രചന: അഡ്വ. കെ. സന്തോഷ് കുമാരൻ തമ്പി.
“അടങ്ങിയിരുന്നില്ലേൽ അപ്പൂപ്പന്റെ കൈയ്യീന്ന് തല്ലു മേടിക്കുമേ “
കുസൃതി കുറുമ്പനായ കൊച്ചു മകനെ ശാസിച്ചു കൊണ്ട് ചാരുകസേരയിൽ തെല്ലാലസ്യത്തിൽ അപ്പു നായർ കിടന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എത്തിപ്പിടിക്കേണ്ട സ്ഥാനത്തിനായി പയറ്റേണ്ട ചതുരംഗക്കളികളെക്കുറിച്ചും ഒപ്പം നിൽക്കുന്നവരുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമുളള കുതന്ത്രങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവൻ.
അപ്പു നായർ ചില്ലറക്കാരനല്ല.
കൗശലങ്ങളും തന്ത്രങ്ങളും കൊണ്ടു മാത്രം അധികാരത്തിന്റെ ഉത്തുംഗശ്യംഗങ്ങൾ ഓടിക്കയറിയ ധീരപോരാളിയാണ്.
പഠിപ്പിനത്ര പ്രാധാന്യം കൊടുക്കാതിരുന്നതു കൊണ്ടാണോ അതോ അതിനുള്ള ബുദ്ധി അല്പം കുറവായതു കൊണ്ടാണോ എന്നറിയില്ല രണ്ടായാലും അപ്പു നായർക്ക് പത്താം ക്ലാസ്സ് കടന്നു കൂടാനായില്ല.
അല്ലേലെന്തിനാ ഈ പത്താം ക്ലാസ്സൊക്കെ.
ഇതൊന്നുമില്ലാഞ്ഞിട്ട് സായിപ്പിന്റെ ഭാഷ മണി മണി പോലെ പറയുന്ന വല്യ പഠിപ്പും പത്രാസ്സുമുള്ള എത്രയെത്ര ഉദ്യോഗസ്ഥന്മാരെയാണെന്നറിയാമോ അദ്ദേഹം തന്റെ ചൊൽപ്പടിയ്ക്ക് നിർത്തിയിട്ടുള്ളത്.
പഠിപ്പുള്ള കേമന്മാർ മനസ്സിൽ കണ്ട പല കാര്യങ്ങളും അവർ ആലോചിച്ചു വരുന്നതിനു മുമ്പു തന്നെ ഗംഭീരമായി നടപ്പാക്കി ചരിത്രമുള്ള ആളാണ് അപ്പു നായർ.
വിദ്യാഭ്യാസത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അദ്ദേഹം അറിയാതെ പറഞ്ഞു പോകും
” വല്യ വിദ്യാഭ്യാസം മാത്രമുണ്ടായിട്ട് കാര്യമില്ല.
അനുഭവത്തിലൂടെയുള്ള അറിവു വേണമെടോ… അറിവ്.
നടപ്പാക്കാൻ ശേഷിയും അതിനുള്ള മനസ്സും വേണമെടോ…
ഓരോ അവന്മാര് എന്തെരെല്ലാമാണ് പറയുന്നത്.
അവരൊക്കെ എന്തെങ്കിലും ചെയ്തോ ? “
പ്രായാധിക്യം മൂലം മനസ്സും ശരീരവും പരസ്പരം ഒത്തുപോകാൻ വൈമനസ്യം കാണിക്കുന്നുണ്ടെങ്കിലും പതിവു ശൈലികൾക്ക് മാറ്റം വരുത്താൻ അപ്പു നായർ തയ്യാറായിരുന്നില്ല.
രാവിലെ എഴുന്നേറ്റ് പതിവു വ്യായാമം കഴിഞ്ഞ് കുളിച്ച് കുട്ടപ്പനായി ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കാനെത്തുമ്പോൾ അദ്ദേഹത്തെ കാണാൻ നാലഞ്ചു പേർ മുറ്റത്ത് ഉണ്ടായില്ലെങ്കിൽ അപ്പു നായർക്ക് ദേഷ്യവും സങ്കടവും വരും.
എപ്പോഴും കുറെ ആളുകൾ ചുറ്റിനും വളഞ്ഞു നിൽക്കണം.
ഇതൊക്കെയങ്ങു ശീലമായിപ്പോയതുകൊണ്ട് ആളും പേരുമില്ലാത്ത അവസ്ഥ ചിന്തിക്കാൻ പോലും നായർക്ക് കഴിയില്ല.
