വാസുദേവൻ കെ വി

“നിന്റെ ഊഷര മൗനമുടക്കാൻ
എന്റെ കാമപ്പശുക്കളെ
യാഗാഗ്നിയിൽ ഹോമിക്കാം”
(ഉന്മാദം-ഇടക്കുളങ്ങര ഗോപൻ )
മാധ്യമങ്ങളിൽ ചൂടൻ ചർച്ചയാവുന്ന പ്രണയ ജിഹാദ്.
സാമ്പത്തികദാഹത്താൽ കെണി കൂടുമായെത്തുന്നവനെ കാത്തിരിപ്പിലാണോ നമ്മുടെ പെൺകുട്ടികൾ?
പ്രഥമ ദർശനത്തിൽ തന്നെ അനുരാഗവിവശയാവാൻ അത്രയ്ക്ക് ലോലമനസ്ക്കരോ നമ്മുടെ കണ്മണികൾ.?
കുടുംബ അകത്തളങ്ങളിൽ മിണ്ടാനും പറയാനും തുണിയാതെ, മക്കളുടെ കണ്ണിലെ വികാരങ്ങൾ ശ്രദ്ധിക്കാൻ തുനിയാതെ ഫോണിന്റെ സ്‌ക്രീനിൽ കണ്ണും നട്ടിരിക്കുന്ന നമ്മൾ രക്ഷിതാക്കളല്ലേ ഒന്നാം പ്രതി? നവമാധ്യമ സാധ്യതകൾ ഉപയോഗിച്ച് ഇതരബന്ധങ്ങൾ തേടുന്ന രക്ഷിതാക്കൾ. അവർ കരുതുന്നത്, ചെയ്തുകൂട്ടുന്നത് ‘മാർജ്ജാര ക്ഷീരപാനം’ കണക്കെ. മക്കൾ നമ്മളെക്കാൾ മിടുമിടുക്കർ. അവർക്ക് പെഗാസസ് സഹായമൊന്നും വേണ്ടാ നമ്മുടെ ഫോൺ വിളയാട്ടം കണ്ടുപിടിക്കാൻ.
മക്കളുടെ വളർച്ച, മാനസിക വ്യതിയാനങ്ങൾ എന്നിവ സാകൂതം വീക്ഷിക്കാനാവണം നമുക്ക്.
അവരിൽ ഹോർമോൺ ചെലുത്തുന്ന കർമ്മം ഇണയെ തേടൽ. അപ്പോൾ നമ്മൾ അവർക്കൊപ്പം ഉണ്ടാവേണ്ടതുണ്ട്. രക്ഷിതാക്കളുടെ കരുതലും, സഹോദരങ്ങളുടെ സ്നേഹവും മറികടന്ന് ക്ഷണിക പ്രണയങ്ങൾ തേടാൻ മുതിരരുത് അവർ.
പവിത്രമാണ് പ്രണയം എന്നത് നമ്മളവരെ പഠിപ്പിക്കേണ്ടതുണ്ട്. അണികളുടെ എണ്ണം പെരുപ്പിക്കാനിറങ്ങുന്ന പ്രസ്ഥാനങ്ങളെ മാത്രം പഴിച്ചിട്ടെന്ത് പ്രയോജനം !!
പ്രണയിക്കട്ടെ നമ്മുടെ കൺമണികൾ..
ആസ്വദിക്കട്ടെ പ്രണയമവർ.
കതിരും പതിരും തിരിച്ചറിഞ്ഞുകൊണ്ട്.
നമ്മുടെ കൺവെട്ടത്ത്.
വോട്ട് ലാക്കാക്കി ഉദാത്ത നിഷേധമൊഴികൾ പൊഴിച്ച് പുരോഗമനകുപ്പായം എടുത്തണിയാൻ തുനിയുന്നവർ പുലമ്പട്ടെ. നാമതൊക്കെ അവഗണിക്കുക. ചെളിക്കുണ്ടിൽ ആഴരുത് നമ്മുടെ പെണ്മണികൾ.

By ivayana