കവിത : ഷാജു. കെ. കടമേരി*

പുതുവസന്തം
എത്ര മനോഹരമായാണ്
ഒരു കുടക്കീഴിൽ
സൗരഭ്യം നിവർത്തി
സ്നേഹത്തിന്റെ കടലാഴങ്ങളിൽ
കെട്ടിപ്പിടിച്ച് തഴുകുന്ന
കൈകളാൽ തണലേകുന്നവരെ
സുവർണ്ണ നിമിഷങ്ങളാൽ
മനസ്സിൽ അടയാളപ്പെടുത്തുക.
നമ്മൾക്കിടയിൽ ഒരാൾ
അടയാളപ്പെടുത്തപ്പെടുമ്പോൾ
അയാൾ നമ്മളിലേക്ക്
വലിച്ചെറിയുന്ന
സ്നേഹ കുളിർമഴക്കൂട്ടിനുള്ളിൽ
ജാതിമത അതിർവരമ്പുകൾ
ലംഘിച്ചൊഴുകുന്ന
തുടുതുടെ പെയ്ത്തിൽ
മുങ്ങി നിവരുമ്പോൾ
നമ്മളെ ചേർത്ത് പിടിച്ച്
ചുറ്റിവരിയുന്ന ഉൾതുടിപ്പിൽ
നെഞ്ചിൽ അവരെഴുതിവയ്ക്കുന്ന
വരികളിൽ
ലോകത്തെ മുഴുവൻ
അടുക്കിപ്പിടിച്ച്
അസമത്വങ്ങളെ
കടപുഴക്കിയെറിയുവാൻ
പടർന്നിറങ്ങുന്ന
ചെറുതുടുപ്പുകൾക്കിടയിൽ
വെന്തുരുകുമ്പോൾ
ഷഫീക്ക് … എന്നെയും നിന്നെയും
സൃഷ്ടിച്ചത് ഒരേ ദൈവം
എന്നിട്ടും , നമ്മൾക്കിടയിൽ
വേലികെട്ടി, കരിവിഷമൂതി
കൊടുങ്കാറ്റ് ചൂടിക്കാൻ
കണ്ണ് കോർത്തിരിക്കുന്ന
ചില കഴുതജന്മങ്ങൾ
വരയ്ക്കുന്ന
ചോരചിന്തകൾക്ക് നടുവിൽ
വിയർത്ത് വിങ്ങി പിളരുമ്പോൾ.
മുറിവുകളുടെ അഗ്നിവസന്തം
ചൂടിനിൽക്കുന്ന
പുതിയ കാലത്തിന്റെ
ചങ്കിടിപ്പുകളിൽ
മതിൽകെട്ടുകൾ അടിച്ച്തകർത്ത്
അനീതികളെ വെട്ടിപ്പിളർന്ന്
ഒരുമയുടെ വസന്തം വരയ്ക്കുന്ന
പുതുവെട്ടം ചൂടിക്കാൻ
ഒന്നിച്ചണിനിരക്കട്ടെ വാക്കുകൾ
ഇന്നിന്റെ രാക്ഷസ ചിന്തകളെ
നെടുകെ പിളർന്ന്
ഖുർആനും , ബൈബിളും
ഭഗവത്ഗീതയും
നെഞ്ചേറ്റിയ ആൾക്കൂട്ടം
തെരുവിൽ കൈകോർത്ത്
കെട്ടിപ്പിടിച്ചൊരു
പുതുവസന്തം കൊയ്യാൻ
പ്രതീക്ഷയുടെ കുതിപ്പിലേക്ക്
പടർന്നിറങ്ങട്ടെ….

By ivayana