ജി.രാജശേഖരൻ*
തൽക്ഷണമെത്താൻ
തയ്യാറുള്ളൊരതിഥി
ക്ഷണനേരദൂരത്തു കാത്തിരിപ്പുണ്ട്.
വിളിക്കുകിൽ കേൾക്കും
മുമ്പെത്തുമതിഥി,
വിളക്കിൽ പുത്തൻ
തിരികൾ കൊളുത്തീടും.
പൂർണ്ണപ്രകാശം പതിയാത്ത
ലൗകികാലൗകിക
പ്രതലങ്ങൾ കാണുമാറാകും!
എങ്ങും പുഞ്ചിരി പൂക്കും
നിത്യവസന്തം.
തേങ്ങലിൻ നേർത്തൊരു
സ്വരമെങ്ങുമില്ല.
ശാന്തിതൻ മൗന
മഹാസമുദ്രങ്ങളിൽ
മുക്തിതൻ സ്വർഗ്ഗീയ
താളലയ സ്വസ്തി!
വിശപ്പും വിഷാദവും കാമം ദാഹവും
വിരക്തിയും തൃപ്തിയും
ജഡസംജ്ഞകൾ!
അറിയാൻ വൈകും
ലൗകികസത്യമിതു,
അറിവിൻ യന്ത്രം
അതിമന്ദം ചലിപ്പൂ.
അതിനാലനുഭവിപ്പൂവതിദുഃഖം
ആദ്യാവസാനമീ ജന്മം
മനുഷ്യന്മാർ!
മുൻപിന്നറിയാത്തൊരജ്ഞാതകാലത്തി –
നിടയിൽ,
ബിന്ദുപോലോരോരോ ജന്മവും.
ഇനിയെത്രയെത്ര കണക്കറ്റ ജന്മം
ഈ പ്രപഞ്ചത്തിനന്ത്യമില്ലെങ്കിലുണ്ടാം!
അനല്പാഹ്ലാദസമസ്യയീ ജീവിതം
നല്ലൊരു ഹാസ്യമായാസ്വദിച്ചീടുകിൽ
ചിരിച്ചും കളിച്ചും രസിച്ചും തിമിർക്കാം
ഓരോ ജന്മവുമനാകുലചിത്തരായ്.