ഉഷാ റോയ്🔸
ആറാം ക്ലാസ്സിൽ ,നടുവിലത്തെ ബെഞ്ചിൽ ഇരിക്കുന്ന രവികുമാർ
തിരിഞ്ഞിരുന്ന് പിറകിലെ ബെഞ്ചിലിരിക്കുന്ന വാസുദേവനോട് വർത്തമാനം പറയുകയാണ്. രണ്ടു പീരിയഡ് പഠിപ്പിക്കാൻ ആരും വന്നില്ല… പിന്നെന്തുചെയ്യാൻ…
രവികുമാർ ഒരു മഹാരഹസ്യം പറയാൻ എന്നവണ്ണം പെട്ടെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു …”വാസുവേ…..എന്റെ അപ്പൂപ്പന് ഒരു തോക്കുണ്ട്…” വാസുവിന്റെ മുഖത്ത് ഒരു പരിഹാസച്ചിരി പരന്നു.. ” ഉണ്ടയില്ലാ തോക്ക് ആയിരിക്കും… “… ഉരുളയ്ക്കുപ്പേരി പോലെ
അവൻ തിരിച്ചടിച്ചു.” അല്ലെടാ… ശരിക്കും ഉണ്ട് “
രവി പിന്നെയും പറഞ്ഞു.
വാസു ആലോചിച്ചു. രവിയുടെ അപ്പൂപ്പൻ നാട്ടിലെ പ്രമാണിയാണ്… വലിയ വീടും നിലങ്ങളും സ്വന്തമായുണ്ട്… മക്കളും കൊച്ചുമക്കളും നല്ല രീതിയിലാണ്… ഇനി ചിലപ്പോൾ ഉണ്ടായിരിക്കും. എന്നാലും വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ… ” ഞാൻ വിശ്വസിക്കൂല… അല്ലേൽ തോക്ക് കാണിച്ചു തരണം..”…. വാസു പറഞ്ഞു. ” ശരി… നാളെ ഉച്ചക്ക് എന്റെ കൂടെ തറവാട്ടിലേക്ക് വരൂ.. ” രവി ക്ഷണിച്ചു.
രവിയുടെ അച്ഛന്റെ തറവാട് വീട് സ്കൂളിന്റെ അടുത്താണ്. പിറ്റേന്ന് അവർ ഒന്നിച്ച്
വീട്ടിലെത്തി. രവിയുടെ അച്ഛമ്മ സ്നേഹത്തോടെ രണ്ടാൾക്കും ഭക്ഷണം വിളമ്പി.
കഴിച്ചശേഷം രവി, വാസുവിനെ കൂട്ടി അപ്പൂപ്പന്റെ ഇരിപ്പുമുറിയിലേക്ക് പോയി. അപ്പൂപ്പൻ പുറത്തുപോയിരിക്കുകയാണ്. അവിടെ ഭിത്തിയിൽ, ഒരു സ്റ്റാന്റിൽ കലാപരമായി ഒരു തോക്ക് വച്ചിരിക്കുന്നു… വാസു വായ് തുറന്നു നിന്നു… അവന് ഏതാണ്ടൊക്കെ വിശ്വാസമായി…
എന്നാലും വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ… “എടാ… വെടി വയ്ക്കാൻ അപ്പൂപ്പന് അറിയാമോ…” അവൻ അടുത്ത ചോദ്യം തൊടുത്തു.
അങ്ങനെ ഒരു ചോദ്യം രവി പ്രതീക്ഷിച്ചില്ല. രവിയുടെ അപ്പൂപ്പന് തോക്കുണ്ട്… എന്നാൽ വെടി വയ്ക്കാൻ അറിയില്ല എന്ന പരമസത്യം അവൻ വെളിപ്പെടുത്തിയില്ല…അപ്പൂപ്പനെ വെടിവയ്ക്കാൻ പഠിപ്പിക്കാനായി പലവട്ടം വിദഗ്ദ്ധന്മാർ വന്നതും, നാരകച്ചെടിയിൽ കോർത്തിട്ട പാളയുടെ നടുക്ക് , കരികൊണ്ടു വരച്ച വൃത്തത്തിനുള്ളിൽ വെടി വയ്ക്കാൻ അപ്പൂപ്പൻ പലവട്ടം കിണഞ്ഞു ശ്രമിച്ചതും, അപ്പൂപ്പന്റെ കൈകൾ കിലുകിലാ വിറച്ചതും,
അവസാനത്തെ വെടി ഉന്നം തെറ്റി, കന്നി കായ്ച്ച
ചെന്തെങ്ങിന്റെ വമ്പൻ ഇളനീർക്കുല അപ്പാടെ താഴെ വീഴിച്ചതും, എല്ലാം… എല്ലാം… രവി ഉൾപ്പെടെയുള്ള കൊച്ചുമക്കൾ നെഞ്ചിടിപ്പോടെ
കണ്ടതാണ്… ചമ്മൽ മാറ്റാൻ എല്ലാവർക്കും അപ്പൂപ്പൻ ഇളനീർ ചെത്തിക്കൊടുപ്പിച്ചു. രവിയുടെ ചിന്തയിലൂടെ എല്ലാം ഒരു മിന്നായം പോലെ കടന്നുപോയി…
” ബെല്ലടിക്കാനായി… നമുക്ക് പോകാം..” വാസുവിന്റെ സംശയത്തിന് മറുപടി പറയാതെ രവി അച്ഛമ്മയോട് യാത്ര പറയാനായി അകത്തേക്ക് ഓടി. സ്കൂളിലേക്ക് നടക്കുമ്പോൾ
വാസുദേവൻ ഒന്നും ചോദിച്ചില്ല എങ്കിലും ഒരു സംശയം അവന്റെ മുഖത്ത് ബാക്കി നിൽക്കുന്നു എന്ന് രവികുമാറിന് തോന്നി.