കവിത : എൻ. അജിത് വട്ടപ്പാറ

ഓർമ്മകളായ് , സ്നേഹ രാഗമാം ചില്ലകൾ
മോഹങ്ങളായെൻ രാഗതാളങ്ങളും ,
സിന്ദൂര സന്ധ്യയിൽ മിന്നാമിനുങ്ങായ്
എന്നും ജ്വലിക്കും പ്രകാശതന്തുക്കളും .
കാറ്റിൻ കയങ്ങളിലാടിതിമിർക്കുന്ന
വൃക്ഷലതാതിതൻ യജ്ഞ പ്രദർശ്ശനം,
ചന്ദ്രിക ചാലിച്ച വെണ്ണിലാവിൻ മാറിൽ
ചാഞ്ചാടിയാടുന്നു ആത്മ പ്രതീകമായ് .
അദ്വൈത സംഗീത രാഗ തലങ്ങളിൽ
സരിഗമ സംഗീതം പാടും കുയിലുകൾ ,
ഭരതനാട്യത്തിൻ ഉത്കൃഷ്ട നാട്യങ്ങൾ
നർത്തകിയായ് മയിൽ വർണ്ണ പ്രതികമായ്
ദിഗ് വിജയത്തിന്റെയാനന്ദ ലഹരികൾ
പ്രളയമൊരുക്കുന്നു ദല്ലാളിൻ സാമീപ്യം
ഓരോരോ ജന്മവും ജന്മത്തിൻ കർമ്മത്താൽ
ആശയമറിയാതെ ഉഴറുന്ന മൺപാവ .
പ്രണയസാമ്രാജ്യത്തിൻ സൗഹാർദതീരത്തിൽ
നിരർത്ഥമാം ജന്മത്തിൻ കൂരിരുൾ മാനസം ,
നഗ്നമാം സ്വാർത്ഥ പരിവർത്തനങ്ങളിൽ
മനുഷ്യനായ് മാറുവാൻ ആശയമാക്കുക.

By ivayana