കൊടി വെച്ചതും വെക്കാത്തതുമായ കാറുകളിൽ റോഡായ റോഡുകളിലൂടെ എണ്ണമറ്റ യാത്രകൾ .
മാത്രമല്ല ട്രെയിനും പ്ലെയിനും എന്നു വേണ്ട അപ്പു നായർ അനുഭവിക്കാത്ത സുഖസൗകര്യങ്ങൾ ഒന്നും തന്നെയില്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ .
കഴിഞ്ഞ കുറെ കൊല്ലത്തിനിടയിൽ യുവതലമുറയിലെ ചില ഗുരുത്വംകെട്ടവന്മാർ തല പൊക്കിയതോടെയാണ് അപ്പു നായർക്ക് ക്ഷീണം കൂടിത്തുടങ്ങിയത്.
കൂടെ നിൽക്കുമെന്ന് കരുതി കൂട്ടത്തിൽ കൂട്ടി കിട്ടിയിടത്തൊക്കെ തിരുകിക്കേറ്റിയും കിട്ടാഞ്ഞതൊക്ക തട്ടിപ്പറിച്ചെടുത്ത് ഇവറ്റകൾക്ക് സ്ഥാനമുണ്ടാക്കിയും പാലും തേനും കൊടുത്തു വളർത്തിയവരൊക്കെ പറക്കമുറ്റിയപ്പോൾ തല വെട്ടാൻ ഇറങ്ങിയിരിക്കുന്നു.
അറത്ത കൈക്ക് ഉപ്പുതേക്കാത്തവന്മാര് ….
അങ്ങനെ പലതും ആലോചിച്ച് അപ്പുനായർ ചാരിക്കിടക്കുന്നതിനിടയിൽ മനസ്സെത്തുന്നിടത്ത് ശരീരം എത്താത്തതു കൊണ്ടാകാം പെട്ടെന്നയാൾ ഉറക്കത്തിലേയ്ക്ക് വീണു പോയി.
ടെലിഫോണിന്റെ നിലയ്ക്കാത്ത മണിയൊച്ച കേട്ടാണ് ഉറക്കത്തിൽ നിന്ന് അദ്ദേഹം ഞെട്ടിയുണർന്നത്.
അപ്പു നായരുടെ ശതാബ്ദി ആഘോഷത്തിന് എത്താൻ പറ്റാത്തതിന്റെ ആകുലത അറിയിക്കാൻ അദ്ദേഹത്തിന്റെ മകൻ അമേരിക്കയിൽ നിന്ന് വിളിച്ചതാണ്.
ചെവി പണിമുടക്കിത്തുടങ്ങിയതിനാൽ അപ്പുനായർ എന്തൊക്കെയോ കേട്ടതായി ഭാവിച്ച് തല കുലുക്കിക്കൊണ്ടിരുന്നു.
അടുക്കളയിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ദാക്ഷായണി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
” ഹെന്റെ മനുഷ്യേനേ ഇതിനെങ്കിലും അവനോടൊന്ന് വരാൻ പറ .
ഇനി അതും പറ്റൂല്ലെന്നു വെച്ചാൽ അവിടെത്തന്നങ്ങ് പൊറുത്തോളാൻ പറ .
അല്ലേലും ആർക്കുവേണം നമ്മളെ .
വയസ്സായ കാര്യം നിങ്ങളു മാത്രമല്ല പിള്ളേരും മറന്നു “
ദാക്ഷായണിയുടെ പറച്ചിലൊക്കെ അപ്പു നായർക്ക് വെടി വെച്ചാൽ പുക പോലെയായിരുന്നു.
അപ്പോഴും അദ്ദേഹത്തിന്റെ ചിന്ത തങ്ങിനിന്നത് പാർട്ടിയിൽ പുതിയ സ്ഥാനത്തിനായി പയറ്റേണ്ട ചതുരംഗക്കളിയെക്കുറിച്ചായിരുന്നു.
അഞ്ചു വയസ്സുകാരൻ ഒന്നിനും ചെവി കൊടുക്കാതെ അവന്റെ കുസ്യതികൾ തുടർന്നു കൊണ്ടേയിരുന്നു.
അപ്പുനായർ തന്റെ പതിവു ശൈലിയിൽ വീണ്ടും പറഞ്ഞു.
” അടങ്ങിയിരുന്നില്ലേൽ അപ്പുപ്പന്റെ കൈയ്യീന്ന് തല്ലു മേടിക്കുമേ ? “