊന്നും “ഡയറി”ന്നു ചൊല്ലുവാൻ.
ഇത്രയും ക്രൂരത കാട്ടിയ നീചരെ
മർത്ത്യകുലത്തിൽ പെടുത്തുവതെങ്ങിനെ?
മൃത്യുവല്ലാതൊരു ശിക്ഷയതിനില്ല,
സത്യപ്രതിജ്ഞയെടുത്തു നിൻ ഹൃത്തടം.
ആയിരം പാവങ്ങളെ കൊന്ന നീചനും
ആദരവേകിപോൽ വർണ്ണ വെറിയന്മാർ.
മാടിനെക്കാളും വിലകൊടുത്തില്ലയീ-
നാടിൻ കറുത്ത മക്കൾക്കു, പൈശാചികർ.
ആയുധം കൊണ്ടു ഭരിച്ച കിരാതർക്കു
സായുധ വിപ്ലവം നിന്റെ മറുപടി.
ഉള്ളിലൊരഗ്നിയുമായി നടന്ന നിൻ
ഉള്ളം തുടിച്ചു ഗദ്ദാറു വിളിയ്ക്കവേ.
(ഭാഗം-3)
കാരാഗൃഹം വിട്ടു മോചിതനായ നീ
നേരേ പലായനം ചെയ്തൊളിപ്പോരിനായ്.
ഒറ്റയാൾ പട്ടാളമായിരുന്നെങ്കിലും
ഉറ്റ ചങ്ങാതിമാരുണ്ടു തുണക്കുവാൻ.
രാജ്ഗുരുവും സുഖദേവും ഭഗത് സിംഗും
ആത്മബലിയുടെ ഊർജ്ജം പകർന്നവർ.
രാജ്യാന്തരങ്ങളിൽ നീയലഞ്ഞു, മാതൃ-
രാജ്യത്തിൻ നൊമ്പരം മാറ്റിയെടുക്കുവാൻ.
ആയിരം ജീവനെടുക്കുവാനുത്തര-
വേകിയ കാപാലികനന്നു ബ്രിട്ടനിൽ
ആദരവേറ്റു വസിച്ചു, മനസ്സാക്ഷി
വേദനിപ്പിച്ചില്ലയാളെയൊരിയ്ക്കലും.
ഒറ്റയാനായിട്ടൊളിവിൽ,തെളിവിലും,
പ്രച്ഛന്ന വേഷം ധരിച്ചു നടന്നു,നീ.
രണ്ടു ദശകങ്ങളായി കെടാതെ നീ
കൊണ്ടു നടന്നു പ്രതികാരവഹ്നിയെ.
ഏകാകിയായ പോരാളി,മൃതിയൊടു
മൂകാനുരാഗം പുലർത്തിയിരുന്നുവോ?
ആത്മാഭിമാനം തിരിച്ചു പിടിക്കുവാൻ
ആത്മാവു തന്നെ ബലിയായ് കൊടുത്തുനീ.
(ഭാഗം-4)
ക്രൂരനാം “ഡയറി” നെ
കാലമെത്തിച്ചു മുന്നിൽ
നേരിടാൻ തയ്യാറുള്ള
പോരാളിയായ്നീനിന്നു.
ബുദ്ധിജീവികൾ മാത്ര-
,മെത്തിടുംയോഗത്തിലെ
മുഖ്യനാം പ്രഭാഷകനായ്
“ഡയറെ”ത്തിച്ചേർന്നു.
ഉദ്ധം സിംഗ് ഉത്സാഹത്തോ-
ടവിടെ പ്രവേശിച്ചു
ബുദ്ധിപൂർവമാ ദൗത്യം
ഭദ്രമായ് ചെയ്യാനായി.
വേദിയിൽ ഡയറുണ്ട് ,
പ്രസംഗം പൊടി പാറി.
ആദിനമൊടുക്കത്തേ-
തെന്നവനറിഞ്ഞില്ല.
ഒരു പുസ്തകത്തിന്റെ-
യുള്ളിലായ് വിദഗ്ധമായ്,
കരുതിയിരുന്ന കൈ-
ത്തോക്കുമായടുത്തുനീ.
വിറച്ചില്ലല്ലോനിന്റെ
കയ്യുകൾ,ചീറിപ്പായും
വെടിയുണ്ടയാൽ മൃത്യു
ദുഷ്ടനു സമ്മാനിച്ചു.
നിറവേറിനിൻ ദൗത്യം,
ഞങ്ങളിൽ മുളപൊട്ടി
വെറുതെ നഷ്ടപ്പെട്ട-
യാത്ഭാഭിമാനം, വീണ്ടും.
ഓടിനീയൊളിച്ചില്ല,
ധീരനായ് വിചാരണ
നേരിടാൻ തയ്യാറായ
നാടിന്റെ പ്രതിനിധി.
അറിയാം സഖാവേ, നീ
ജീവിതം മുഴുവനും
അടരാടിയതാർക്കു
വേണ്ടിയായിരുന്നെന്നു.
സ്വന്തമായ് നിനക്കില്ല
ജീവിതം, സഖാവിന്നു
ബന്ധുക്കൾ പാവപ്പെട്ട
ഞങ്ങളായിരുന്നല്ലോ.
നീതിപീഠത്തിൻ മുന്നിൽ
നീ ചെയ്ത പ്രസ്താവങ്ങൾ,,
ഭീതിയോടല്ലോ ബ്രിട്ടീഷ്
കോടതിമുറി കേട്ടു!
ഒടുവിൽ സാമ്രാജ്യത്വം
വിധിച്ച കൊലക്കയർ,
ഭയമില്ലാതെയേറ്റു
വാങ്ങിയ പോരാളി,നീ.
അറിയുന്നല്ലോഞങ്ങൾ
നാടിന്നു വേണ്ടി സ്വയം.
ബലിയായൊരു മഹാ-
ത്മാവു, നീ,സഹോദരാ!
അഭിവാദ്യങ്ങൾ,നിനക്കെപ്പോഴും, സഖാവേ,നീ-
യഭിമാനമായെന്നും ഞങ്ങളിൽ തെളിയണം.