പള്ളിയിൽ മണികണ്ഠൻ*
ദു:ഖങ്ങളും മോഹങ്ങളു‐
മിടനെഞ്ചിൽ പകുത്തുകെട്ടി
പഥികൻ ഞാനൊരു പ്രദോഷകാല‐
ത്തൂഷരഭൂമിയിലൂടെ ചരിക്കവേ….
മമമോഹവിത്തുകൾ
കൈവിട്ടു ഞാനാ‐
തമസ്സിലും ജ്വലിക്കുമൂഷരഭൂമിയിൽ.
തളിർക്കും ബാല്യം
പുഴുകാർന്നയിതളുപോൽ,
ജ്വലിക്കും കൗമാരം
നരപടർന്നളകങ്ങൾപോൽ,
വിധിച്ചൊരീ ജീവിതഭാരവുംപേറി‐
യിനിയെത്രനാൾ,
ഇനിയെന്തെൻ ദിനങ്ങൾ
നിനച്ചുഞാൻ നിൽക്കവേ……
ത്യജിച്ചു ഞാനാ‐
വന്ധ്യയാം ഭൂമിയിൽ‐ശേഷിച്ച‐
ദുരിതജീവിത ദു:ഖത്തിൻ വിത്തുകൾ.
മൃത്യുവിന്നിരുളാർന്ന‐
കരാളഹസ്തങ്ങൾ‐മുന്നിലെ‐
ഗർത്തത്തിൻ മുനമ്പിൽനിന്നെന്നെ
ചാരേക്കു ക്ഷണിക്കുന്നു.
“മടിച്ചുനിൽക്കുന്നുവോ മർത്യാ നിനക്കീ‐
ജീവിതവാടിയിലശാന്തിയേ പൂവിടൂ.”
‘ചിരിച്ചു’ ഗർത്തത്തിൻ
മുനമ്പിൽ നിന്നൊരാ
കറുത്ത ജന്മത്തിൻ ജൽപ്പനങ്ങൾ
മിഴിച്ചുകേട്ടുഞാനടുത്തുചെന്നുടൻ
പുണർന്നിടാൻ മനം
തുടിച്ചുതുള്ളവേ
കഴിഞ്ഞുപോയൊരെൻ
കറുത്തനാളുകൾ
സ്മരിച്ചു വീണ്ടും ഞാൻ,
നിറഞ്ഞു കൺതടം.
ജ്വരം പടർന്നൊരെൻ
ദിനങ്ങളാഴിതൻ
തമസ്സിലാഴ്ത്തി ഞാൻ
ശയിക്കാനൊരുങ്ങവേ,
നിറഞ്ഞ കണ്ണിൽനിന്നടർന്ന കണ്ണുനീർ
ഞാൻ വെടിഞ്ഞ മോഹ‐
ദു:ഖത്തിൻ വിത്തിൽ വീണുപോയ്.
ചൊടിച്ചുവോ ഭൂമി.?
ഞാൻ വെടിഞ്ഞ വിത്തുകൾ
വലിച്ചുതാഴ്ത്തിയാ‐
നനഞ്ഞ പൂഴിയിൽ.
പ്രജ്ഞതയറ്റൊരെൻ‐
മുൻപിൽ കിനാവുപോൽ‐
സത്വരം രണ്ടു വൃക്ഷങ്ങളുണ്ടായ് വന്നു.!
“ആഴിയേപൂകിയാലാത്മാവിൻ നൊമ്പരം
മാറുമോ മർത്യാ തിരിച്ചുപോയീടുക.”
മോഹവൃക്ഷത്തിന്റെ സാന്ത്വനവാക്കുകേ‐
ട്ടൊട്ടുനേരത്തേക്കു ചിന്തിച്ചു നിന്നുഞാൻ.
“സൗഭാഗ്യപുഷ്പങ്ങൾ വിടരുകില്ലീ പുഷ്പ‐
വനികയിൽ, നീയെത്ര കാത്തുനിന്നീടിലും.
ചിന്തിച്ചിടാതെ നീയാഴിയെ പുണരുകെ”‐
ന്നലറുന്നു ശ്യാമവൃക്ഷത്തിന്റെ ചില്ലകൾ.
ചിന്തകൾക്കാകെ ചെതുമ്പൽ പടർന്നു ഞാ‐
നിണ്ടലാൽ ഗർത്തത്തെയൊന്നു ദർശിച്ചതും
ഭയം പടർന്നെന്റെ മനമുലഞ്ഞു‐ഞാൻ‐
വിറച്ച കാലുമായ് തിരിഞ്ഞുനിൽക്കവേ,
ദുഷിച്ചു നിൽക്കുമാ കറുത്ത ജീവിതം
‘ചിരിച്ചു’കൊണ്ടെന്നെ വീണ്ടും
തുറിച്ചുനോക്കുന്നു.